ADVERTISEMENT

ആലപ്പുഴ∙ അണ്ടർ വാട്ടർ ടണൽ എക്സ്പോയുടെ ഭാഗമായുണ്ടായ ശുചിമുറി മാലിന്യമടക്കം ബീച്ചിൽ തന്നെ കുഴിച്ച് മൂടിയതിനും മറ്റു മാലിന്യങ്ങൾ നീക്കാത്തതിലും എക്സ്പോ നടത്തിപ്പുകാർക്ക് നഗരസഭ 2 ലക്ഷം രൂപ പിഴ ചുമത്തി. കുഴിച്ചു മൂടിയ മാലിന്യം ഇവിടെ നിന്നു നീക്കണമെന്നും പിഴയടയ്ക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ സംഘാടകർക്ക് നോട്ടിസ് നൽകി.എക്സ്പോ നടന്ന സമയത്തെ ശുചിമുറി മാലിന്യം, അടുക്കള മാലിന്യം എന്നിവയാണ് ബീച്ചിൽ തന്നെ കുഴിച്ചു മൂടിയത്. എക്സ്പോ കഴിഞ്ഞതോടെ ബീച്ചിൽ ഒരു കിലോമീറ്ററോളം നീളത്തിൽ മാലിന്യം കൂടിക്കിടക്കുന്നതായും ആരോഗ്യവിഭാഗം കണ്ടെത്തിയിരുന്നു.പൊട്ടിയ ചില്ല്, തെർമോക്കോൾ, പ്ലാസ്റ്റിക്, പ്ലൈവുഡ് തുടങ്ങിയ മാലിന്യങ്ങളാണ് ഇവയിലേറെയും.

നഗരസഭയുടെ ഇടപെടലിനെ തുടർന്ന് ഇന്നലെ എക്സ്പോയുടെ തൊഴിലാളികൾ ബീച്ചിൽ ശുചീകരണം നടത്തിയെങ്കിലും ഇപ്പോഴും പലയിടങ്ങളിലും മാലിന്യം കുമിഞ്ഞുകൂടി കിടക്കുകയാണ്. ആളുകൾ വിശ്രമിക്കുന്ന ഇടങ്ങളിൽ ശുചിമുറി മാലിന്യം അടക്കമുള്ളവ കുഴിച്ചുമൂടിയത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം പറയുന്നു.എക്സ്പോയുമായി ബന്ധപ്പെട്ട സാധനങ്ങൾ ബീച്ചിൽ നിന്ന് കൊണ്ടുപോകുന്നതിനിടെ ബുധനാഴ്ച ഇവരുടെ ലോറി നഗരസഭ തടഞ്ഞിരുന്നു. പല ഘട്ടങ്ങളായി സംഘാടകർ ലോറിയിൽ സാധനങ്ങൾ കയറ്റിക്കൊണ്ടു പോയിരുന്നു. അവസാനഘട്ടത്തിൽ സാധനങ്ങൾ കൊണ്ടുപോകാൻ ലോറിയെത്തിയപ്പോഴാണ് നഗരസഭാ ആരോഗ്യവിഭാഗം ലോറി തടഞ്ഞത്.

മാലിന്യം പൂർണമായി നീക്കം ചെയ്യാതെ ലോറി വിടില്ലെന്ന നിലപാടിൽ നഗരസഭ എത്തിയതോടെ തർക്കം രൂക്ഷമാകുകയും വിഷയത്തിൽ പൊലീസ് ഇടപെടുകയും ചെയ്തു. തുടർന്ന് ലോറി സൗത്ത് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ സംഘാടകർ ഹൈക്കോടതിയെ സമീപിച്ചതോടെ ലോറി വിട്ടുനൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.17 ലക്ഷം രൂപയാണ് എക്സ്പോ നടത്തിപ്പുകാരിൽ നിന്ന് നഗരസഭ വിനോദ നികുതിയിനത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ സംഘാടകർ ഹൈക്കോടതിയെ സമീപിച്ച് ഇതിന് സ്റ്റേ വാങ്ങി. നിലവിൽ 5 ലക്ഷം രൂപ മാത്രമാണ് നികുതിയിനത്തിൽ എക്സ്പോ നടത്തിപ്പുകാർ നഗരസഭയ്ക്ക് നൽകിയിട്ടുള്ളത്. ഇതിനിടെയാണ് മാലിന്യപ്രശ്നം ഉയർന്നു വന്നിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com