ശക്തമായി എതിർക്കേണ്ടത് കോൺഗ്രസിനെ: മന്ത്രി സജി
Mail This Article
ആലപ്പുഴ∙ ബിജെപിയെയല്ല, കോൺഗ്രസിനെയാണു ശക്തമായി എതിർക്കേണ്ടതെന്നു മന്ത്രി സജി ചെറിയാൻ. ആലപ്പുഴ ലോക്സഭാ മണ്ഡലം എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടന വേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘കോൺഗ്രസിനെതിരെ ആഞ്ഞടിക്കണം, ഒരു വിട്ടുവീഴ്ചയുമരുത്. ബിജെപിയെ പറയുന്നതിനെക്കാൾ കൂടുതൽ കോൺഗ്രസിനെ പറയണം. ബിജെപി ഇങ്ങനെ കയറി വരുന്നെന്നു പറയുമെങ്കിലും അവർ ഇവിടെ വിജയിക്കാനൊന്നും പോകുന്നില്ല. കോൺഗ്രസിനെ നിലംപരിശാക്കണം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ എന്തെങ്കിലുമാകട്ടെ. എൽഡിഎഫിന് ഒരു സീറ്റും കിട്ടരുതെന്നു കരുതിയാണു രാഹുൽ ഗാന്ധിയും കെ.സി.വേണുഗോപാലും ഉൾപ്പെടെ കേരളത്തിൽ വന്നു മത്സരിക്കുന്നത്.’ തിരഞ്ഞെടുപ്പു യോഗങ്ങളിൽ കോൺഗ്രസിനെതിരെ രൂക്ഷമായ പ്രചാരണം നടത്താനും സജി ചെറിയാൻ പറഞ്ഞു.
എൽഡിഎഫ് ആലപ്പുഴ പാർലമെന്റ് മണ്ഡലം ഓഫിസ് തുറന്നു
ആലപ്പുഴ∙ എൽഡിഎഫ് ആലപ്പുഴ പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നേതാക്കൾ അറിയിച്ച പോലെ പ്രചാരണ പ്രവർത്തനങ്ങൾ നടന്നോയെന്നു സംശയമുണ്ടെന്നു പി.പ്രസാദ് പറഞ്ഞു. മന്ത്രി സജി ചെറിയാൻ ,ലോക്സഭ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് പി.വി.സത്യനേശൻ, സെക്രട്ടറി ആർ.നാസർ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി.ചന്ദ്രബാബു, സൂസൻ കോടി, എംഎൽഎമാരായ തോമസ് കെ.തോമസ്, പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, ദലീമ ജോജോ, യു.പ്രതിഭ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.