ജലജീവൻ പദ്ധതി ലക്ഷ്യം റോഡ് നന്നാക്കാതെ അധികൃതർ; നടുവൊടിഞ്ഞ് ജനം
Mail This Article
ബുധനൂർ ∙ ജലജീവൻ പദ്ധതിയുടെ പേരു പറഞ്ഞ് ബുധനൂരിൽ റോഡു നന്നാക്കാതായിട്ട് ഒന്നര വർഷം, ജനം ദുരിതയാത്രയിൽ. ഒന്നരവർഷം മുൻപ് മണ്ണുമാന്തിയുപയോഗിച്ചു ഉഴുതിട്ടിരിക്കുന്ന റോഡിലെ കുഴികളുടെ എണ്ണം കൂടിയതല്ലാതെ ഒരു തരി ടാറുപോലും ഇവിടെ വീണില്ല. ജലജീവൻ പദ്ധതി പേരു പറഞ്ഞാണ് ബുധനൂർ ഹൈസ്കൂൾ ജംക്‌ഷനിൽ നിന്നും തെക്കോട്ടു എറിയാട്ടുതാഴെ– റോഡാണ് താറുമാറായി കിടക്കുന്നത്.ഇതോടൊപ്പം നിർമാണം ബുധനൂരിലെ എല്ലാ റോഡുകളുടെ ടാറിങ് പൂർത്തിയായി.
എന്നാൽ ഏകദേശം ഒന്നര കിലോമീറ്റർ വരുന്ന ഇത്രയും ഭാഗത്തെ ടാറിങ് നടത്തിയിട്ടില്ല. മണ്ണു മാന്തിയുപയോഗിച്ചു നിലമുഴുന്ന രീതിയിൽ ടാറിങ് ഇളകി കിടക്കുന്നതിനാൽ വലിയ കുഴികളാണ് ഈ പാതയിലേറെയും. ഒരു കുഴി വെട്ടിച്ചു വാഹനമോടിച്ചാൽ മറ്റൊരു കുഴിയിൽ ചാടി അപകടമുണ്ടാകുന്നത് ഇവിടെ പതിവായതായി നാട്ടുകാർ പറയുന്നു.കഴിഞ്ഞൊരു വർഷമായി നിരവധി അപകടങ്ങൾക്ക് ഇവിടം സാക്ഷ്യം വഹിച്ചതായി നാട്ടുകാരോടൊപ്പം ഇവിടെ പഞ്ചായത്തംഗവും പറയുന്നു.
ജലജീവൻ ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പുലൈൻ ഉടൻ ഇടുന്നു, അതിനായി കുഴിയെടുക്കേണ്ടതായിട്ടുണ്ട്. പമ്പാനദി, അച്ചൻകോവിലാറ്, കുട്ടംപേരൂർ ആറ് എന്നിവയുടെ സാന്നിധ്യമുള്ള ബുധനൂർ പഞ്ചായത്തിനു സ്വന്തമായി ശുദ്ധജല പദ്ധതിയില്ല. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ മറ്റു പല പഞ്ചായത്തുകളുമായി ചേർന്നു ദാ... ശുദ്ധജല പദ്ധതി വരുന്നു.. എന്നു പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ടു നാളുകളായി. അതു കഴിയാതെ ടാറിടില്ല.എന്തായാലും ഇവിടുത്തുകാർ ഇനിയും ഏറെ കഷ്ടപ്പെടേണ്ടി വരും.
ഈ പാതയിലൂടെ സഞ്ചരിച്ചു നടുവൊടിഞ്ഞവർ ചോദിക്കുന്ന ബുധനൂർ പഞ്ചായത്തിൽ ജലജീവൻ പദ്ധതിയുടെ ഒരു മീറ്റർ പൈപ്പു പോലും എങ്ങുമെത്തിയില്ല, പിന്നങ്ങനെയാണ് ഇവിടെ പൈപ്പു കുഴിച്ചിടുന്നതെന്ന് അധികൃതർ പറയുന്നത്...ഇനിയും എത്ര നാൾ കാത്തിരിക്കണം. സമീപ പഞ്ചായത്തുകളിൽ ജലജീവന്റെ പൈപ്പുകൾ കുന്നു കൂടി കിടക്കുമ്പോൾ ബുധനൂരിൽ പൈപ്പിടലിന്റെ പേരു പറഞ്ഞ ജനങ്ങളെ ഇങ്ങനെ ദുരിതയാത്ര നടത്തിക്കരുതെന്നാണ് നാട്ടുകാരുടെ അപേക്ഷ. അടുത്ത മഴയ്ക്കു മുൻപ് ഈ പാത ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.