ADVERTISEMENT

പൂച്ചാക്കൽ ∙ നാലു വർഷത്തിനു ശേഷം ആറാം ക്ലാസുകാരൻ മെഷാക് പുതുവത്സര ദിനത്തിൽ മുടിമുറിക്കും. 60 സെന്റീമീറ്ററോളം നീളമുള്ള മുടി കാൻസർ ബാധിതർക്കു സഹായത്തിനു നൽകാനാണു തീരുമാനം. മറ്റു പലരെയും പോലെ ട്രെൻഡിനാണു മെഷാകും മുടി വളർത്തുന്നത് എന്നാണു പലരും ആദ്യം കരുതിയത്, പിന്നീടാണു കുഞ്ഞു മനസ്സിലെ വലിയ ആഗ്രഹം തിരിച്ചറിയുന്നത്. അരൂക്കുറ്റി കളരിക്കൽ വെളുത്താറ നികർത്തിൽ കുഞ്ഞച്ചന്റെയും ലിജിയുടെയും ഇളയ മകനാണു മെഷാക് തോമസ്. നിലവിൽ അരൂക്കുറ്റി നദുവത്തുൽ ഇസ്‌ലാം യുപിഎസിലെ വിദ്യാർഥിയാണ്. അരൂക്കുറ്റി മറ്റത്തിൽഭാഗം ഗവ. എൽപിഎസിൽ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ കോവിഡ് കാലമായതിനാൽ മുടി മുറിക്കാൻ പോയില്ല. പിതൃസഹോദരീ പുത്രനായ റെജോയാണു മുടി നീട്ടി വളർത്തിയാൽ കാൻസർ ബാധിതർക്കു നൽകാമെന്നു നിർദേശിച്ചത്. റെജോ ഇത്തരത്തിൽ രണ്ടു തവണ മുടി സംഭാവന ചെയ്തിട്ടുണ്ട്. സ്കൂളിൽ പോകുമ്പോൾ മുടി ചുരുളനാക്കി കെട്ടും. സുഹൃത്തുക്കളും അവരുടെ അമ്മമാരും നിർബന്ധിച്ചാൽ മാത്രം അഴിച്ചിടും.

‘‘ഒരു മുടി പോലും കൊഴിയുന്നതു മെഷാക്കിന് ഇഷ്ടമല്ലെ, ആദ്യമൊക്കെ ഞാൻ കുളിപ്പിക്കുമ്പോൾ മുടി കൊഴിഞ്ഞാൽ വലിയ സങ്കടമായിരുന്നു. ഐസ്ക്രീം വാങ്ങിക്കൊടുത്താണു പിണക്കം മാറ്റിയിരുന്നത്. ഇപ്പോൾ സ്വന്തമായാണ് എണ്ണ തേയ്ക്കലും കുളിയും മുടി പരിപാലനവുമെല്ലാം.’’ – മാതാവ് ലിജി പറഞ്ഞു. ചെമ്പരത്തിപ്പൂവിന്റെ മൊട്ടും നീലാംബരിയും കയ്യൂന്നിയും കറ്റാർ വാഴയും ചേർത്തു കാച്ചിയ എണ്ണയാണു തേക്കുന്നത്. തന്റെ മുടിയും പ്രവൃത്തിയും ആർക്കെങ്കിലും ഉപകാരമാകട്ടെ, പ്രചോദനമാകട്ടെ എന്നാണു മെഷാക് പറയുന്നത്. മുടി പുതുവർഷത്തിൽ കളമശേരി കാൻസർ കെയർ സെന്ററിലേക്കു നൽകാനാണു തീരുമാനം. ദൈവത്തിന്റെ അതിഥി എന്നാണ് മെഷാക് എന്ന പേരിന്റെ അർഥമെന്നു പിതാവ് കുഞ്ഞച്ചൻ പറയുന്നു. ഒരു വർഷമായി ഡ്രംസ് പഠിക്കുന്ന മെഷാക് സ്വന്തമായൊരു ഡ്രംസ് വാങ്ങാനുള്ള ആഗ്രഹത്തിലാണ്. പ്ലസ്ടു വിദ്യാർഥി മിലനാണ് ഏക സഹോദരൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com