ജലനിരപ്പ് താഴ്ന്നു; വേനൽ കൃഷിയിറക്ക് ഒരുക്കങ്ങൾ തുടങ്ങി
Mail This Article
മാന്നാർ ∙ മഴ മാറി, പാടശേഖരങ്ങളിലെ ജലനിരപ്പും താഴ്ന്നു, വേനൽ കൃഷിയിറക്ക് ഒരുക്കങ്ങൾ തുടങ്ങി. മാന്നാർ, ചെന്നിത്തല, ബുധനൂർ മേഖലകളിലെ 5500 ഏക്കറിലാണ് വേനൽ കൃഷിയിറക്കിയത്. മഴയും ഉരുൾപൊട്ടലും കാരണം പാടശേഖരങ്ങൾ വെള്ളക്കെട്ടിലായിരുന്നു. ജലനിരപ്പു ഗണ്യമായി താഴ്ന്നതിനെ തുടർന്നാണ് കർഷകർ പാടത്തേക്കിറങ്ങിയത്. ഡിസംബർ ആദ്യവാരം വിതയ്ക്കാനാണ് പാടശേഖരസമിതികളും കർഷകരും നേരത്തെ തീരുമാനിച്ചത്. എന്നാൽ അടുത്തിടെ പെയ്ത മഴയാണ് കർഷകരുടെ പ്രതീക്ഷകൾ വെള്ളത്തിലാഴ്ത്തിയത്.
കൃഷി ഇറക്കുവാനുള്ള തയാറെടുപ്പിൽ പാടത്തെ പുറം വരമ്പുകൾ ബലപ്പെടുത്തുകയും മുട്ടുകൾ സ്ഥാപിച്ചു പമ്പിങ് തുടങ്ങുവാനുള്ള ശ്രമം നടത്തിയെങ്കിലും എല്ലാം വെള്ളത്തിൽ മുങ്ങി. പാടശേഖരത്തോടു ചേർന്നുള്ള പമ്പു ഹൗസുകളും മുങ്ങുകയും മോട്ടറുകളടക്കം വെള്ളം കയറി. ചെന്നിത്തല 8–ാം ബ്ലോക്ക് പാടശേഖരത്തിലെ വെള്ളം കയറിയ മോട്ടറുകൾ അഴിച്ചു അറ്റകുറ്റപ്പണികൾ ചെയ്തു. രണ്ടു ദിവസത്തിനുള്ളിൽ മോട്ടർപ്പുരയിൽ ഇതു സ്ഥാപിക്കും. ഇത്തരത്തിൽ വിവിധ പാടശേഖരക്കാർ പാടത്തെ വെള്ളം വറ്റിക്കുന്നതിനുള്ള നടപടിയാണ് ആദ്യം സ്വീകരിക്കുന്നത്. പിന്നീട് ട്രാക്ടറിറക്കി ഉഴുത ശേഷമാണ് വിത നടത്തുന്നത്.