‘എന്നെ ഇറക്കിവിടല്ലേ’... വനിതാ പൊലീസിനെ കെട്ടിപ്പിടിച്ച് വീട്ടമ്മയുടെ വിലാപം
Mail This Article
ആലപ്പുഴ∙ കോടതി വിധി നടപ്പാക്കാൻ വീട്ടിൽ നിന്നു കുടിയിറക്കാനെത്തിയ ഉദ്യോഗസ്ഥർക്കു മുന്നിൽ മണ്ണെണ്ണയൊഴിച്ച് വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി. കുപ്പി പിടിച്ചുവാങ്ങി വനിതാ പൊലീസ് അവരെ പിന്തിരിപ്പിച്ചു. ‘എന്നെ ഇറക്കിവിടല്ലേ’യെന്നു വനിതാ പൊലീസിനെ കെട്ടിപ്പിടിച്ച് അവർ വിലപിച്ചതോടെ രംഗം വികാരനിർഭരമായി. അവർ താമസിക്കുന്ന സ്ഥലം മുഴുവനും വിട്ടുകൊടുക്കാൻ കോടതി ഉത്തരവിൽ പറയുന്നില്ലെന്നു ചൂണ്ടിക്കാട്ടി കൗൺസിലറും മറ്റും ഇടപെട്ടു. തുടർന്ന്, കോടതി നിർദേശം തേടാമെന്നു തീരുമാനിച്ച് ഉദ്യോഗസ്ഥർ മടങ്ങി. ആലപ്പുഴ ബൈപാസിലെ ഇരവുകാട് പടിഞ്ഞാറ് കൊമ്പത്താംപറമ്പിൽ റസീന മൻസിലിൽ സബൂറ(65)യുടെ വീട്ടിലാണ് മുൻസിഫ് കോടതി ജീവനക്കാരും പൊലീസും ഉച്ചയോടെ എത്തിയത്. വീട്ടിൽ നിന്നു ബലം പ്രയോഗിച്ച് ഇറക്കാൻ ശ്രമിക്കുമ്പോഴായിരുന്നു നാടകീയ രംഗങ്ങൾ.
23 വർഷത്തെ കേസ്
സബൂറ താമസിക്കുന്നത് 3 സെന്റ് സ്ഥലത്ത് അവരും ഭർത്താവ് ഹബീബും ചേർന്നു പണിത വീട്ടിലാണ്. വാടയ്ക്കൽ കൊമ്പത്താംപറമ്പ് വീട്ടിൽ ചാക്കോ ജോസഫ് ആയിരുന്നു ഈ വസ്തുവിന്റെ ഉടമ. അദ്ദേഹവും മറ്റൊരാളും തമ്മിലുള്ളതാണു മുൻസിഫ് കോടതിയിലെ 23 വർഷം പഴക്കമുള്ള കേസ്. ചാക്കോ ഈ വസ്തു തനിക്കു വിൽക്കാമെന്നു വിശ്വസിപ്പിച്ച് 50,000 രൂപ അഡ്വാൻസ് വാങ്ങി കബളിപ്പിച്ചെന്നാണു തിരുവമ്പാടി സ്വദേശിനി പരാതിപ്പെട്ടത്. തുടർന്ന് കോടതി ഈ സ്ഥലം അറ്റാച്ച് ചെയ്തു. കേസ് നിലനിൽക്കുമ്പോൾ 2009ൽ ഹബീബ്–സബൂറ ദമ്പതികൾക്ക് 3 ലക്ഷം രൂപയ്ക്ക് ചാക്കോ ഈ വസ്തു വിറ്റു. പഴയ വീട് പൊളിച്ചു കളഞ്ഞ് അവർ പുതിയ വീടു വച്ചു താമസമാക്കി. വസ്തു വിറ്റ ചാക്കോയും വാങ്ങിയ ഹബീബും ഇപ്പോൾ ജീവിച്ചിരിപ്പില്ല.
ഒഴിപ്പിക്കലിലേക്ക്
2017ൽ വസ്തുവും കെട്ടിടവും കൂടി കോടതി ലേലത്തിൽ വച്ചു. പരാതിക്കാരിയായ തിരുവമ്പാടി സ്വദേശിനി തന്നെ ലേലത്തിൽ പിടിച്ചു. താമസക്കാരെ ഒഴിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് അവർ വീണ്ടും കോടതിയിലെത്തി. കഴിഞ്ഞ ജൂലൈയിൽ കോടതി അനുകൂല ഉത്തരവിട്ടു. അതിനെതിരെ സബൂറ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളി. തുടർന്നാണു വിധി നടപ്പാക്കാൻ ആമീനും സൗത്ത് പൊലീസും പിങ്ക് പൊലീസും എത്തിയത്. സബൂറയുടെ പേരിലുള്ള 3 സെന്റ് സ്ഥലത്തിൽ 2 സെന്റും വീടും പരാതിക്കാരിക്കു വിട്ടുകൊടുക്കാനാണു കോടതിവിധിയെന്നു സ്ഥലത്തെത്തിയ കൗൺസിലർ സൗമ്യാ രാജ് ചൂണ്ടിക്കാട്ടി. ഇതു പരിഗണിക്കാതെയാണു ഹൃദ്രോഗിയായ സ്ത്രീയെയും പേരക്കുട്ടിയെയും ഇറക്കിവിടാൻ നോക്കിയതെന്നും അവർ പറഞ്ഞു. തുടർന്നു കോടതിയിൽ ഇതു ധരിപ്പിച്ച്, സ്ഥലം അളന്നു തിരിച്ച ശേഷം തുടർനടപടി സ്വീകരിക്കാമെന്നു ധാരണയായി.