കേന്ദ്രത്തിൽനിന്ന് തുക ലഭിച്ചു; നെല്ലിന്റെ വില ഉടൻ കിട്ടുമെന്ന പ്രതീക്ഷയിൽ കർഷകർ
Mail This Article
എടത്വ ∙ നെല്ലു വിലയിൽ സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്നും ലഭിക്കാനുണ്ടായിരുന്ന തുക ലഭിച്ച സാഹചര്യത്തിൽ പുഞ്ചക്കൃഷിക്ക് കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. തുടർച്ചയായ അവധിയും സാമ്പത്തിക വർഷത്തിന്റെ അവസാനവും ആയതിനാൽ ഇനിയും തുക ലഭിക്കാൻ താമസം നേരിടുമോ എന്ന ആശങ്കയുണ്ട്. വിളവെടുപ്പ് തുടങ്ങി 2 മാസം ആകുമ്പോഴും ഒരു കർഷകർക്കു പോലും വില ലഭിച്ചു തുടങ്ങിയിട്ടില്ല. നെല്ലു സംഭരിച്ചതിനു തെളിവായി ലഭിച്ച പി ആർ എസുമായി ബാങ്കുകൾ കയറി ഇറങ്ങുകയാണ്. ബാങ്കിൽ ചെല്ലുന്ന കർഷകരോട് പണം നൽകുന്നതിനുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്നു പറഞ്ഞു മടക്കുകയാണ്. പി ആർ എസിൽ കർഷകൻ ഉൽപാദിപ്പിച്ച നെല്ല് മുഴുവൻ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏക്കറിന് 22 ക്വിന്റൽ എന്ന കണക്കിൽ മാത്രമേ വില ആദ്യം ലഭിക്കൂ എന്നാണ് കർഷകരോട് പറയുന്നത്.
ഇത് കർഷകരിൽ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. സപ്ലൈകോയുടെ കണക്കിൽ ഏക്കറിന് 22 ക്വിന്റൽ എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ മന്ത്രിമാരായ പി. പ്രസാദ്, ജി.ആർ.അനിൽ എന്നിവർ പറഞ്ഞിരിക്കുന്നത് മുഴുവൻ നെല്ലും സംഭരിക്കുകയും വില നൽകുകയും ചെയ്യുമെന്നാണ്. ഇതുമാത്രമാണ് കർഷകരുടെ ആശ്വാസം. ബാങ്കിൽ നിന്നും വില ലഭിച്ചാൽ മാത്രമേ ഈ കാര്യത്തിൽ വ്യക്തത വരൂ. പാഡി മാർക്കറ്റിങ് അധികൃതരുടെ കണക്ക് ഇക്കുറി ജില്ലയിൽ 28400 ഹെക്ടറോളം സ്ഥലത്ത് കൃഷി ചെയ്തിട്ടുണ്ടെന്നാണ്. അതനുസരിച്ച് ഏക്കറിന് ശരാശരി 20 ക്വിന്റൽ ലഭിച്ചാൽ 142000 ടൺ നെല്ല് സംഭരിക്കേണ്ടി വരും. എന്നാൽ സപ്ലൈകോ പ്രതീക്ഷിക്കുന്നത് 129240 ടൺ നെല്ലാണ്. ഇതിനോടകം 35845,11 ടൺ നെല്ല് സംഭരിച്ചു. 11352.91 ഹെക്ടറിലെ നെല്ലാണ് സംഭരിച്ചത്. കൃഷി ചെയ്തതിന്റെ 40 ശതമാനം കൊയ്ത്താണ് പൂർത്തിയായിട്ടുള്ളത്. സപ്ലൈകോയുടെ കണക്കനുസരിച്ച് നെല്ല് സംഭരിച്ചാൽ തന്നെ ജില്ലയിൽ 365 കോടി രൂപ കർഷകർക്ക് കൊടുക്കേണ്ടി വരും.