ADVERTISEMENT

ആലപ്പുഴ∙ തിരിച്ചറിയൽ രേഖയോ ആധാരം പോലെയുള്ള ജാമ്യ വസ്തുവോ വേണ്ട, മിനിറ്റുകൾക്കുള്ളിൽ പണം കിട്ടും, പലിശ അൽപം കൂടുമെന്നു മാത്രം– ഇതൊക്കെ കണ്ടു വായ്പ എടുത്തവർ അധികം വൈകാതെ സന്ദർശിക്കുന്ന ഒരിടമാണു സൈബർസെൽ. തട്ടിപ്പുകൾ പലവിധമുണ്ടെങ്കിലും കൂടുതൽ പേരും വായ്പ ആപ് എന്ന കഴുത്തറുപ്പൻ കെണിയിലാണു തല വച്ചുകൊടുക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ‘പോപ് അപ്’ ചെയ്തെത്തുന്ന പരസ്യങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും ആണ് ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ ഇരകളെ വീഴ്ത്തുന്നത്.‍

ഇത്തരമൊരു ആപ്പിലൂടെ ആലപ്പുഴ സ്വദേശിനിക്കു 64,000 രൂപയാണു നഷ്ടമായത്. 5 ലക്ഷം രൂപയാണു ലോൺ എടുക്കാൻ തീരുമാനിച്ചത്. ഇതിന്റെ പ്രോസസിങ് ഫീസ് ഇനത്തിൽ 30,000 രൂപ ആദ്യം അടച്ചു. വീണ്ടും മറ്റു ചാർജുകളായി 14,000 രൂപ, 20,000 രൂപ എന്നിങ്ങനെ ആവശ്യപ്പെട്ടപ്പോൾ അതും നൽകി. വീണ്ടും കാശ് ചോദിച്ചപ്പോഴാണ് 5 ലക്ഷം രൂപ വായ്പ എടുക്കാൻ താൻ എന്തിനാണ് ഇത്രയും രൂപ നൽകേണ്ടത് എന്നു ചിന്തിച്ചത്. പൈസ തിരികെ ചോദിച്ചപ്പോൾ മറുപടി ഇല്ലാതിരുന്നതോടെ തട്ടിപ്പിനിരയായതായി ബോധ്യപ്പെട്ടു. ഇതോടെ സൈബർ സെല്ലിൽ പരാതിയുമായെത്തി.

വായ്പ എടുത്തു കഴിഞ്ഞുള്ള പണികൾ വേറെ
വായ്പ എടുക്കുന്നതിനു മുൻപു മാത്രമല്ല, എടുത്ത വായ്പ അടച്ചുതീർന്നിട്ടും ഭീഷണി നേരിടേണ്ടി വന്നവരുമുണ്ട്. വായ്പ ആപ്പ് വഴി ഒരു ലക്ഷം രൂപ വായ്പ എടുത്ത വള്ളികുന്നം സ്വദേശിനി പലിശയും മുതലും കൃത്യസമയത്തിനുള്ളിൽ തിരിച്ചടച്ചു, എന്നാൽ അതു പോരെന്നു ആപ്പുകാർ. അവസാനം ഭീഷണിയിലെത്തി. നഗ്നചിത്രം അടുപ്പക്കാർക്ക് അയച്ചുകൊടുത്തു. ഇതോടെ പേടിച്ച വീട്ടുകാർ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.

തട്ടിപ്പ് എങ്ങനെ?
ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടത്തിൽ ഇരയുടെ മൊബൈൽ ഫോണിലെ കോൺടാക്ട് ലിസ്റ്റ്, വിഡിയോകൾ, ചിത്രങ്ങൾ എന്നിവ ഉപയോഗിക്കാനുള്ള അനുമതി വാങ്ങുന്നതാണു തട്ടിപ്പിന്റെ ആദ്യഘട്ടം. ഇതോടെ മൊബൈലിലെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും കോൺടാക്ട് ലിസ്റ്റും തട്ടിപ്പുകാരുടെ കയ്യിലെത്തും. തിരിച്ചറിയൽ രേഖയെന്ന നിലയിൽ ആധാർ ക‍ാർഡിന്റെയോ പാൻ കാർഡിന്റെയോ പകർപ്പ് കൂടി ആപ്പുകൾ ആവശ്യപ്പെടും.

