ഡിജിറ്റൽ വിള സർവേയ്ക്ക് പഞ്ചായത്തുകളിൽ തുടക്കമായി
Mail This Article
ഹരിപ്പാട് ∙ കേന്ദ്ര ഡിജിറ്റൽ കാർഷിക വിവര സങ്കേതം പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ വിള സർവേക്ക് പഞ്ചായത്തുകളിൽ തുടക്കമായി. കൃഷി മെച്ചപ്പെടുത്തുന്നതിനും, ഡേറ്റയും ഡിജിറ്റൽ സേവനങ്ങളും ഉപയോഗിച്ച് കർഷകരെ മികച്ച ഫലങ്ങൾക്ക് പ്രാപ്‌തമാക്കുന്ന പദ്ധതിയാണിത്. മുതുകുളം ബ്ലോക്കിലെ ആറാട്ടുപുഴ, ചേപ്പാട്, മുതുകുളം, പുതുപ്പള്ളി വില്ലേജുകളും, ഹരിപ്പാട് ബ്ലോക്കിലെ കുമാരപുരം, വീയപുരം ഹരിപ്പാട് വില്ലേജുകളുമാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ വിള സർവേക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. കൃഷിഭവനുകളുടെ മേൽനോട്ടത്തിലാണ് സർവേ നടത്തുന്നത്.
ഇതിനായി പരിശീലനം ലഭിച്ച സർവേയർമാരാണ് വീടുകളിൽ എത്തുന്നത്. ഇവരുടെ മൊബൈലുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആപ്ലിക്കേഷൻ വഴിയാണ് സർവേ നടത്തുന്നത്. ഓരോരുത്തരുടെയും കൈവശമുള്ള ഭൂമിയുടെ വിവരങ്ങൾ ആപ്ലിക്കേഷനിലൂടെ സർവേയർ മാർക്ക് ലഭ്യമാകും. ഈ ഭൂമി എന്തിനൊക്കെയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യമാണ് പ്രധാനമായും ശേഖരിക്കുന്നത്. വിളകൾ തിരിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തും.
ചേപ്പാട് പഞ്ചായത്തിൽ സർവേയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണു കുമാർ നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ വിജയകുമാരി, പഞ്ചായത്ത് അംഗങ്ങളായ മണിലേഖ, സനൽകുമാർ, കൃഷി ഓഫിസർ ആർ.ഗംഗ, കൃഷി അസിസ്റ്റന്റ് എം. ഷമീർ എന്നിവർ പ്രസംഗിച്ചു. ആറാട്ടുപുഴ പഞ്ചായത്തിലെ ഉദ്ഘാടനം പ്രസിഡന്റ് എൻ. സജീവൻ നിർവഹിച്ചു. വാർഡ് അംഗം രശ്മി രഞ്ജിത്ത്, കൃഷി ഓഫിസർ ടി. ഐശ്വര്യ, കൃഷി അസിസ്റ്റന്റ് നിയാസ് എന്നിവർ പ്രസംഗിച്ചു.