ADVERTISEMENT

ഹരിപ്പാട്  ∙ ജീവിതത്തിൽ സ്വാശ്രയത്വം അറിഞ്ഞിട്ടില്ല, കാലുകൾക്കു ജന്മനാ സ്വാധീനമില്ലാത്ത ഹർഷ. കാൻസർ ബാധിതയായ അമ്മ അഞ്ചു വർഷം മുൻപ് മരിച്ചു. ഒരാഴ്ച മുൻപ് അച്ഛനും. എട്ടാം ക്ലാസിൽ പഠിക്കുന്ന അനുജത്തി ആർദ്രയ്ക്ക് ഇനി ആശ്രയം 23 വയസ്സുള്ള ഹർഷ മാത്രം. കരയാനാവില്ല; അനുജത്തിയുടെ കണ്ണീർ തുടയ്ക്കണം.അമ്മ സലില മരിച്ചപ്പോൾ താങ്ങാൻ അച്്ഛനുണ്ടായിരുന്നു. ഒരാഴ്ച മുൻപ് വിമൽ കുമാർ ഹൃദ്രോഗബാധയെത്തുടർന്നു മരിച്ചതോടെ ഈ പെൺകുട്ടികളുടെ ജീവിതം വഴിമുട്ടി.

ജനനം മുതൽ നേരിടുന്ന പ്രയാസങ്ങൾ കഷ്ടപ്പെട്ട് മറികടക്കാൻ ശ്രമിക്കുകയായിരുന്നു കുമാരപുരം താമല്ലാക്കൽ കാട്ടിൽ മാർക്കറ്റ് തൈച്ചിറയിൽ ഹർഷ. സ്വന്തം കാര്യങ്ങൾക്കു പോലും ത്രാണിയില്ലാത്ത അവൾ ഇനി ആർദ്രയുടെ രക്ഷിതാവു കൂടിയാണ്.ചക്രക്കസേരയിലാണു ഹർഷയുടെ ജീവിതം. ബികോം വരെ പഠിച്ചിട്ടുണ്ട്. ഒരു ജോലി നേടണം, ആർദ്രയെ പഠിപ്പിക്കണം – സ്വപ്നവും ലക്ഷ്യവും അതാണ്. ആർദ്ര കരുവാറ്റ എൻഎസ്എസ് ഹൈസ്കൂളിലാണു പഠിക്കുന്നത്.പരിമിതികളെ മറികടക്കാൻ ഹർഷയെ പഠിപ്പിച്ചത് അമ്മയാണ്. സ്വന്തം കാര്യങ്ങളെല്ലാം ചെയ്യാൻ സലില മകളെ പരിശീലിപ്പിച്ചു. നിഴൽ പോലെ കൂടെയുണ്ടായിരുന്ന അമ്മയുടെ മരണം വലിയ ആഘാതമായി.

വിദേശത്തു ചെറിയ ജോലിയുണ്ടായിരുന്ന വിമൽ കുമാർ നാട്ടിലെത്തിയത് അതോടെയാണ്. സലിലയുടെ ചികിത്സച്ചെലവും മറ്റു ബാധ്യതകളും മൂലം കുടുംബം പ്രയാസത്തിലായിരുന്നു. നാട്ടിൽ പെയ്ന്റിങ് ജോലിയായിരുന്നു വിമൽ കുമാറിന്. കുട്ടികൾക്കു ട്യൂഷനെടുത്ത് മകൾ അച്ഛനെ സഹായിച്ചു.ചക്രക്കസേര കൈകൊണ്ട് ഉന്തിനീക്കാൻ പോലും ഹർഷ അശക്തയായപ്പോൾ ഹരിപ്പാട് ജനമൈത്രി പൊലീസ് ഇലക്ട്രിക് വീൽചെയർ നൽകിയത് വലിയ സഹായമായി. അധികനേരം ഇരിക്കാൻ കഴിയാത്ത വിധം ആരോഗ്യ പ്രശ്നങ്ങൾ വന്നതോടെ ട്യൂഷനെടുക്കൽ ഹർഷ നിർത്തിയിരുന്നു. നല്ല മനസ്സുകളുടെ പിന്തുണയുണ്ടെങ്കിൽ ഹർഷ കാലുകളുടെ തളർച്ച അറിയില്ല. ആർദ്രയെ അവൾ ചേർത്തു പിടിക്കും. ജീവിതത്തിലേക്കു നടന്നു കയറും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com