തീ അണയ്ക്കാൻ എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് വീണ് പരുക്ക്
Mail This Article
ആലപ്പുഴ∙ നഗരത്തിൽ ഇരുമ്പുപാലം ജംക്‌ഷന് സമീപം ബേക്കറിക്ക് തീപിടിച്ചു. തീ അണയ്ക്കാൻ എത്തിയ ഫയർ ഫോഴ്സ് അംഗത്തിന് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും വീണു പരുക്കേറ്റു. ഇരുമ്പുപാലം ജോയ് ആലുക്കാസിന് എതിർവശത്ത് കണിയാംപിള്ളി ബിൽഡിങ്ങിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ലേ ബോൺ ബേക്കറിയിൽ ആണ് ഇന്നലെ വൈകിട്ട് നാല് മണിയോടെ തീപിടിത്തം ഉണ്ടായത്.ആലപ്പുഴ ഫയർഫോഴ്സ് യൂണിറ്റിലെ ഫയർ ആൻഡ് റസ്ക്യ ഓഫിസർ അമർജിത്തിനാണ് തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഒന്നാം നിലയിൽ നിന്നും വീണു പരുക്കേറ്റത്. തീപിടിത്തം ഉണ്ടായ മുറിയുടെ ജനൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ ചവിട്ടി നിന്ന സീലിങ് അടർന്നു 10 അടി താഴ്ചയിൽ താഴേക്കു പതിക്കുകയായിരുന്നു.
തലയ്ക്കു പരുക്കേറ്റ അമർജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെറ്റിക്ക് തുന്നൽ ഇട്ട ശേഷം വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തു. ഒരു മണിക്കൂർ പ്രയത്നിച്ചാണ് ഫയർഫോഴ്സ് തീ അണച്ചത്.മുഹമ്മ മുട്ടത്തിപ്പറമ്പ് സ്വദേശി അരവിന്ദിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ബേക്കറി. ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് സംശയിക്കുന്നത്. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്റ്റേഷൻ ഓഫിസർ എസ്.പ്രസാദിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ ജയസിംഹൻ, ജോജി, നൗഷാദ്, ഓഫിസർമാരായ വിജയ്,ശശി അഭിലാഷ്, രതീഷ്,ലോറൻസ്, ജസ്റ്റിൻ, പ്രശാന്ത് എന്നിവർ ആണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.