കുതിരമൂട്ടിൽ കഞ്ഞി ആചാരത്തിന്റെ രുചി
Mail This Article
കുംഭഭരണിക്കുള്ള കെട്ടുകാഴ്ചകളുടെ നിർമാണമോ, അറ്റകുറ്റപ്പണിയോ ആരംഭിക്കുന്ന ദിവസം മുതൽ നടത്തുന്ന അന്നദാന വഴിപാടാണ് കുതിരമൂട്ടിൽ കഞ്ഞി അല്ലെങ്കിൽ കുതിരച്ചുവടിൽ കഞ്ഞി എന്നറിയപ്പെടുന്നത്. 13 കരക്കാർക്കായി 13 കെട്ടുകാഴ്ചകൾ ഉണ്ടാകും, ഈ 13 കരകളിലും ഈ വഴിപാട് നടത്തും. ഭക്തരുടെ വഴിപാടായാണു കഞ്ഞിസമർപ്പണം. കെട്ടുകാഴ്ചയുടെ പണി നടക്കുന്ന സ്ഥലമാണ് കുതിരമൂട്. അവിടെ വഴിപാടുകാരുടെ എണ്ണമനുസരിച്ചു രണ്ടു നേരമോ, മൂന്നു നേരമോ കഞ്ഞി വഴിപാട് ഉണ്ടായിരിക്കും. ചിലപ്പോൾ വഴിപാട് നടത്തുന്ന ഭക്തന്റെ വിശാലമായ വീട്ടുവളപ്പിലായിരിക്കും ഇതു നടത്തുക.
മണ്ണിലിരുന്ന്, ഇലക്കുമ്പിളിൽ
നിലത്തു വരിവരിയായി ചമ്രം പടിഞ്ഞിരുന്നാണു നൂറുകണക്കിനു പേർ സമഭാവനയോടെ കഞ്ഞി കുടിക്കുന്നത്. ആർക്കും പ്രത്യേക പരിഗണനയില്ല. കുംഭഭരണിക്കാലത്തെ മനം നിറയ്ക്കുന്ന കാഴ്ചയാണിത്. മുതിര, അസ്ത്രം, കടുമാങ്ങാക്കറി, പപ്പടം, ഉണ്ണിയപ്പം, അവൽ വിളയിച്ചത്, പഴം, ഉപ്പ് – ഈ എട്ടു കൂട്ടത്തിനൊപ്പമാണു കഞ്ഞി വിളമ്പുന്നത്. അതിനുമുണ്ട് ചില ചിട്ടവട്ടങ്ങൾ.ഇരിക്കുന്നവർക്കു മുന്നിൽ ഓലക്കാൽ വൃത്താകൃതിയിൽ വളച്ച് ഈർക്കിൽ കൊണ്ടു കുത്തിയെടുത്ത തട ആദ്യമെത്തും. അതിനു മുകളിലാണു തൂശനില വയ്ക്കുക. അതിലേക്ക് ആവി പറക്കുന്ന കഞ്ഞി ഒഴിക്കുമ്പോൾ ഇല വാടി കുമ്പിൾ പോലെ തടയ്ക്കുള്ളിലേക്കിറങ്ങും. അതിലേക്ക് അസ്ത്രം എന്ന കറി ഒഴിക്കും. കോരിക്കുടിക്കാനുള്ള പ്ലാവിലക്കുമ്പിളും നൽകും. മറ്റൊരു ഇലക്കീറിലാണ് മുതിരവേവിച്ചതും പപ്പടവും മാങ്ങ അച്ചാറുമെല്ലാം വിളമ്പുക. മധുരത്തിന് അവലും ഉണ്ണിയപ്പവും. പഴവും കഴിച്ച് എഴുന്നേൽക്കാം.
പിഴയ്ക്കാത്ത രുചി അസ്ത്രം കൂട്ടിന് മുതിര
കൊല്ലം മുതൽ വടക്കോട്ട് മധ്യ തിരുവിതാംകൂർ വരെ അസ്ത്രം എന്ന കൂട്ടുകറി പ്രചാരത്തിലുണ്ട്. മിക്ക കിഴങ്ങുവർഗങ്ങളും ഇതിൽ ചേരും. കാച്ചിലും ചേമ്പും ചേനയും ചിലപ്പോൾ മരച്ചീനിയുമാണു മുഖ്യ ചേരുവ. നല്ലപോലെ വേവിച്ച് ഉടച്ചെടുത്ത കറിയിലേക്കു തേങ്ങ, ചുവന്നുള്ളി, ജീരകം, കറിവേപ്പില എന്നിവയുടെ അരപ്പ് ചേർക്കും. കടുകു വറുത്ത് താളിച്ചു കഴിയുമ്പോൾ അസ്ത്രത്തിന്റെ മണം അന്തരീക്ഷത്തിൽ പടരും. ചെറുചേമ്പിന്റെ വിളവെടുപ്പു കാലമായാൽ ചേമ്പും വെള്ളരിക്കയും മാത്രം ചേർത്തുള്ള ചേമ്പസ്ത്രവുമുണ്ടാകും. കാച്ചിലും വെട്ടുചേമ്പും വെള്ളരിക്കയും മോരും മറ്റും ചേർത്തുണ്ടാക്കുന്ന അസ്ത്രവുമുണ്ട്.
ക്ഷണിക്കണം അതും ആചാരം
കഞ്ഞി വഴിപാട് നടത്തുന്നവർ ഏതു കരയിലാണോ അതു ചെയ്യുന്നത്, ആ കരയുടെ ആസ്ഥാനത്തെത്തും. നിർമാണം പുരോഗമിക്കുന്ന കെട്ടുകാഴ്ചയ്ക്കു സമീപം ദക്ഷിണ വച്ചു കരക്കാരെ കഞ്ഞിക്കായി ക്ഷണിക്കും. താലപ്പൊലിയുടെ അകമ്പടിയോടെ കഞ്ഞി നടക്കുന്ന സ്ഥലത്തേക്കു കരക്കാരെ സ്വീകരിച്ചാനയിക്കും. കരക്കാർ കുത്തിയോട്ടപ്പാട്ടുകൾ പാടി ആർപ്പു വിളികളുമായി ഒരു ഘോഷയാത്രയായാണു വഴിപാട് നടക്കുന്ന സ്ഥലത്തെത്തി കഞ്ഞിസദ്യയിൽ പങ്കെടുക്കുക.