ADVERTISEMENT

ആലപ്പുഴ ∙ വിമാന ടിക്കറ്റ് ഓൺലൈൻ ആയി ബുക്ക് ചെയ്തത് വ്യാജ വെബ്സൈറ്റിൽ, ഗവ. ഉദ്യോഗസ്ഥനു നഷ്ടമായത് 1,08,721 രൂപ. ജില്ലയിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് സൈബർ സെല്ലിനു മുന്നിൽ ഈ പരാതി എത്തിയത്.  വ്യാജ വെബ്സൈറ്റുകൾ അരങ്ങുവാഴുന്ന സൈബർ ലോകത്ത് ഇങ്ങനെ വഞ്ചിക്കപ്പെടുന്നവർ ഒട്ടേറെയാണെന്നു സൈബർ സെൽ ഉദ്യോഗസ്ഥർ അറിയിച്ചു. നാണക്കേടു മൂലം പരാതിപ്പെടാത്തവരുമുണ്ട്. ഇതുൾപ്പെടെ പല തരത്തിലുള്ള നൂറു കണക്കിനു സൈബർ തട്ടിപ്പുകളാണു സംഭവിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം നേരിട്ടു സൈബർ സെൽ മുൻപാകെ ജില്ലയിൽ നിന്ന് അൻപതോളം പരാതികൾ കിട്ടി. ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ എത്തിയ പരാതികൾ അതിന്റെ ഇരട്ടിയിലേറെയാണ്. 

എങ്ങനെയാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത് എന്ന അറിവുണ്ടായിരിക്കുക വളരെ പ്രധാനമാണെന്നു സൈബർ സെൽ ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റൽ അറിവുകൾ കുറവുള്ള സാധാരണക്കാരോ വയോധികരോ ഒക്കെയാണു വഞ്ചിതരാകുന്നത് എന്നു സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ട്. ഓൺലൈൻ സേവനങ്ങൾ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്ന ഐടി വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ ധാരാളമായി ചതിക്കപ്പെടുന്നുണ്ട്. അപമാനം ഭയന്നു മിണ്ടാതിരിക്കുമ്പോൾ തട്ടിപ്പുകാരെയാണു നമ്മൾ സഹായിക്കുന്നത്. ചതിക്കുഴികളെപ്പറ്റി ജാഗ്രതയുണ്ടാകാൻ ചില കേസുകൾ വായനക്കാർക്കായി പങ്കുവയ്ക്കുന്നു.

വ്യാജന്മാരുടെ വിളയാട്ടം
ഉദ്യോഗസ്ഥരായ സുഹൃത്തുക്കൾ ചേർന്നൊരു വിനോദയാത്ര. ഒരുമിച്ചു വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒരാളെ ഏൽപിച്ചു. അദ്ദേഹം ബന്ധപ്പെട്ട എയർലൈൻസിന്റെ വെബ്സൈറ്റിനായി തിരയാൻ തുടങ്ങിയപ്പോൾ തന്നെ ഒരെണ്ണം കിട്ടി. അതിൽ കൊടുത്തിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടു വിവരം പറഞ്ഞു. അവർ പരിശോധിച്ച ശേഷം ആവശ്യമുള്ളത്ര ടിക്കറ്റുകൾ ഉണ്ടെന്ന് അറിയിച്ചു. തുടർന്ന് 49,851 രൂപ യുപിഐ വഴി അയച്ചു നൽകി. അടുത്ത ദിവസം അവർ ബന്ധപ്പെട്ടു 30,217 രൂപ കൂടി അടയ്ക്കാൻ പറഞ്ഞു. അതും നൽകി. തുക തികഞ്ഞില്ലെന്നു പറഞ്ഞു വീണ്ടും വിളി വന്നു. ഡെബിറ്റ് കാർഡിൽ പണമില്ലായിരുന്നു. എന്നാൽ ക്രെഡിറ്റ് കാർഡ് മതിയെന്നും വിവരങ്ങൾ തരാനും നിർദേശിച്ചു. വിവരങ്ങൾ നൽകിയതോടെ ആദ്യം 16,753 രൂപ, പിന്നാലെ 8317 രൂപ, 3,553 രൂപ എന്നിങ്ങനെ അക്കൗണ്ടിൽ നിന്നു ചോർന്നു. വിളികളും നിന്നു. അങ്ങോട്ടു വിളിക്കാനും പറ്റുന്നില്ല. ടിക്കറ്റുമില്ല, കാശുമില്ല. അങ്ങനെയാണു സൈബർ സെല്ലിൽ പരാതി നൽകിയത്.

എങ്ങനെ വ്യാജനെ തിരിച്ചറിയും
ഇവിടെ അവതരിപ്പിച്ച കേസിൽ, വ്യാജ സൈറ്റാണു ചതിക്കുഴി. ഇന്റർനെറ്റിൽ തിരയുമ്പോൾ ആദ്യമേ കിട്ടുന്നത് ഒറിജിനൽ വെബ്സൈറ്റ് ആകണമെന്നില്ല. അൽഗൊരിതങ്ങൾ പ്രകാരമാണു സേർച് എൻജിൻ വെബ്സൈറ്റുകൾക്കു മുൻഗണന നൽകുക. അതിനാൽ വിദഗ്ധമായി തയാറാക്കിയ പല തട്ടിപ്പു സൈറ്റുകളും ഇന്റർനെറ്റ് സേർച്ചിൽ മുകളിൽ തന്നെയുണ്ടാകും. വിശദമായി പരിശോധിച്ചാൽ, ഒറ്റനോട്ടത്തിൽ സമാനമെന്നു തോന്നുന്ന ഒട്ടേറെ സൈറ്റുകൾ കിടക്കുന്നതു മനസ്സിലാകും. അതിലെ വ്യാജന്മാരെ കണ്ടെത്തണം. ലിങ്ക് ശ്രദ്ധിച്ചാൽ ഒരു പരിധി വരെ വ്യാജനെ തിരിച്ചറിയാം.
primedaysale, biggestsale, offerzone തുടങ്ങി പല പേരുകളിലാകും ഓൺലൈൻ വിൽപന കമ്പനികളുടെ വെബ്സൈറ്റ് ഉണ്ടാവുക. .com, .org, .biz തുടങ്ങി യാതൊരു ബന്ധവുമില്ലാത്ത ഡൊമൈൻ ആകും ഈ വ്യാജൻ‍മാർക്കുണ്ടാവുക. മിക്കപ്പോഴും ഒറിജിനൽ വെബ്സൈറ്റിന്റെ സ്ക്രീൻ ഷോട്ട് പശ്ചാത്തലമാക്കി അതിനു മുകളിൽ തട്ടിപ്പു നടത്താനുള്ള വഴികൾ മാത്രമാകും വ്യത്യാസപ്പെടുത്തുക. അതിനാൽതന്നെ ഒറിജിനലിൽ ക്ലിക് ചെയ്യാവുന്ന എല്ലാ ഭാഗങ്ങളും ഇതിൽ ക്ലിക് ചെയ്യാനാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com