കായംകുളം നഗരസഭയിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം കൈമാറുന്നതിൽ ഗുരുതര വീഴ്ച
Mail This Article
കായംകുളം∙ മാലിന്യങ്ങൾ ഉറവിടത്തിൽ വേർതിരിച്ച് ശേഖരിക്കുന്നതിൽ കായംകുളം നഗരസഭ വീഴ്ച വരുത്തിയതായുള്ള കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ(സി ആൻഡ്എജി) കണ്ടെത്തലിനെ തുടർന്ന് മാലിന്യ സംസ്കരണ പദ്ധതിയിലെ പോരായ്മകൾ മുനിസിപ്പൽ ജോയിന്റ് ഡയറക്ടറുടെ സാന്നിധ്യത്തിൽ വിലയിരുത്തി. ലോകബാങ്കിന്റെ സഹായത്തോടെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമസേന വഴി ശേഖരിക്കുന്നത് കുറ്റമറ്റ രീതിയിലല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നഗരസഭ പരിധിയിലെ പകുതി വീടുകളിൽ നിന്ന് പോലും പ്ലാസ്റ്റിക് യഥാസമയം ശേഖരിച്ച് ശാസ്ത്രീയമായി കൈമാറ്റം ചെയ്യുന്നതിന് സാധിച്ചിട്ടില്ല. ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുന്നതിൽ ഗുരുതര വീഴ്ചയുണ്ട്. പഞ്ചായത്തുകളിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കിലാക്കി പ്രത്യേകം നിർമിച്ച ടെന്റിലേക്ക് മാറ്റുന്നുണ്ട്.
ഇവിടെ ഇത്തരം രീതിയില്ലാത്തതിനാൽ പട്ടണത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കുന്നു കൂടി കിടക്കുന്ന അവസ്ഥയുണ്ട്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്ലാസ്റ്റിക് കമ്പനികൾക്ക് അതത് മാസത്തിൽ തന്നെ കൈമാറണമെന്ന് നിർദേശമുള്ളതാണ്. നഗരസഭയിൽ ഇത്തരം ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. 11 കോടി രൂപയാണ് ശുചിത്വ മിഷൻ വഴി മാലിന്യ സംസ്കരണത്തിന് നഗരസഭയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇത് ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്ന പരാമർശമാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്.
വീടുകളും വ്യാപാര സ്ഥാപനങ്ങളും അവരുടെ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കണമെന്ന് തീരുമാനിച്ചതിനാൽ നഗരസഭാ വാഹനത്തിൽ കേന്ദ്രീകൃത മാലിന്യ നീക്കം അവസാനിപ്പിച്ചിരുന്നു. അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ മാലിന്യം തള്ളുന്നത്. ഇതും അവസാനിപ്പിക്കാൻ 20 നിരീക്ഷണ ക്യാമറകൾ നഗരസഭ സ്ഥാപിച്ചിട്ടുണ്ട്. മുരുക്കുംമൂട്ടിൽ പ്രവർത്തിച്ചിരുന്ന മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ നിന്ന് അജൈവ മാലിന്യങ്ങൾ തരംതിരിച്ച് കമ്പനികൾക്ക് നൽകണമെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ, അത് ഫലപ്രദമായി നീങ്ങുന്നില്ലെന്നും യോഗത്തിൽ വിമർശനമുയർന്നിരുന്നു.