തദ്ദേശ സ്ഥാപനങ്ങൾക്കു പണമില്ല; പദ്ധതികൾ വെട്ടിക്കുറച്ചു
Mail This Article
ആലപ്പുഴ∙ സാമ്പത്തിക പ്രതിസന്ധിമൂലം തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ ഉപേക്ഷിക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവദിക്കുന്ന മെയ്ന്റനൻസ് ഗ്രാന്റ് വെട്ടിക്കുറച്ചതാണു പ്രതിസന്ധിക്കു കാരണം. ആലപ്പുഴ നഗരസഭയിൽ ഈ സാമ്പത്തിക വർഷം നടപ്പാക്കേണ്ടിയിരുന്ന 29 പദ്ധതികളാണ് ഉപേക്ഷിച്ചത്. ടെക്ജൻഷ്യ സിഇഒ: ജോയ് സെബാസ്റ്റ്യനെ അംബാസഡർ ആയി നിയമിച്ച് ഉദ്ഘാടനം ചെയ്ത വിജ്ഞാന നഗരം പദ്ധതി, ഗ്രന്ഥശാലകൾക്കു കംപ്യൂട്ടറും ഇന്റർനെറ്റും, പടുതാക്കുളം മത്സ്യക്കൃഷി, പച്ചക്കറി വിത്ത് വിതരണം, ജനറൽ ആശുപത്രി കെട്ടിടം അറ്റകുറ്റപ്പണി, പട്ടികജാതി – പട്ടികവർഗ വിദ്യാർഥികൾക്കും ആ വിഭാഗങ്ങൾക്കും വിവിധ പദ്ധതികൾ, സ്കൂളുകൾക്ക് ബഞ്ചും ഡസ്കും തുടങ്ങിയ 29 പദ്ധതികളാണ് പണം കണ്ടെത്താൻ കഴിയാതെ ഉപേക്ഷിച്ചത്. ഭരണിക്കാവ് പഞ്ചായത്തിൽ പദ്ധതി വിഹിതം കുറഞ്ഞതു മൂലം മൂന്ന് റോഡുകളുടെ നിർമാണം ഉപേക്ഷിച്ചു.
സർക്കാർ ഫണ്ട് ലഭിക്കാത്തതിനാൽ ചെറുതന പഞ്ചായത്തിൽ 5 പദ്ധതികൾ ഉപേക്ഷിച്ചു. ചെറുതന കൃഷി ഭവനിൽ സോളർ പാനൽ സ്ഥാപിക്കുന്നതിനുള്ള പദ്ധതി (5 ലക്ഷം) തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി (3ലക്ഷം ), ഭിന്നശേഷിക്കാർക്ക് കേൾവിസഹായ ഉപകരണം (ഒരു ലക്ഷം), രണ്ടു റോഡുകളുടെ നിർമാണം (5 ലക്ഷം) എന്നിവയാണ് ഉപേക്ഷിച്ചത്. തദ്ദേശ സ്ഥാപനങ്ങൾക്കു സംസ്ഥാന സർക്കാർ അനുവദിച്ച റോഡ് മെയിന്റനൻസ് ഗ്രാന്റ് കഴിഞ്ഞ മാസം പുതുക്കി നിശ്ചയിച്ചപ്പോൾ സംസ്ഥാനത്തെ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും 148 കോടി രൂപയാണു കുറവുവന്നത്. 7 മാസം മുൻപ് അനുവദിച്ച ഫണ്ട് പദ്ധതികൾ തയാറാക്കിയതിനു ശേഷം വെട്ടിക്കുറച്ചിരുന്നു. ഇതോടെയാണു ആസൂത്രണസമിതിയുടെ അംഗീകാരവും ഭരണാനുമതിയും ലഭിച്ച ശേഷം സാങ്കേതികാനുമതി കാത്തിരിക്കുന്ന പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വന്നത്.
മാന്നാറിൽ ഉപേക്ഷിച്ചത് 1.7 കോടിയുടെ പദ്ധതി
മാന്നാർ ∙ സാമ്പത്തിക പ്രതിസന്ധി കാരണം മാന്നാർ പഞ്ചായത്ത് 1. 7 കോടി രൂപയുടെ 23 പദ്ധതികൾ ഉപേക്ഷിച്ചു. 42. 24 ലക്ഷം രൂപ വകയിരുത്തിയ തെരുവുനായ ഷെൽട്ടർ ആണ് ഉപേക്ഷിച്ച പദ്ധതികളിൽ ഉയർന്ന തുകയുള്ളത്. തെരുവുനായ ഷെൽട്ടർ പദ്ധതി ഉപേക്ഷിച്ച വിവരം യുഡിഎഫ് അംഗം അജിത് പഴവൂർ പുറത്തുവിട്ടതിനു പിന്നാലെയാണ് മറ്റു പദ്ധതികളുടെ വിവരം പുറത്തറിഞ്ഞത്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഉപേക്ഷിക്കപ്പെട്ട പദ്ധതികൾ ഏറെയും യുഡിഎഫ് അംഗങ്ങളുടെ വാർഡുകളിലാണെന്നും ആരോപണമുണ്ട്.
ഉപേക്ഷിച്ച പ്രധാന പദ്ധതികൾ:
മുല്ലശേരി കടവ്– തറയിൽ പള്ളം റോഡ് റീ–ടാറിങ്, കലുങ്ക് മെയിന്റനസ് (16 ലക്ഷം ), വല്യച്ചൻകാവ്– മുട്ടുമ്പാട്ട് റോഡ് വീതി കൂട്ടി വശങ്ങൾ കെട്ടി ഗ്രാവലിങ് (16 ലക്ഷം), പൊതുവൂർ ക്ഷേത്രം– കളത്തിൽപടി റോഡ് വശം കോൺക്രീറ്റിങ്ങും റീ–ടാറിങ്ങും (11.70 ലക്ഷം), പൊതുവൂർ കമ്യൂണിറ്റി ഹാൾ വാര്യത്ത്പടി വലിയപറമ്പിൽ റോഡ് (11.70 ലക്ഷം), വലിയകുളങ്ങര കോലാലി റോഡ്, കൊച്ചുകളീക്കൽ കണ്ണൻകുളങ്ങര റോഡ് (8.91 ലക്ഷം), പല്ലാട്ടുശേരി കരിപ്ലേത്ത് –ഗായത്രിപ്പടി– കുളങ്ങരേത്ത് റോഡ് (8.24 ലക്ഷം), ബസ് സ്റ്റാൻഡ് നവീകരണം (8 ലക്ഷം), ചേപ്പഴത്തിൽ കോളനി റോഡ് റീ–ടാറിങ് ( 7.25 ലക്ഷം), ഗായത്രിപ്പടി– കൊട്ടാരത്തിപ്പടി റോഡ് പുനരുദ്ധാരണം (7. 07 ലക്ഷം), മുട്ടേൽ കുറുപ്പുംതറ രണ്ടാം ഘട്ട റോഡ് റീ–ടാറിങ് (5.50 ലക്ഷം), പുല്ലോളിൽപ്പടി സബ് റജിസ്ട്രാർ ഓഫിസ് കാഞ്ഞിരം നിൽക്കുന്നതിൽ റോഡ് റീ–ടാറിങ് (4.85 ലക്ഷം)