സംരക്ഷണഭിത്തി തകർന്ന കനാലുകൾ അപകടഭീഷണി
Mail This Article
മാവേലിക്കര ∙ റോഡരികിലൂടെ കടന്നു പോകുന്ന കനാലുകളുടെ സംരക്ഷണ ഭിത്തി തകർന്നത് അപകടക്കെണിയാകുന്നു. കല്ലുമല–കുറത്തികാട് റോഡിൽ കനാൽ ജംക്‌ഷനു മുന്നോടിയായി എസ്എൻഡിപി ഗുരുക്ഷേത്രത്തിന്റെ സമീപത്തായി കല്ലുമല–അറുന്നൂറ്റിമംഗലം റോഡിൽ കണ്ണാട്ടുമോടിക്കു മുന്നോടിയായുള്ള ഇറക്കം എന്നിവിടങ്ങളിലാണു സംരക്ഷണ ഭിത്തി തകർന്ന കനാലുകൾ അപകട സാധ്യത ഉയർത്തുന്നത്.
തടത്തിലാലിൽ നിന്നു കല്ലുമല ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ എതിരെ വരുന്ന വാഹനങ്ങൾക്കായി വശത്തേക്ക് അധികം ചേർത്താൽ കനാലിലേക്കു വീഴും. ഇരുദിശയിൽ നിന്നുമെത്തുന്ന വാഹനങ്ങൾ ചെറിയ വളവ് കഴിഞ്ഞ് എത്തുന്നതിനാൽ അൽപം അശ്രദ്ധ ഉണ്ടായാൽ അപകടം ഉറപ്പാണ്. അപകട മുന്നറിയിപ്പ് നൽകാനായി സംരക്ഷണഭിത്തി തകർന്ന ഭാഗത്തു പ്രദേശവാസികൾ കയർ വലിച്ചു കെട്ടി ചുവപ്പ് കൊടി സ്ഥാപിച്ചിട്ടുണ്ട്.
കണ്ണാട്ടുമോടിയിൽ നിന്നു കല്ലുമലയിലേക്കു വരുന്ന ഭാഗത്തു കയറ്റം ഉള്ളിടത്താണു കനാലിനു സംരക്ഷണഭിത്തിയില്ലാത്തത്. എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ വളവു തിരിഞ്ഞ് എത്തുന്നതിനാൽ അടുത്തെത്തിയ ശേഷമേ കൃത്യമായി കാണാൻ സാധിക്കൂ. ഈ സമയത്തു വാഹനം വശത്തേക്ക് ഒതുക്കിയാൽ അപകടസാധ്യത ഏറെയാണ്. ഇവിടെ മുൻപു പലപ്പോഴും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ടു സ്ഥലങ്ങളിലും വശങ്ങൾ കാടു പിടിച്ചു കിടക്കുന്നതിനാൽ റോഡിന്റെ വശം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യമാണ്. രണ്ടിടത്തും സംരക്ഷണ ഭിത്തി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.