കനിവില്ലാതെ അധികൃതർ; കെഎസ്ആർടിസി ഡ്രൈവറുടെ ശമ്പളം മുടങ്ങി
Mail This Article
ആലപ്പുഴ ∙ ഒരു ഡ്യൂട്ടി കൂടി ചെയ്യാൻ അവസരം ലഭിച്ചിരുന്നെങ്കിൽ കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയിലെ സീനിയർ ഡ്രൈവർ ചേർത്തല നഗരസഭ ഇല്ലിക്കൽ വീട്ടിൽ എച്ച്.ആനന്ദന് (56) കഴിഞ്ഞദിവസം ശമ്പളം ലഭിക്കുമായിരുന്നു. മേയിൽ ജോലിയിൽ നിന്നു വിരമിക്കാനിരിക്കെയാണ് കടുത്ത പ്രമേഹ രോഗിയായ ആനന്ദനു മേലധികാരികളുടെ നടപടി മൂലം ശമ്പളം മുടങ്ങിയത്.
ഫെബ്രുവരി 16ന് വൈകിട്ട് 5ന് ഷണ്ടിങ് ഡ്യൂട്ടിക്ക് കയറിയ ആനന്ദനോടു 5.20 നാണ് നിലമ്പൂർ സർവീസിൽ ഡ്രൈവറായി പോകാൻ ആവശ്യപ്പെട്ടത്. ഇതിനുള്ള തയാറെടുപ്പിനായി എടിഒയുടെ അനുമതിയോടെ ആനന്ദൻ ചേർത്തലയിൽ വീട്ടിലേക്ക് പോയി. നിലമ്പൂർ ബസ് ചേർത്തലയിൽ എത്തിക്കുമെന്ന അധികൃതരുടെ ഉറപ്പിലാണ് പോയത്. അതനുസരിച്ച് ചേർത്തല സ്റ്റാൻഡിൽ ഏറെനേരം കാത്തുനിന്നെങ്കിലും സർവീസ് റദ്ദ് ചെയ്തെന്നു രാത്രി അറിയിച്ചു. പിറ്റേന്ന് ജോലിക്ക് ചെന്നപ്പോൾ നിലമ്പൂർ സർവീസ് റദ്ദാക്കിയ കാരണം പറഞ്ഞ് ഷണ്ടിങ് ഡ്രൈവറുടെ ജോലിയിൽ നിന്നു മാറ്റുകയും തലേ ദിവസത്തെ ഡ്യൂട്ടി റദ്ദാക്കുകയും ചെയ്തു. തലേ ദിവസത്തെയോ അന്നത്തെയോ ഡ്യൂട്ടി ചെയ്താൽ മാത്രമേ 16 ഡ്യൂട്ടി തികച്ച് ഫെബ്രുവരി മാസത്തെ ശമ്പളം അനുവദിക്കുമായിരുന്നുള്ളൂ. പക്ഷേ ഡ്യൂട്ടി നൽകാനും എടിഒ തയാറായില്ലെന്ന് ആനന്ദൻ പറഞ്ഞു.
രോഗിയായ ഭാര്യയും വിദ്യാർഥിയയ മകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗം ആനന്ദന്റെ ജോലിയാണ്. ലോൺ അടവു മുടങ്ങുന്നതും കുടുംബം പട്ടിണിയിലാകുന്നതു പോലും കണക്കിലെടുക്കാതെയാണു ഡ്യൂട്ടി നിഷേധിച്ചതെന്നും ആനന്ദൻ പറഞ്ഞു.
അതേസമയം മേഖല ഓഫിസറുടെ ഉത്തരവ് പ്രകാരമാണ് ആനന്ദനെ ഷണ്ടിങ് ഡ്യൂട്ടിയിൽ നിന്നു മാറ്റിയതെന്നാണ് എടിഒയുടെ വിശദീകരണം.