ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിലും ഗുണ്ടാസംഗമം; ഗുണ്ടകളുടെ ആഘോഷ ഒത്തുചേരൽ വീണ്ടും
Mail This Article
ആലപ്പുഴ ∙ ജില്ലയിൽ ഗുണ്ടകളുടെ ആഘോഷ ഒത്തുചേരൽ വീണ്ടും. പുന്നപ്രയിലാണു കഴിഞ്ഞ ദിവസം എറണാകുളം, തൃശൂർ ജില്ലകളിൽനിന്നുള്ള 13 പേർ ഒത്തുചേർന്നത്. സ്വന്തം ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ലാത്ത മറ്റു ജില്ലകളിലെ കാപ്പ കേസ് പ്രതികൾ ആലപ്പുഴ താവളമാക്കുന്നു എന്നാണു സൂചന.തൃശൂരിലെ രണ്ടു കാപ്പ കേസ് പ്രതികൾ, കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്പു കേസിലെ പ്രതി, വ്യാപാരിയെ തടഞ്ഞു സ്വർണം തട്ടിയെടുത്ത കേസിലെ പ്രതികൾ, സ്പിരിറ്റ് കേസ് പ്രതികൾ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഇവർ വിവിധ കേസുകളിൽ ജാമ്യത്തിലാണ്.ഇവരുടെ ഒത്തുചേരലിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.
ആലപ്പുഴയിൽ വഞ്ചിവീട് യാത്രയും നടത്തി സംഘം ഇന്നലെ രാവിലെയാണു മടങ്ങിയത്. കായംകുളത്തു പിറന്നാൾ ആഘോഷത്തിനായി ഒത്തുകൂടിയ പത്തു ഗുണ്ടകളെ പൊലീസ് പിടികൂടിയിരുന്നു. എസ്ഡിപിഐ നേതാവായിരുന്ന കെ.എസ്.ഷാനിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കൂട്ടത്തിലുണ്ടായിരുന്നു. സംഘബലം കാണിക്കാനാണു ഗുണ്ടകൾ ഇത്തരത്തിൽ ഒത്തുകൂടുന്നതെന്നും ദൃശ്യങ്ങൾ പുറത്തുവരുന്നതിലൂടെ സംഘബലം പ്രദർശിപ്പിച്ചു പുതിയ ക്വട്ടേഷനുകൾ നേടുകയാണു ലക്ഷ്യമെന്നും പൊലീസ് സൂചിപ്പിക്കുന്നു. ഇത്തരം സംഘം ചേരലുകൾക്കു പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഒത്തുചേരലുകളുടെ റീൽസുകൾ ചിത്രീകരിച്ച് ഇവർ തന്നെ പുറത്തുവിടുന്നുണ്ടെന്നും വിവരമുണ്ട്.
ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിലും ഗുണ്ടാസംഗമം
ചേർത്തല ∙ ചേർത്തലയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ വീട്ടിൽ കൊലക്കേസ് പ്രതിയടക്കമുള്ള ഗുണ്ടകളുടെ സംഗമം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ ചേർത്തല ബ്ലോക്ക് കമ്മിറ്റിയംഗം വീട്ടിൽ ഒരുക്കിയ വിരുന്നിലാണ് ഗുണ്ടകൾ സംഗമിച്ചതെന്നാണു പൊലീസിനു വിവരം ലഭിച്ചത്.
ഡിവൈഎഫ്ഐ നേതാവിനെ ചേർത്തല പൊലീസ് സ്‌റ്റേഷനിലേക്കു മൊഴിയെടുക്കുന്നതിനു വിളിപ്പിച്ചിട്ടുണ്ട്. 15ന് വൈകിട്ടാണ് ചേർത്തല നഗരത്തിൽ നെടുമ്പ്രക്കാട് പ്രദേശത്തു ഗുണ്ടകൾ സംഗമിച്ചത്.സംഭവം പുറത്തായതോടെ സിപിഎമ്മും ഡിവൈഎഫ്ഐയും അന്വേഷണം തുടങ്ങി. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ടെന്നും അറിയുന്നു. പാർട്ടി ജില്ലാ നേതൃത്വവും വിഷയത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.