ചാരുംമൂട് ജംക്‌ഷനിൽ ബേക്കറിക്ക് തീപിടിച്ചു; അഗ്നിരക്ഷാസേന എത്താൻ വൈകി, തീയണച്ചത് കുപ്പിവെള്ളം ഉപയോഗിച്ച്
Mail This Article
ചാരുംമൂട്∙ ചാരുംമൂട് ജംക്‌ഷന് കിഴക്ക് മാർക്കറ്റിന് സമീപം ബേക്കറിക്ക് തീപിടിച്ചു. 30ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. നൈസ് ബേക്കറി ആൻഡ് റസ്റ്ററൻറിനാണ് ഇന്നലെ വൈകിട്ട് മൂന്നരയോടെ തീപിടിത്തമുണ്ടായത്. ഷവായ് ഉണ്ടാക്കുന്ന മിഷനിൽ നിന്നും തീ മുകളിലേക്ക് വന്ന് എസിപി ഷീറ്റിൽ പിടിക്കുകയായിരുന്നു. റബർ ചേരുവയുള്ള ഷീറ്റ് ഈ സമയം ആളിക്കത്തുകയായിരുന്നു.
സംഭവസമയം തന്നെ ഗ്ലാസുകൾ പൊട്ടിത്തെറിച്ചു. ഈ സമയം ഇതിനുള്ളിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ വലിച്ചെടുത്ത് റോഡിലേക്കെറിഞ്ഞത് കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ ഇടയായി. നാലോളം സിലിണ്ടറുകൾ ഇതിനുള്ളിൽ ഉണ്ടായിരുന്നു. തീ ആളി പടർന്നതിനെ തുടർന്ന് സമീപത്തുള്ള തടിമില്ലിലെ ചില തടിക്കഷണങ്ങൾക്കും തീപിടിച്ചു. തീയും പുകയും നിയന്ത്രണാതീതമായതോടെ കെ–പി റോഡിലൂടെ ഉള്ള ഗതാഗതം ഒരു മണിക്കൂർ നിർത്തിവച്ചു.
നാട്ടുകാരും തൊഴിലാളികൾ, സമീപത്തുള്ള ഡ്രൈവർമാർ എന്നിവർ ചേർന്ന് തീ അണച്ചത്. തീ കത്തിയപ്പോൾ തന്നെ കായംകുളം അഗ്നിശമന സേനാ യൂണിറ്റിൽ വിവരം അറിയിച്ചെങ്കിലും മുക്കാൽ മണിക്കൂറിന് ശേഷമാണ് അഗ്നിശമന സേനാ യൂണിറ്റ് എത്തിയതെന്നു നാട്ടുകാർ പറഞ്ഞു. അപ്പോഴേക്കും തീ പൂർണമായും അണഞ്ഞിരുന്നു.പിന്നാലെ അടൂർ, കരുനാഗപ്പള്ളി, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേനാ യൂണിറ്റുകൾ എത്തി ബേക്കറിക്കുള്ളിലും പുറത്തും വെള്ളമൊഴിച്ച് വീണ്ടും തീ പടരാനുള്ള സാധ്യത ഇല്ലാതാക്കി. ഓച്ചിറ ഐഷ വിഹാറിൽ എസ്.ഷംനാദിന്റെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി.
ബേക്കറി തീപിടിത്തം: തീയണച്ചത് കുപ്പിവെള്ളം ഉപയോഗിച്ച്
ചാരുംമൂട്∙ ബേക്കറിക്ക് തീപിടിച്ചപ്പോൾ അഗ്നിരക്ഷാ സേന എത്താൻ വൈകുകയും തീ അണയ്ക്കാൻ പെട്ടെന്ന് വെള്ളം ലഭിക്കാതിരിക്കുകകയും ചെയ്തതോടെ നാട്ടുകാർ തീയണയ്ക്കാൻ ഉപയോഗിച്ചത് കുപ്പിവെള്ളം. നൂറുകണക്കിന് കുപ്പികളിലെ വെള്ളം എടുത്ത് ബക്കറ്റിൽ ഒഴിച്ച ശേഷം തീ അണയ്ക്കുകയായിരുന്നു. ജംക്‌ഷന് കിഴക്കുള്ള നൈസ് ബേക്കറിക്കാണ് തീപിടിച്ചത്. സംഭവസമയം കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം പൂർണമായി വിഛേദിച്ചു.
ബേക്കറിക്കുളിലേക്ക് തീ പടർന്നു കയറിയിരുന്നെങ്കിൽ ഫർണിച്ചറുകൾ, ലക്ഷക്കണക്കിന് രൂപയുടെ ബേക്കറി സാധനങ്ങൾ, ഒരുകോടി രൂപ മുടക്കി നിർമിച്ച അടുക്കള എന്നിവ പൂർണമായും കത്തിനശിക്കുമായിരുന്നു. കൂടാതെ ബേക്കറിയുടെ മുകൾവശത്ത് ഫ്ലാറ്റുകളായിരുന്നു. ഇതിനോട് ചേർന്ന് വൈദ്യശാലയും ജ്വല്ലറിയും പ്രവർത്തിച്ചുവരുന്നു. ഒരുവശത്ത് തടിമില്ലും പലചരക്കുകടയും ഇതിന് പിന്നിലായി വീടും ഉണ്ട്.
