ചേർത്തലയിൽ മാലിന്യം ഇടുന്നവരെ പിടിക്കാൻ മൂവബിൾ ക്യാമറകൾ
Mail This Article
ചേർത്തല ∙‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ചേർത്തല നഗരത്തിൽ മൂവബിൾ ക്യാമറകൾ സ്ഥാപിച്ചു. നഗരത്തിൽ എ.എസ് കനാൽ ഉൾപ്പെടെ മാലിന്യം വലിച്ചെറിയുന്ന വിവിധ സ്ഥലങ്ങളിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറകളുള്ളത്. ഇതിന്റെ കൺട്രോൾ റൂം നഗരസഭ ആരോഗ്യവിഭാഗത്തിൽ തയാറാക്കി. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോണുകളിൽ നിരീക്ഷിക്കാനും സാധിക്കും.15 ഉദ്യോഗസ്ഥർക്ക് ഒരേ സമയം ക്യാമറ ദൃശ്യങ്ങൾ തൽസമയം നിരീക്ഷിക്കുന്നതിനും ദൃശ്യങ്ങൾ റെക്കോഡ് ചെയ്യുന്നതിനുമുള്ള സംവിധാനമുണ്ട്. നഗരപാലിക നിയമത്തിലെ ഭേദഗതി അനുസരിച്ച് 50000 രൂപ വരെ പിഴയും ഒരു വർഷം തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ് മാലിന്യം വലിച്ചെറിയൽ. ക്യാമറ സ്ഥാപിച്ചാൽ അവിടം ഒഴിവാക്കി മറ്റു സ്ഥലത്തേക്ക് മാലിന്യം വലിച്ചെറിയൽ രീതി വ്യാപകമായതോടെയാണ് നഗരസഭ മൂവബിൾ ക്യാമറ സ്ഥാപിച്ചത്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ‘ചേലൊത്ത ചേർത്തല’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പിഴ ഈടാക്കുന്നതിനും പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനുമാണ് ക്യാമറകൾ സജ്ജീകരിച്ചത്.
ജില്ലയിൽ ആദ്യമായാണ് വിവിധ സ്ഥലങ്ങളിലായി മാറ്റി സ്ഥാപിക്കാവുന്ന ക്യാമറകൾ ചേർത്തല നഗരസഭയിൽ സ്ഥാപിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. നഗരസഭ ചെയർപഴ്സൻ ഷേർളി ഭാർഗവൻ സ്വിച്ച് ഓൺ നടത്തി. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, ശോഭ ജോഷി, ഏലിക്കുട്ടി ജോൺ, എം.കെ. പുഷ്പകുമാർ, കെ.പി. പ്രകാശൻ, ബാബു മുള്ളൻചിറ, പി.എസ്. ശ്രീകുമാർ, എ. അജി, എസ്. സൽജി, ജോഷിത, എസ്. സുധീപ് തുടങ്ങിയവർ പ്രസംഗിച്ചു.