കൈക്കുഴ തെന്നിയതിനു ശസ്ത്രക്രിയ; ഇടതു കൈയുടെ ചലന ശേഷി നഷ്ടമായി: ചികിത്സാപ്പിഴവ്
Mail This Article
ആലപ്പുഴ ∙ കൈക്കുഴ തെന്നി മാറിയതിനു ശസ്ത്രക്രിയ നടത്തിയതിനെത്തുടർന്ന് യുവാവിന്റെ ഇടതു കൈയുടെ ചലന ശക്തി നഷ്ടമായി എന്ന പരാതിയിൽ ചികിത്സാ പിഴവ് സംഭവിച്ചതായി സൂചന നൽകി മെഡിക്കൽ കോളജിന്റെ അന്വേഷണ റിപ്പോർട്ട്. ഓപ്പറേഷനു വിധേയനായ ആലപ്പുഴ മുല്ലാത്ത് വളപ്പ് സ്വദേശി ന്യൂനപക്ഷ കമ്മിഷനിൽ നൽകിയ പരാതിയിൽ ന്യൂനപക്ഷ കമ്മിഷൻ മെഡിക്കൽ കോളജ് സൂപ്രണ്ട്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവരിൽ നിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരിൽ നിന്നും നഴ്സുമാരിൽ നിന്നും മൊഴിയെടുത്ത് മെഡിക്കൽ കോളജ് അധികൃതർ നൽകിയ അന്വേഷണ റിപ്പോർട്ടിലാണ് ചികിത്സ പിഴവ് സംബന്ധിച്ചു സൂചന ഉള്ളത്.
രോഗിയുടെ കേസ് ഷീറ്റിലെ സമ്മത പത്രം പരിശോധിച്ചതിൽ രോഗിക്ക് കൈയിൽ കമ്പി ഇടുന്നതിനെക്കുറിച്ചാണ് പറയുന്നത്. സ്ക്രൂ ഇടുന്നുവെന്നോ എല്ലുകൾ മുറിക്കും എന്നോ ഉപയോഗിക്കുന്ന സ്ക്രൂ മൂലം എംആർഐ സ്കാനിങ്ങിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നോ പരാമർശിക്കുന്നില്ല. ഇതൊരു വീഴ്ചയായി കണക്കാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരന് നൽകാനും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കൂടി റിപ്പോർട്ട് ലഭിച്ച ശേഷം അടുത്ത സിറ്റിങ്ങിൽ കേസ് വീണ്ടും പരിഗണിക്കുന്നതിനും ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് നിർദേശം നൽകി. സിറ്റിങ്ങിൽ ആകെ 13 പരാതികൾ പരിഗണിച്ചതിൽ മൂന്നെണ്ണം തീർപ്പാക്കുകയും പുതുതായി ഒരു പരാതി കൂടി സ്വീകരിക്കുകയും ചെയ്തു.