എന്നാൽ, തീ ആളിപ്പടരാൻ തുടങ്ങിയപ്പോൾ തന്നെ ആൾക്കാർ ജാഗരൂകരായി തീ കെടുത്താൻ ശ്രമിച്ചത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഇരു വശത്തുമുള്ള വാഹനങ്ങൾ ബ്ലോക്ക് ചെയ്താണ് നാട്ടുകാർ തീ അണച്ചത്. നാലരയോടെയാണ് ഗതാഗതം പുനരാരംഭിച്ചത്. സംഭവം അറിഞ്ഞ് കൊടിക്കുന്നിൽ സുരേഷ് എംപി, എം.എസ്.അരുൺകുമാർ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.രാഘവൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര തുടങ്ങിയവർ സ്ഥലത്തെത്തി.
ഫയർഫോഴ്സിന് മാത്രമല്ല, ഫയർസ്റ്റേഷനും താമസം
ചാരുംമൂട്∙ വാഗ്ദാനങ്ങൾ ജലരേഖയായി. ചാരുംമൂട് ഫയർ സ്റ്റേഷൻ സ്വപ്നം ഇനിയും അകലെ. നൂറനാട്, വള്ളികുന്നം, കുറത്തികാട് സ്റ്റേഷനുകളുടെ ഹൃദയഭാഗമെന്ന നിലയിൽ ചാരുംമൂട് കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ തുടങ്ങുമെന്ന പ്രഖ്യാപനം കഴിഞ്ഞ 15 വർഷമായി സ്ഥിരമായി നടത്താറുണ്ട്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല താമരക്കുളത്ത് പൊലീസ് ഔട്ട്പോസ്റ്റ് ഉദ്ഘാടന വേളയിൽ ചാരുംമൂട് കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്.
എന്നാൽ ഇതിന് അഞ്ച് വർഷം മുൻപ് ചാരുംമൂട് കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായതായി അന്നത്തെ യുഡിഎഫ് എംഎൽഎ പറഞ്ഞിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് അന്നത്തെ എംഎൽഎ ഉടൻ തന്നെ ചാരുംമൂട് കേന്ദ്രീകരിച്ചുള്ള ഫയർ സ്റ്റേഷന്റെ പ്രവർത്തനം തുടങ്ങുമെന്നും ഇതിനുള്ള നടപടികൾ പൂർത്തിയായതായും അറിയിച്ചു. ഇതിന്റെ ഭാഗമായി നിലവിൽ കെഐപി കെട്ടിടങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥലത്ത് ആവശ്യമായ സ്ഥലമുണ്ടെന്ന് കണ്ടെത്തുകയും ഇവിടം കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ തുടങ്ങുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ ഇതുവരെയും ഇതിനുള്ള ഒരു നടപടികളും തുടങ്ങിയിട്ടില്ല.
തീപിടിത്തം ഉണ്ടായാൽ പതിനാല് കിലോമീറ്റർ അകലെ കായംകുളത്തു നിന്നോ പതിമൂന്ന് കിലോമീറ്റർ അകലെ അടൂരിൽ നിന്നോ അഗ്നിശമന സേന യൂണിറ്റ് എത്തിച്ചേരുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും. ഇന്നലെ കട കത്തിയപ്പോൾ, തീ പൂർണമായും നാട്ടുകാരുടെ ശ്രമഫലമായി അണച്ചുകഴിഞ്ഞ ശേഷമാണ് അഗ്നിശമന സേന യൂണിറ്റ് എത്തിയത്. ഇവർ അരമണിക്കൂർ മുൻപ് എത്തിയിരുന്നെങ്കിൽ പതിനഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഒഴിവാക്കാൻ കഴിയുമായിരുന്നു. ആവശ്യത്തിന് അടിസ്ഥാന സൗകര്യമുണ്ടായിട്ടും ഇതുവരെയും ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആയിട്ടില്ല.
ഇടപെടും: എംഎൽഎ
ചാരുംമൂട്∙ ചാരുംമൂട് കേന്ദ്രീകരിച്ച് അഗ്നിശമന സേന യൂണിറ്റ് തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്ന് എം.എസ്.അരുൺകുമാർ എംഎൽഎ പറഞ്ഞു. പ്രാരംഭ നടപടികൾക്കായി എന്ത് ചെയ്യാൻ കഴിയുമെന്നുള്ളതും ഇതിന്റെ തുടർന്നുള്ള ആവശ്യങ്ങളെ കുറിച്ചും സർക്കാർതലത്തിൽ ബോധ്യപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.
അടിയന്തരമായി ഫയർസ്റ്റേഷൻ വേണം: രാജു അപ്സര
ചാരുംമൂട്∙ ചാരുംമൂട് കേന്ദ്രീകരിച്ച് അടിയന്തരമായി ഫയർ സ്റ്റേഷൻ അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പലതവണ വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടപ്പോഴും നടപടി സ്വീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുവാനും യൂണിറ്റ് കമ്മിറ്റി തീരുമാനിച്ചതായി സെക്രട്ടറി ഗിരീഷ് അമ്മ പറഞ്ഞു.