ADVERTISEMENT

ആലപ്പുഴ∙ വിപണി തേടി അലയാതെ കർഷകന് ഉൽപന്നങ്ങളുമായി ഇവിടെയെത്തി ന്യായ വിലയ്ക്ക് വിൽക്കാം, ഉപഭോക്താവിന് നല്ല ഫ്രഷ് പച്ചക്കറികളും നാടൻ പഴങ്ങളും കുട്ടനാടൻ അരിയും വെളിച്ചെണ്ണയും എല്ലാം മിതമായ നിരക്കിൽ വാങ്ങുകയും ചെയ്യാം. കളർകോട് മണ്ണ് പരിശോധന കേന്ദ്രത്തിനു സമീപം കണ്ടെയ്നറിൽ ഇന്നലെ പ്രവർത്തനം ആരംഭിച്ച നാട്ടുപീടിക കർഷകനും ഉപഭോക്താവിനും ഒരുപോലെ അനുഗ്രഹമാകുകയാണ്.ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിപണന കേന്ദ്രം സമൃദ്ധി നാട്ടുപീടിക കളർകോട് അഗ്രി കോംപ്ലക്‌സിൽ ആണ് പ്രവർത്തനം ആരംഭിച്ചത്.

എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹോർട്ടികോർപ് ചെയർമാൻ എസ്. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ആദ്യ പച്ചക്കറി വിൽപന ഇ.കെ. ജയന് നൽകി പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഗീത ബാബു കർഷകരിൽ നിന്നുള്ള ആദ്യ സംഭരണം നടത്തി. എ.എം. ആരിഫ് എം.പി, ഹോർട്ടികോർപ് മാനേജിങ് ഡയറക്ടർ ജെ. സജീവ്, ആത്മ പ്രോജക്ട് ഡയറക്ടർ ടി. സജി, പ്രിൻസിപ്പൽ കൃഷി ഓഫിസർ എസ്. അനിൽകുമാർ, ഹോർട്ടികോർപ് ജില്ല മാനേജർ കെ. സിന്ധു എന്നിവർ പ്രസംഗിച്ചു.

മാറ്റി സ്ഥാപിക്കാനും സാധിക്കും
പഴങ്ങൾക്കും പച്ചക്കറികൾക്കും പുറമേ കുട്ടനാടൻ അരി, വെളിച്ചെണ്ണ, തേൻ, പുളി എന്നിവയും ഇവിടെ ലഭിക്കും. കൂടുതൽ ഉൽപന്നങ്ങൾ ഘട്ടം ഘട്ടമായി പീടികയിൽ എത്തിക്കും. മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ കഴിയുന്ന രീതിയിലാണ് പഴയ കണ്ടെയ്നറുകൾ രൂപമാറ്റം വരുത്തി നാട്ടുപീടികകൾ രൂപ കൽപന ചെയ്തിട്ടുള്ളത്. രണ്ടു വർഷം മുൻപ് വെട്ടക്കൽ കാർഷിക സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് ആദ്യ നാട്ടുപീടിക തുടങ്ങിയത്. കളർകോട് അഞ്ചാമത്തെ പീടികയ്ക്കാണ് തുടക്കമായത്. അടുത്തത് കായംകുളം സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ഉടൻ ആരംഭിക്കും. 

കെഎൽഡിസിക്കാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചുമതല. ഒരു യൂണിറ്റിന് 8.6 ലക്ഷം രൂപയാണ് ചെലവ്. ജില്ലയിൽ ആകെ ചെലവായ 51.6 ലക്ഷം രൂപയിൽ 38.7 ലക്ഷം രൂപ സബ്സിഡി ആണ്. സഹകരണ സംഘങ്ങൾക്ക്  50 ശതമാനവും മറ്റുള്ളവയ്ക്ക് 100 ശതമാനവുമാണ് സബ്‌സിഡി. 1.80 ലക്ഷം രൂപ കർഷകർക്കുള്ള റിവോൾവിങ് ഫണ്ടായി നൽകുന്നുണ്ട്. സഹകരണ സംഘങ്ങൾക്ക് 20,000 രൂപ വീതവും മറ്റുള്ളവയ്ക്ക് 40,000 രൂപ വീതവുമാണ് റിവോൾവിങ് ഫണ്ടായി നൽകുന്നത്. പഴങ്ങളും പച്ചക്കറികളും അധികം ഉണ്ടെങ്കിൽ സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റി വിപണനം നടത്താനും ലക്ഷ്യമിടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com