ADVERTISEMENT

മാവേലിക്കര ∙ മുഖർശംഖിന്റെ നാക്കിൽ ചൂണ്ടുവിരൽ സ്പർശിച്ച് സംഗീത വിരുന്നൊരുക്കുന്ന മോഹൻകുമാർ മാവേലിക്കര ലോക സംഗീത ദിനം ഇന്ന് ആഘോഷിക്കുമ്പോൾ പത്തനംതിട്ട ഓമല്ലൂർ സരസ്വതി വിദ്യാലയത്തിൽ കച്ചേരി അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. മാവേലിക്കര ഉമ്പർനാട് രതീഷ് നിവാസിൽ മോഹൻകുമാർ റെയിൽവേയിലെ ജൂനിയർ എൻജിനീയറായിരുന്നു. സ്കൂൾ പഠനകാലത്തു കുറത്തികാട് തടത്തിലാൽ പടിപ്പുരയിൽ ശങ്കരപ്പിള്ളയിൽ നിന്നു സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു.

ജോലിക്കിടയിൽ സംഗീതജ്ഞൻ മാവേലിക്കര ഗോപിനാഥിന്റെ അടുത്ത് തുടർപഠനത്തിന് എത്തിയപ്പോഴാണു മുഖർശംഖ് വായിക്കണമെന്ന ഉപദേശം ലഭിച്ചത്. മാവേലിക്കര ഗോപിനാഥിന്റെ കത്തുമായി കൊച്ചി അയ്യാപിള്ളയുടെ ശിഷ്യനായി. മുഖർശംഖ് പഠിക്കാനായി കോട്ടയത്ത് മധുര ചെല്ലപ്പന്റെ വീട്ടിലേക്ക് പോയി. ചിട്ടയായ പഠനത്തിനു ശേഷം കാവാലം ശ്രീകുമാറിന്റെ കച്ചേരിയിൽ മുഖർശംഖ് വായിച്ചു.

കാവാലം ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട് യേശുദാസ്, ദക്ഷിണാമൂർത്തി, ബാലാമണി ഈശ്വർ, ട്രിച്ചി ഗണേശൻ, ശരത് തുടങ്ങിയവർക്കൊപ്പം കച്ചേരിക്കു മുഖർശംഖ് വായിച്ചു. ആയിരക്കണക്കിനു കച്ചേരികളിൽ പങ്കെടുത്ത മോഹനൻ എല്ലാവർഷവും മൂകാംബിക ദേവീക്ഷേത്രത്തിൽ കച്ചേരി അവതരിപ്പിക്കുന്നുണ്ട്.   

മുഖർശംഖ്

ഇരുമ്പ് ഉപയോഗിച്ചൊരുക്കിയ പ്രത്യേക ആകൃതിയിലുള്ള ചട്ടക്കൂട്ടിനുള്ളിൽ ഉരുക്കു കമ്പി അടിച്ചു പരത്തി ഒരുക്കിയ വില്ല് എന്ന ഭാഗവും അതിന്റെ അഗ്രത്തിൽ നാക്കും ചേരുന്നതാണു മുഖർശംഖ് എന്ന വാദ്യോപകരണം. നാക്കിൽ ചൂണ്ടുവിരൽ സ്പർശിച്ച് ഒരുക്കുന്ന സംഗീതത്തിന്റെ താളത്തിന് പ്രത്യേകതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com