വരുന്നു, ‘ചെസ് ഹൗസ്ബോട്ട്’; മത്സരത്തിനൊരുങ്ങി ആലപ്പുഴ
Mail This Article
ആലപ്പുഴ ∙ ഓറിയന്റ് ചെസ് മൂവ്മെന്റ് സംഘടിപ്പിക്കുന്ന രാജ്യാന്തര ടൂറിസം പരിപാടിയുടെ ഭാഗമായ ‘ചെസ് ഹൗസ്ബോട്ട്’ മത്സരത്തിനൊരുങ്ങി ആലപ്പുഴ. 23, 24 തീയതികളിൽ വേമ്പനാട്ടുകായലിൽ ഒഴുകുന്ന ഹൗസ്ബോട്ടിലാണ് ആദ്യ 4 റൗണ്ട് മത്സരം. 23നു രാവിലെ 11ന് കലക്ടർ വി.ആർ.കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും.മത്സരിക്കുന്ന 40 താരങ്ങളിൽ 20 പേർ വിദേശികളാണ്. 24നു സംഘം കുമരകത്തെത്തി അവിടെനിന്നു തേക്കടിയിലേക്കു പോകും. 25നു ലേക്ക് പാലസിന്റെ മുറ്റത്ത് അഞ്ചും ആറും റൗണ്ട് മത്സരങ്ങൾ കളിക്കും. വൈകിട്ട് ആനസവാരി.26നു രാവിലെ കുമരകം വാട്ടർ സ്കേപ്സിലേക്ക് യാത്ര. അന്നു വൈകിട്ട് ബാക്കി 2 മത്സരങ്ങൾ.
27നു ബോൾഗാട്ടിയിലേക്ക്. ഉച്ചയ്ക്ക് 2ന് ബോൾഗാട്ടി പാലസിന്റെ കായലോരത്തെ പുൽത്തകിടിയിൽ രാജ്യാന്തര മിന്നൽ ചെസ് മത്സരം.വൈകിട്ട് മുൻ മന്ത്രി വി.എസ്.സുനിൽകുമാർ സമ്മാനങ്ങൾ വിതരണം ചെയ്യും. തുടർന്ന് കലാവിരുന്ന്. ചെക് റിപ്പബ്ലിക്കിലെ പ്രാഗിലെ ‘ചെസ് ട്രെയിൻ’ ആണ് ചെസ് ഹൗസ്ബോട്ടിനു പ്രചോദനമായതെന്ന് ചീഫ് ഓർഗനൈസർ പ്രഫ. എൻ.ആർ.അനിൽകുമാർ, ട്രഷറർ ജോജു മേലയിൽ തരകൻ എന്നിവർ പറഞ്ഞു. ചെസ് ട്രെയിൻ മുഖ്യ സംഘാടകൻ പാവൽ മറ്റോച്ച ചെസ് ഹൗസ്ബോട്ടിൽ പങ്കെടുക്കും. കേരള ടൂറിസം വകുപ്പിന്റെയും കെടിഡിസിയുടെയും സഹകരണത്തോടെയാണു പരിപാടി.