ഭിന്നശേഷി കുട്ടികളുടെ കായികോത്സവം: ആലപ്പുഴ ബിആർസി ചാംപ്യൻമാർ
Mail This Article
കലവൂർ ∙ സമഗ്ര ശിക്ഷ കേരളം ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി പ്രീതികുളങ്ങരയിൽ സംഘടിപ്പിച്ച കായികോത്സവതിൽ 64 പോയിന്റോടെ ആലപ്പുഴ ബ്ലോക്ക് റിസോഴ്സ് സെന്റർ ചാംപ്യൻഷിപ് നേടി. അമ്പലപ്പുഴ ബിആർസി 54 പോയിന്റോടെ രണ്ടാം സ്ഥാനത്തും ചേർത്തല ബിആർസി 49 പോയിന്റോടെ മൂന്നാമതുമെത്തി. ജില്ലയിലെ 11 ബിആർസികളിൽ നിന്നുമായി 256 കുട്ടികൾ പങ്കെടുത്തു. മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത അധ്യക്ഷത വഹിച്ചു. ഒളിംപ്യൻ അനിൽ കുമാർ മുഖ്യാതിഥിയായി. ജില്ലാ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു, എം.വി.പ്രിയ, ഇന്ദിര തിലകൻ, എം.രജീഷ്, പി.ജെ.ഇമ്മാനുവൽ, ടി.ഒ.സൽമോൻ എന്നിവർ പ്രസംഗിച്ചു. സ്റ്റാൻഡിങ് ലോങ്ജംപ്, സ്റ്റാൻഡിങ് ത്രോ, റിലേ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. വിജയികൾക്ക് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.രജീഷ് സമ്മാനദാനം നിർവഹിച്ചു.
ചക്രക്കസേരയിലിരുന്ന് മത്സരവീര്യത്തോടെ പന്തെറിഞ്ഞ് ഷിഫാൻ
കലവൂർ∙ കായികമേളയിൽ ചക്രക്കസേരയിൽ ഇരുന്ന് ബോൾ എറിഞ്ഞ മുഹമ്മദ് ഷിഫാൻ കാഴ്ചക്കാർക്ക് കൗതുകമായി. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ പ്രീതികുളങ്ങര ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച ജില്ലാ കായികമേളയിൽ ബോൾ ത്രോ (അണ്ടർ 17) വിഭാഗത്തിലാണ് കോടംതുരുത്ത് വിവിഎച്ച്എസ്എസിലെ മുഹമ്മദ് ഷിഫാൻ മറ്റു മത്സരാർഥികളിൽ നിന്നു വ്യത്യസ്തമായി ചക്രക്കസേരയിൽ ഇരുന്ന് മത്സരിച്ചത്.
പ്രീതികുളങ്ങര ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മേളയിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമുള്ള കുട്ടികൾ പങ്കെടുത്തു. ശാരീരിക അവശതകളും കാൽ, കൈ, അസ്ഥി തുടങ്ങിയ വൈകല്യങ്ങളുമുള്ള കുട്ടികളായിരുന്നു മത്സരാർഥികൾ. എന്നാൽ ചക്രക്കസേരയിൽ ഇരുന്ന് മത്സരത്തിൽ പങ്കെടുത്തത് മുഹമ്മദ് മാത്രമാണ്. കാലിന് ബലക്കുറവുണ്ടായിരുന്നെങ്കിലും അഞ്ചാം ക്ലാസ് വരെ സ്കൂളിൽ നടന്നു പോയിരുന്ന മുഹമ്മദിന് പിന്നീട് കാലിന്റെ സ്വാധീനം കുറയുകയായിരുന്നു.
ഏതാനും വർഷങ്ങൾക്കുള്ളിൽ പൂർണമായും കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. സ്കൂളിൽ പോകുവാൻ കഴിയാതെ വന്നതോടെ അധ്യാപകർ വീട്ടിലെത്തിയാണ് പഠിപ്പിക്കുന്നത്. ഫിസിയോതെറപ്പിയും പലവിധ മരുന്നുകളും പരീക്ഷിച്ചെങ്കിലും ഒന്നും കാര്യമായ ഗുണം ചെയ്തില്ലെന്ന് പിതാവ് തുറവൂർ നടവിലേപറമ്പ് ഷമീർ ബാബു പറഞ്ഞു.
സബ്ജില്ലാ തലത്തിൽ എഴുപുന്നയിൽ നടന്ന മത്സരത്തിൽ വിജയിച്ചതിനെ തുടർന്നാണ് ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടിയത്. ഇത്തവണ പക്ഷേ വിജയം നേടുവാനായില്ലെങ്കിലും മത്സരവീര്യം നഷ്ടപ്പെടാത്ത മുഹമ്മദ് അടുത്ത വർഷത്തെ അങ്കത്തിനായി കാത്തിരിക്കുകയാണ്.