ആർകെവി –നാക്കട റോഡരികിലെ കനാൽ നവീകരണം വെള്ളമൊഴുക്കണമെന്ന ആവശ്യം ശക്തം
Mail This Article
ചെങ്ങന്നൂർ ∙ പാണ്ടനാട് പടിഞ്ഞാറ് ആർകെവി –നാക്കട റോഡരികിലെ കനാൽ നവീകരണം പൂർത്തിയാക്കി വെള്ളമൊഴുക്കണമെന്ന് ആവശ്യം. നവീകരണം പൂർത്തിയായാൽ വരൾച്ചയിൽ വലയുന്ന പതാരം പാടത്തെ കർഷകർക്ക് ആശ്വാസമാകും.കനാലിന്റെ അവസാന ഭാഗത്ത് ഇരുപതടിയോളം നവീകരണ പ്രവർത്തികൾ പൂർത്തിയാകാനുണ്ട്. ഇവിടെ സ്വകാര്യഭൂമിയിലെ നടവഴിയിൽ പൈപ്പിട്ടു പതാരം പാടത്തേക്കു വെള്ളമെത്തിക്കാമെന്നു കർഷകർ പറയുന്നു. പിഐപി മെയിൻ കനാലിൽ നിന്ന് ഈ പ്രദേശത്തേക്കു വെള്ളമെത്തില്ല.
കനാൽ നവീകരണം പൂർത്തിയാക്കി വെള്ളൂപ്പടവ് –പുലക്കളം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ നിന്നു വെള്ളം പമ്പ് ചെയ്തു കനാലിലൂടെ പാടത്ത് എത്തിക്കാം. പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ച കനാൽ മണ്ണും ചെളിയും മൂടി കിടന്നിരുന്നതാണ്. മാസങ്ങൾക്കു മുൻപാണു നവീകരണം തുടങ്ങിയത്. മണ്ണും ചെളിയും നീക്കി, ആവശ്യമായിടത്തൊക്കെ സിമന്റ് തേച്ച് അറ്റകുറ്റപ്പണികൾ നടത്തി. വരൾച്ച രൂക്ഷമായതിനാൽ കനാലിലൂടെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വഴി വെള്ളമൊഴുക്കിയാൽ കർഷകർക്കു മാത്രമല്ല പ്രയോജനപ്പെടുക, സമീപത്തെ വീടുകളിലെ കിണറുകളിലും ഉറവയെത്തുന്നതോടെ ജലക്ഷാമത്തിനും പരിഹാരമാകും.
നിലവിൽ കരക്കൃഷി മാത്രം
ആവശ്യത്തിനു വെള്ളം കിട്ടാത്തതിനാൽ പതാരം പാടത്തു നെൽകൃഷി ചെയ്യാനാകാത്ത സ്ഥിതിയാണ്.നിലവിൽ തകിടി പുരയിടത്തിൽ തെങ്ങ്, വാഴ, കരിമ്പ് കൃഷികളാണു കർഷകർ നടത്തുന്നത്. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ നെൽകൃഷി ചെയ്തെങ്കിലും ആവശ്യത്തിനു വെള്ളം കിട്ടാതെ നെൽച്ചെടികൾ കരിഞ്ഞു.