ADVERTISEMENT

കുട്ടനാട് ∙ 4 വർഷത്തെ ഇടവേളയ്ക്കുശേഷം കൈനകരി മീനപ്പള്ളി പാടശേഖരത്തിലെ കർഷകർ സ്വന്തം നിലത്തിൽ നിന്നു വിളവെടുത്തു. 2019 ലെ പ്രളയത്തിനുശേഷം ആദ്യമായിട്ടാണു കർഷകർ തങ്ങളുടെ സ്വന്തം കൃഷിയിടത്തിൽ നിന്നു വിളവെടുത്തത്. വർഷങ്ങൾക്കുശേഷം കഴിഞ്ഞ പുഞ്ചക്കൃഷി പാടശേഖരത്തിൽ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചിരുന്നു. എന്നാൽ പാടശേഖരത്തിൽ തിങ്ങി നിറഞ്ഞ പോളയും മാലിന്യങ്ങളും നീക്കം ചെയ്യാൻ ബുദ്ധിമുട്ടായി. ഇതോടെ കർഷകർ  ഒരു സ്വകാര്യ വ്യക്തിക്ക് പാടം വിട്ടുകൊടുത്ത് കൃഷിയിറക്കുകയായിരുന്നു. 127.5 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ 95 കർഷകരാണുള്ളത്. നീണ്ട ഇടവേളയ്ക്കു ശേഷമാണെങ്കിലും ഇത്തവണ മികച്ച വിളവു ലഭിച്ചതിലുള്ള ആഹ്ലാദത്തിലാണു കർഷകർ. 

ഏക്കറിനു ശരാശരി 2500 കിലോ വിളവാണുള്ളത്. വർഷത്തിൽ 2 കൃഷി ഇറക്കുന്ന പാടശേഖരത്തിൽ തുടർച്ചയായ 2 സീസണിലും കൃഷിയിറക്കാൻ സാധിച്ചതിനാൽ പാടശേഖരത്തിന്റെ ഉള്ളിൽ താമസിക്കുന്ന 75 വീട്ടുകാരും പുറംബണ്ടിൽ താമസിക്കുന്ന 210 വീട്ടുകാരും ആശ്വാസത്തിലാണ്. വർഷങ്ങളോളം വെള്ളക്കെട്ടു ദുരിതം അനുഭവിച്ചാണു പ്രദേശവാസികൾ ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. 5 ദിവസത്തിനുള്ളിൽ വിളവെടുപ്പു പൂർത്തിയാക്കി  ഈ മാസം അവസാന വാരത്തിനു മുൻപായി അടുത്ത പുഞ്ചക്കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണു കർഷകർ. കൊയ്ത്തുത്സവം കൈനകരി  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ലീനാമോൾ അധ്യക്ഷത വഹിച്ചു. പടശേഖര സമിതി സെക്രട്ടറി വി.പി.ഷാജി, പ്രസിഡന്റ് കെ.കെ.സുഗതൻ എന്നിവർ പ്രസംഗിച്ചു.

കൃഷി മുടക്കിയത് മടവീഴ്ച 
കൈനകരി കനകാശേരി പാടശേഖരത്തിൽ 2018 മുതൽ തുടർച്ചയായുണ്ടാകുന്ന മടവീഴ്ചയാണു സമീപത്തുള്ള മീനപ്പള്ളി, വലിയകരി പാടശേഖരത്തിലെ കൃഷി മുടക്കിയത്. 3 പാടശേഖരങ്ങളെയും തമ്മിൽ വേർതിരിക്കുന്ന   ബണ്ടുകളുടെ ഉയരക്കുറവാണ് ഒരു പാടശേഖരത്തിൽ മടവീണാൽ 3 പാടശേഖരത്തിലെയും കൃഷി നശിക്കുന്ന അവസ്ഥയിലെത്തിക്കുന്നത്. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം വലിയകരി പാടശേഖരത്തിലും കഴിഞ്ഞ പുഞ്ചക്കൃഷി വിജയകരമായി പൂർത്തിയാക്കാൻ കർഷകർക്കു സാധിച്ചിരുന്നു. ഇത്തവണത്തെ രണ്ടാം കൃഷിയുടെ വിളവെടുപ്പും അടുത്ത ദിവസം  തുടങ്ങും. അതേ സമയം സമീപത്തെ 2 പാടശേഖരങ്ങളിലും തുടർച്ചയായി 2 കൃഷി വിജയകരമായി ഇറക്കാൻ സാധിച്ചെങ്കിലും കനകാശേരി പാടശേഖരത്തിൽ കൃഷി ഇന്നും അന്യമാണ്. പാടശേഖരത്തിൽ വീണ മട കുത്തിയെടുത്തപ്പോൾ വേണ്ടത്ര ഉറപ്പില്ലാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇരുവശത്തും പൈലിങ് ഇറക്കി ഉറപ്പുള്ള ബണ്ട് നിർമിക്കുമെന്നറിയിച്ചെങ്കിലും നിർമാണം അനന്തമായി നീളുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com