മാവേലിക്കര: സിപിഐ ജില്ലാ ഘടകങ്ങൾ മൂന്നു തട്ടിൽ
Mail This Article
ആലപ്പുഴ∙ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ സിപിഐ സ്ഥാനാർഥിയുടെ കാര്യത്തിൽ മണ്ഡലം പരിധിയിൽ വരുന്ന ജില്ലാ ഘടകങ്ങൾ പല തട്ടിൽ. സ്ഥാനാർഥിത്വത്തിനായി സിപിഐയുടെ ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലാ ഘടകങ്ങൾ ചേർന്നു നിർദേശിച്ചത് 8 പേരുകൾ. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പേരു മാത്രമാണ് രണ്ടു ജില്ലകളുടെ പാനലിലുള്ളത്.സംസ്ഥാന നേതൃത്വത്തിന്റെ സാധ്യതാ പട്ടികയിലുള്ള സി.എ.അരുൺകുമാറിന്റെ പേര് നിർദേശിച്ചത് ആലപ്പുഴ ജില്ലാ കൗൺസിൽ മാത്രം. ഒരു ഘടകത്തിലും ചർച്ച ചെയ്യുന്നതിനു മുൻപേ സ്ഥാനാർഥിയായി അരുൺകുമാറിന്റെ പേരു പ്രചരിക്കുന്നതിനെതിരെ കൊല്ലം, കോട്ടയം ജില്ലാ കൗൺസിൽ യോഗങ്ങളിൽ വിമർശനവുമുയർന്നു.
ആലപ്പുഴ,കൊല്ലം ജില്ലകളിലെ 3 മണ്ഡലങ്ങൾ വീതവും കോട്ടയം ജില്ലയിലെ ഒരു മണ്ഡലവും ചേരുന്നതാണ് മാവേലിക്കര ലോക്സഭാ മണ്ഡലം. മൂന്നു ജില്ലാ കമ്മിറ്റികളോടും സ്ഥാനാർഥിത്വത്തിലേക്കു പരിഗണിക്കാവുന്ന മൂന്നു പേരുടെ പാനൽ സമർപ്പിക്കാനാണു നിർദേശിച്ചത്. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മുൻ എംപി ചെങ്ങറ സുരേന്ദ്രൻ, മുൻ എംഎൽഎ കെ.അജിത് എന്നിവരെയാണു കോട്ടയം ജില്ലാ കൗൺസിൽ നിർദേശിച്ചത്.ചിറ്റയം ഗോപകുമാറിനു പുറമേ എഐവൈഎഫ് സംസ്ഥാന നിർവാഹക സമിതി അംഗം പ്രിജി ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗം ആർ.എസ്.അനിൽ എന്നിവരുടെ പേരുകൾ കൊല്ലം ജില്ലാ കൗൺസിൽ നിർദേശിച്ചു.
എഐവൈഎഫ് സംസ്ഥാന കൗൺസിൽ അംഗവും മന്ത്രി പി.പ്രസാദിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയുമായ സി.എ.അരുൺകുമാർ സിപിഐ ചേർത്തല മണ്ഡലം സെക്രട്ടറി എം.സി.സിദ്ധാർഥൻ, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് എം.സന്തോഷ്കുമാർ എന്നിവരുടെ പേരുകളാണ് ആലപ്പുഴ ജില്ലാ നേതൃത്വം നിർദേശിച്ചത്.ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കുട്ടനാട്, ചെങ്ങന്നൂർ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂർ, കോട്ടയം ജില്ലയിലെ ചങ്ങനാശേരി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് മാവേലിക്കര ലോക്സഭാ മണ്ഡലം. സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ സി.എ. അരുൺകുമാറിനെ മണ്ഡലത്തിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടനാട് കേന്ദ്രീകരിച്ച് കർഷകജാഥകളും മറ്റും സംഘടിപ്പിച്ചിരുന്നു. ഇതുൾപ്പെടെ ചൂണ്ടിക്കാണിച്ചാണു മറ്റു ജില്ലാ കമ്മിറ്റികളുടെ വിമർശനം.