ADVERTISEMENT

ആലപ്പുഴ / കൊച്ചി ∙ വൈകിട്ട് കൊച്ചി ഇരുമ്പനത്തെ ജോലിസ്ഥലത്തു നിന്നിറങ്ങിയാൽ കരുവാറ്റ സ്വദേശി അനു രഞ്ജിത്ത് ഓട്ടമാണ്, എത്രയും വേഗം വീടെത്തണം. വയോധികയായ അമ്മയെ ശുശ്രൂഷിക്കാൻ മറ്റാരുമില്ല. കായംകുളം എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സമയക്രമം പാലിച്ച് ഓടിയിരുന്നപ്പോൾ രാത്രി 8.40 ന് മുൻപ് എങ്ങനെയും വീട്ടിലെത്തിയിരുന്നു. ട്രെയിനുകൾ പിടിച്ചിടാൻ തുടങ്ങിയതോടെ മുക്കാൽ മണിക്കൂറിലേറെ വൈകാൻ തുടങ്ങി.


‘‘ ടാങ്കർ ലോറികളിലും മറ്റും കൈകാണിച്ചു കയറിയാണ് ഇപ്പോൾ വീടെത്തുന്നത്. ലോറി കിട്ടിയാൽ 8 മണിയോടെ വീട്ടിലെത്താം’’– അനു പറഞ്ഞു.‘പാളം തെറ്റിയ’ ട്രെയിൻ സമയക്രമത്തിൽ പെട്ട് നെട്ടോട്ടമോടുകയാണ് അനുവിനെപ്പോലെ അനേകം സ്ഥിരയാത്രികർ. ആഴ്ചകളായി തുടരുന്ന ശക്തമായ പ്രതിഷേധത്തിനൊടുവിൽ അഞ്ഞൂറോളം യാത്രക്കാർ വായ മൂടിക്കെട്ടിയാണ് ഇന്നലെ ആലപ്പുഴ–എറണാകുളം മെമുവിൽ കയറിയത്. ആലപ്പുഴ– എറണാകുളം മെമുവിലാണു ‘ദുരിതമീ യാത്ര’ എന്ന പ്ലക്കാർഡുകളുമേന്തി യാത്രക്കാർ വായ്മൂടിക്കെട്ടി യാത്ര ചെയ്തു പ്രതിഷേധിച്ചത്. എ.എം. ആരിഫ് എംപിയും യാത്രക്കാർക്കു ഐക്യദാർഢ്യവുമായി ട്രെയിനിൽ യാത്ര ചെയ്തു.സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ശേഷം യാത്രക്കാർക്കു വേണ്ടിയുള്ള പരാതി പുസ്തകത്തിൽ എ.എം. ആരിഫ് പരാതിയെഴുതി സ്റ്റേഷൻ മാസ്റ്റർക്കു കൈമാറി.


എറണാകുളം– കായംകുളം പാസഞ്ചറിന്റെ (06451) സമയക്രമം മുൻപുണ്ടായിരുന്നതു പോലെ വൈകിട്ട് 6.05ന് എറണാകുളത്തു നിന്നു പുറപ്പെടുന്നതു പോലെയാക്കണമെന്ന് എ.എം. ആരിഫ് എംപി പരാതിയിൽ‌ ആവശ്യപ്പെട്ടു. മെമു ട്രെയിനിലെ അനിയന്ത്രിതമായ തിരക്കും വന്ദേഭാരത് എക്സ്പ്രസിനായി പിടിച്ചിടുന്ന ട്രെയിനുകളിലെ യാത്രക്കാർ അനുഭവിക്കുന്ന ദുരിതവും ഉന്നയിച്ചാണു യാത്രക്കാർ സമരം നടത്തിയത്. വൈകിട്ടുള്ള എറണാകുളം – കായംകുളം പാസഞ്ചർ പുറപ്പെടുന്നത് അര മണിക്കൂർ വൈകിപ്പിച്ചതും പല സ്റ്റേഷനുകളിലും പിടിച്ചിടുന്നതും യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്നുവെന്നു സമരക്കാർ കുറ്റപ്പെടുത്തി.
ഫ്രൻഡ്സ് ഓൺ റെയിൽ ഭാരവാഹികളായ ജെ. ലിയോൺസ്, ബിന്ദു വയലാർ, ശിവപ്രസാദ്, സുരേഷ്, ഗിരീഷ്, ബിജു, ബിബിൻ മോഹൻ, രഞ്ജിനി, രമ്യ, ശാലിനി, റെജി, രതീഷ്, രജിലാൽ തുടങ്ങിയവർ സമരത്തിനു നേതൃത്വം നൽകി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com