സ്ഥാനാർഥികൾ സജീവം; പ്രചാരണച്ചൂട് കടുത്തു
Mail This Article
ആലപ്പുഴ
എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ് ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥികളെയും തൊഴിലാളികളെയും മറ്റും കണ്ടു വോട്ട് തേടി. നഗരത്തിലെ വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങളിലും കയർ ഫാക്ടറികളിലും സ്ഥാനാർഥി എത്തി. വിവിധ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും വഴിയാത്രക്കാരോടും വോട്ടഭ്യർഥിച്ചു.യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ രാവിലെ ആലപ്പുഴ കോടതികളിലെ അഭിഭാഷകരെയും ജീവനക്കാരെയും കണ്ടു വോട്ട് തേടി.
തുടർന്നു കലക്ടറേറ്റ്, മുല്ലയ്ക്കൽ ബ്രാഹ്മണ സമൂഹം എന്നിവിടങ്ങളിലും എത്തി. ജില്ലാ കോടതി ജംക്‌ഷനിൽനിന്നു മണ്ണഞ്ചേരി, മുഹമ്മ, ചേർത്തല മേഖലകളിലൂടെ റോഡ്ഷോ നടത്തി. കെ.സി.വേണുഗോപാലും എ.എം.ആരിഫും വൈകിട്ടു ലജ്നത്തുൽ മുഹമ്മദിയ്യയുടെ നോമ്പുതുറയിൽ പങ്കെടുത്തു. എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഭരണിക്കാവിൽ ബിജെപി ഓഫിസ് ഉദ്ഘാടനത്തിനു ശേഷം കായംകുളത്ത് സ്വാതന്ത്ര്യസമര സേനാനി കെ.എ.ബേക്കറിനെ കണ്ട് അനുഗ്രഹം തേടി. വൈകിട്ട് കായംകുളം നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ്ഷോ നടത്തി.
മാവേലിക്കര
യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ചെങ്ങന്നൂർ, മാവേലിക്കര, ചങ്ങനാശേരി നിയമസഭാ മണ്ഡലം കൺവൻഷനുകളിൽ പങ്കെടുത്തു. ചെങ്ങന്നൂർ വിശ്വധർമ മഠത്തിലും ചെങ്ങന്നൂർ ഭദ്രാസന ആസ്ഥാനത്തും പുതിയകാവ് സെന്റ് ജോസഫ് പള്ളിയിലുമെത്തി അനുഗ്രഹം തേടി. ചാരുംമൂട്ടിൽ വിവിധ സ്ഥാപനങ്ങളിലെത്തി വോട്ട് തേടി.
എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺകുമാറിന്റെ പ്രചാരണം കുട്ടനാട്ടിലും കുന്നത്തൂരിലുമായിരുന്നു. കശുവണ്ടി ഫാക്ടറികൾ കേന്ദ്രീകരിച്ചാണു പ്രധാനമായും വോട്ട് തേടിയത്. വൈകിട്ടു തകഴിയിലെത്തി വിവിധ സ്ഥാപനങ്ങളിൽ വോട്ടഭ്യർഥിച്ചു. എൻഡിഎ സ്ഥാനാർഥി ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. തുടർന്നു തകഴിയിൽ റോഡ്ഷോയും നടത്തി.