തോന്നിയതുപോലെ ഓട നിർമിച്ചു; ഗതാഗതതടസ്സം
Mail This Article
കായംകുളം∙ കരാറുകാർ തോന്നിയതുപോലെ ഓട നിർമിച്ചതിനാൽ റോഡിൽ വാഹന ഗതാഗതം സ്തംഭിക്കുന്നു. കെപി റോഡിലെ ലക്ഷ്മി തിയറ്റർ–കെപിഎസി ജംക്‌ഷൻ റോഡാണ് ബന്ധപ്പെട്ടവരുടെ മേൽനോട്ടമില്ലാതെ നിർമിച്ചതിനാൽ വീതി കുറഞ്ഞത്. വാഹനങ്ങൾ ഞെരുങ്ങിപ്പോകേണ്ട അവസ്ഥയിലാണ്. പൊതുമരാമത്ത് വിഭാഗമാണ് ഇവിടെ ഓട നിർമിച്ചത്. റോഡിനെക്കാൾ ഉയർത്തി ഓട നിർമിച്ചതോടെ റോഡിന്റെ വീതി കുറഞ്ഞു. റോഡിൽ നിന്ന് വെള്ളം ഓടയിലേക്ക് ഒഴുകാത്ത സ്ഥിതിയുമായി. വാഹനങ്ങളുടെ ടയർ ഓടയുടെ കോൺക്രീറ്റിൽ തട്ടി കേടാകുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
രണ്ട് കിലോമീറ്ററോളം നീളമുള്ള റോഡിൽ പല സ്ഥലത്തും പല പൊക്കത്തിലാണ് ഓട നിർമിച്ചിരിക്കുന്നതെന്ന് പരാതിയുണ്ട്. ദേശീയപാതയെ കെപി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ പല ഫണ്ടുകൾ ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയെങ്കിലും വ്യക്തമായ മേൽനോട്ടമില്ലാത്തതിനാൽ റോഡ് അതിവേഗം തകരുന്ന സ്ഥിതിയാണ്. അഞ്ച് വർഷത്തിനുള്ളിൽ പൊതുമരാമത്ത് ഫണ്ട്, എംഎൽഎ ഫണ്ട് എന്നിവ ഉൾപ്പെടുത്തി 5 കോടിയിലേറെ രൂപ ഇവിടെ ചെലവഴിച്ചുവെങ്കിലും മുപ്പതിലേറെ കുഴികളുണ്ട്.