ഈ കാർഡുകൾ ദുരുപയോഗം ചെയ്താണു തട്ടിപ്പു പരിപാടികൾക്കുള്ള പുതിയ മൊബൈൽ കണക്‌ഷനുകൾ എടുക്കുന്നത്. തട്ടിപ്പിനു പിന്നാലെയെത്തുന്ന പൊലീസിനു മറ്റൊരു ഇരയേയാകും കിട്ടുക. വാങ്ങിയ വായ്പയും പലിശയും തിരിച്ചടച്ചു കഴിഞ്ഞാൽ പിന്നെ ബ്ലാക്ക് മെയിലിങ്ങിലൂടെ വൻതുക വാങ്ങാനാകും ഈ സംഘങ്ങളുടെ ശ്രമം. അതിനായി വ്യാജ നഗ്നചിത്രങ്ങളും ലൈംഗിക ദൃശ്യങ്ങളുമുണ്ടാക്കി പ്രചരിപ്പിക്കുക വരെ ചെയ്യും.

ഫോൺ വിളിയിൽ എത്തും കാശ്!
ബാങ്കിൽ നിന്നെന്നു പറഞ്ഞു വിളിച്ച് തട്ടിപ്പ് നടത്തുന്ന വേറെ കൂട്ടരുണ്ട്. തണ്ണീർമുക്കത്തെ ഹരിതകർമ സേനാംഗത്തിനു മുദ്ര വായ്പയായി 2 ലക്ഷം രൂപ ലഭിക്കും എന്നു പറ‍ഞ്ഞാണു ‘ബാങ്കു’കാർ വിളിച്ചത്. പ്രോസസിങ് ഫീയായി ആദ്യം 10,000 രൂപ നൽകി. കടംവാങ്ങി വരെ വീണ്ടും രണ്ടു തവണ പണം നൽകി. ആകെ 60,000 രൂപ കൊടുത്തു. വീണ്ടും പൈസ ചോദിച്ചപ്പോൾ സംശയം തോന്നി പരിചയത്തിലുള്ള സൈബർ സെൽ ഉദ്യോഗസ്ഥനോട് പറഞ്ഞപ്പോഴാണു തട്ടിപ്പാണെന്നു മനസ്സിലായത്.(തുടരും)

വിളിച്ചാൽ പറയണം, വേണ്ടേ,വേണ്ട...
പണം കടം തരാമെന്നു പറഞ്ഞ് ഇങ്ങോട്ടു സമീപിക്കുന്ന സംഘങ്ങളിൽ നിന്ന് ഒരിക്കലും പണം വാങ്ങരുതെന്നാണു പൊലീസിന്റെ ഉപദേശം. അഥവാ കുടുങ്ങിപ്പോയാൽ ഉടൻ പൊലീസ് സഹായം തേടണമെന്നും ഇവർ പുറത്തുവിടുന്ന ചിത്രങ്ങൾ മോർഫ് ചെയ്തവയാണെന്നു പൊതുസമൂഹത്തിനു വ്യക്തമായ ധാരണയുള്ളതിനാൽ ഭയപ്പെടേണ്ടതില്ലെന്നും പൊലീസ് പറയുന്നു. വായ്പ തരാം എന്നു പറഞ്ഞു ഫോൺ വിളിച്ചാൽ വായ്പ വേണമെങ്കിൽ നേരിട്ടു ബാങ്കിൽ പോയി എടുത്തോളാം എന്നു പറയണം. ബാങ്കിൽ പോകാൻ മടിച്ച് ഉള്ള മനഃസമാധനം കളയരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com