കല്ലിശേരി, പ്രാവിൻകൂട് ജംക്ഷൻ ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കും
Mail This Article
ചെങ്ങന്നൂർ ∙ എംസി റോഡിൽ കല്ലിശേരി, പ്രാവിൻകൂട് ജംക്‌ഷനുകളിൽ ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ വൈകാതെ സ്ഥാപിച്ചേക്കും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾക്കായുള്ള വർക്ക് ഓർഡർ ജില്ലാ പൊലീസ് ഓഫിസിൽ നിന്നു ലഭിച്ചതായി കെൽട്രോൺ അധികൃതർ വ്യക്തമാക്കി. ഇതനുസരിച്ച് ട്രാഫിക് ലൈറ്റുകളുടെ എൽഇഡി, ട്രാഫിക് കൺട്രോളറുകൾ എന്നിവ നിർമാണത്തിന്റെ അവസാനഘട്ടത്തിലാണെന്നും ട്രാഫിക് സിഗ്നൽ ഡിവിഷൻ അറിയിച്ചു. വാഹനങ്ങൾ പെരുകിയതോടെ കല്ലിശേരിയിൽ പ്രയാർ റോഡിൽ നിന്നും ചെങ്ങന്നൂർ ബൈപാസ് റോഡിൽ നിന്നും എംസി റോഡിലേക്കു കടക്കാനും തിരികെ അതത് റോഡുകളിലേക്കു പോകാനും പ്രയാസമാണ്. റോഡ് മുറിച്ചു കടക്കാൻ കാൽനടയാത്രക്കാരും വലയുന്നു. കല്ലിശേരിയിൽ നിന്ന് തിരുവല്ല ഭാഗത്തേക്കും ഉമയാറ്റുകര, പ്രയാർ, ഭാഗങ്ങളിലേക്കും ചെങ്ങന്നൂർ ബൈപാസ് റോഡിലേക്കും കടക്കാൻ ഏറെ പ്രയാസപ്പെടുന്നുണ്ട് യാത്രക്കാർ. അപകടങ്ങളും ഉണ്ടാകുന്നു.
ട്രാഫിക് ലൈറ്റ് സ്ഥാപിക്കുന്നതോടെ കല്ലിശേരി വിഎച്ച്എസ്എസ്,എബനേസർ സ്കൂൾ, സെന്റ് മേരീസ് യുപിഎസ്, മഴുക്കീർ യുപിഎസ് എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികൾ , കല്ലിശേരി കെഎം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു പോകുന്ന രോഗികൾ ഉൾപ്പെടെയുള്ളവർക്കു ഗതാഗതക്കുരുക്കിൽ നിന്നു രക്ഷപ്പെടാം. ജംക്‌ഷനിൽ ട്രാഫിക് ലൈറ്റ് അനുയോജ്യമാണെന്നു നേരത്തെ തന്നെ പരിശോധനയിൽ കണ്ടെത്തിയിരുന്നെങ്കിലും നടപടികൾ വൈകി. പ്രാവിൻകൂട് ജംക്‌ഷനിലും ട്രാഫിക് ലൈറ്റ് ഇല്ലാത്തതിനാൽ യാത്രക്കാർ വലയുന്ന സാഹചര്യമാണ്. എംസി റോഡിൽ പ്രാവിൻകൂട് ജംക്‌ഷനിൽ നിന്ന് പ്രാവിൻകൂട്–ഇരമല്ലിക്കര റോഡിലേക്കു തിരിയാനും ഈ റോഡിൽ നിന്ന് എംസി റോഡിലേക്കു കടക്കാനും പ്രയാസമാണ്.