കാപികോ റിസോർട്ട്, പ്രദേശം പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ നടപടിയെന്നു മുന്നറിയിപ്പ്: സുപ്രീംകോടതി പറഞ്ഞസമയത്ത് പൊളിച്ചുതീരില്ലെന്നു സൂചന

പാണാവള്ളി കാപികോ റിസോർട്ട് പൊളിക്കൽ നടപടികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറി വി.പി. ജോയി എത്തിയപ്പോൾ. കലക്ടർ ഹരിത വി. കുമാർ, സബ് കലക്ടർ സൂരജ് ഷാജി, തഹസിൽദാർ കെ.ആർ. മനോജ് തുടങ്ങിയവർ സമീപം
SHARE

പൂച്ചാക്കൽ ∙ പാണാവള്ളി കാപികോ റിസോർട്ട് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്ന 28ന് മുൻപ് പൊളിച്ചുതീരില്ലെന്നു സൂചന. 28ന് മുൻപ് പ്രദേശം പൂർവസ്ഥിതിയിലാക്കയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.  റിസോർട്ടിന്റെ പ്രധാന കെട്ടിടമാണ് ഇനി പൊളിച്ചുമാറ്റാനുള്ളത്. മറ്റു നിർമിതികൾ പൂർണമായി പൊളിച്ചെങ്കിലും കൂടുതൽ ഉറപ്പുള്ള പ്രധാന കെട്ടിടം പ്രതീക്ഷിച്ച വേഗത്തിൽ പൊളിക്കാൻ കഴിഞ്ഞില്ല. ഇത് കോടതിയെ അറിയിക്കാനാണ് അധികൃതരുടെ നീക്കം.

സുപ്രീംകോടതി പറഞ്ഞ തീയതിക്കു മുൻപായി കെട്ടിടങ്ങൾ ഉപയോഗശൂന്യമാക്കാനാണ് ഇപ്പോഴത്തെ ശ്രമം. പ്രധാന കെട്ടിട മേൽക്കൂരയിൽ ആറോളം ഗോപുരങ്ങളുണ്ട്. ഇതിൽ പരമാവധി ഗോപുരങ്ങൾ 28ന് മുൻപ് പൊളിക്കും. രാത്രിയും പകലും പൊളിക്കൽ നടക്കുന്നുണ്ട്. അതിനിടെ പൊളിക്കൽ നടപടികൾ ചീഫ് സെക്രട്ടറി വി.പി.ജോയി പരിശോധിച്ചു.

ഇന്നലെ രാത്രി ഏഴോടെ എത്തിയ ചീഫ് സെക്രട്ടറി ഒരു മണിക്കൂർ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് മടങ്ങിയത്. കലക്ടർ ഹരിത വി. കുമാർ, സബ് കലക്ടർ സൂരജ് ഷാജി, തഹസിൽദാർ കെ.ആർ. മനോജ്, പാണാവള്ളി പഞ്ചായത്ത് ജനപ്രതിനിധികളും പഞ്ചായത്ത് – റവന്യു ഉദ്യോഗസ്ഥരും പൊലീസും ഒപ്പമുണ്ടായിരുന്നു. കലക്ടർ ഇന്നലെ രാവിലെയും വെള്ളിയാഴ്ച വൈകിട്ടും റിസോർട്ടിലെത്തി പരിശോധന നടത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA