അപ്പർകുട്ടനാട്ടിൽ വരിനെല്ല് ശല്യം രൂക്ഷം; കർഷകർ പ്രതിസന്ധിയിൽ
Mail This Article
മാന്നാർ ∙ വരിനെല്ല്, കോരപ്പുല്ല് ശല്യവും അപ്പർകുട്ടനാടൻ പാടശേഖരങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ഇതോടെ കൊയ്ത്തിനു 20 ദിവസം ശേഷിക്കെ കർഷകർ പ്രതിസന്ധിയിലായി. മിക്ക പാടശേഖരങ്ങളിലും 100 ദിവസത്തിനു മുകളിലായ നെല്ലാണ് വരിനെല്ലു ശല്യത്തിലായത്. കതിരിട്ട്, നെല്ലുമണിയുടെ ചുണ്ടു പഴുത്തു തുടങ്ങി.
ഇനിയും 20 ദിവസത്തിനു ശേഷം കൊയ്യാവുന്ന വിധത്തിലാണ് ഓരോ പാടശേഖരവും. എന്നാൽ നെല്ല് ഏത്, വരിനെല്ലേത് എന്നു തിരിച്ചറിയാൻ കർഷകൻ പാടുപെടുകയാണ്. കൃഷിനാശത്തിനും വരിനെല്ലു വീണുണ്ടായ നഷ്ടത്തിനും ഇൻഷുറൻസ് ഉണ്ടായിട്ടും നഷ്ടപരിഹാരം ഒന്നും ലഭിച്ചിട്ടില്ല. ഏക്കറിന് അര ലക്ഷം രൂപയിലധികം ചെലവഴിച്ചതിനാൽ കടക്കെണിയിലാണ് ചെന്നിത്തല, മാന്നാർ മേഖലയിലെ ഒട്ടുമിക്ക കർഷകരും. കൃഷി വകുപ്പിൽ നിന്ന് ആവശ്യമായ സാമ്പത്തിക സഹായമോ നിർദേശങ്ങളോ ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.