പഴയ സുറിയാനി പള്ളിയിൽ കരുതലിന്റെ സന്ദേശം പകർന്ന് അവിൽനേർച്ച
Mail This Article
ചെങ്ങന്നൂർ ∙ നൂറ്റാണ്ടിലേറെ നീളുന്ന ആചാരപ്പെരുമയുടെ മധുരവുമായി പഴയ സുറിയാനി പള്ളിയിൽ പെസഹ നാളിലെ അവിൽനേർച്ച. 300 കിലോ അവൽ, 1500തേങ്ങ,13 പാട്ട ശർക്കര, മറ്റു സുഗന്ധവ്യഞ്ജനങ്ങൾ എല്ലാം ചേർത്ത് തയാറാക്കിയ അവൽ, പെസഹ വ്യാഴാഴ്ച രാവിലെ കുർബാനയ്ക്കു ശേഷം വൈദികർ വാഴ്ത്തി നൽകി. മുക്കത്ത് കുടുംബയോഗത്തിലെ പുരോഹിതൻമാരും കുടുംബാംഗങ്ങളും ചേർന്ന് അവൽ വിതരണം ചെയ്തു. കയ്യിൽ കരുതിയ മേൽമുണ്ടിൽ വിശ്വാസികൾ അവൽ ഏറ്റുവാങ്ങി.
ഡോ.ഏബ്രഹാം ഇഞ്ചക്കലോടിൽ കോറെപ്പിസ്കോപ്പ, മുക്കത്ത് കുടുംബയോഗം രക്ഷാധികാരി കെ.ജെ.ജോർജ്, പ്രസിഡന്റ് കെ.ജി.ജോസഫ്, വൈസ് പ്രസിഡന്റുമാരായ പുന്നൂസ് ജോർജ് മൂത്തേടത്ത്, അലക്സ് ഏറ്റുവള്ളിൽ, സെക്രട്ടറി ജോസ് വല്യാന്നൂർ, ജോയിന്റ് സെക്രട്ടറി മോൻസി കപ്ലാശേരിൽ, ട്രസ്റ്റി സജി വല്യത്ത്, നേർച്ച ജനറൽ കൺവീനർ സണ്ണി ജോസഫ് വടക്കേപറമ്പിൽ, ജോൺപോൾ എന്നിവർ നേതൃത്വം നൽകി.
മുക്കത്ത് തറവാട്ടിലെ അക്കാമ്മ എന്ന വയോധിക തുടക്കമിട്ട ആചാരം മുക്കത്ത് കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ തുടരുകയാണ്. പെസഹ ദിവസം പള്ളിയിൽ കുർബാനയ്ക്ക് ശേഷം കഴിക്കാനായി കൈവശം കരുതിയിരുന്ന അവൽ മറ്റു വിശ്വാസികൾക്കും പകർന്നു നൽകുകയായിരുന്നു അക്കാമ്മ. മുക്കത്ത് കുടുംബയോഗം രൂപീകരിച്ച ശേഷം വിപുലമായ രീതിയിൽ പിന്മുറക്കാർ ഈ ആചാരം നടത്തിവരുന്നു. ഒറ്റത്തടിയിൽ തീർത്ത, എട്ടു നാവുകളുള്ള ചിരവയിലാണു നേർച്ചയ്ക്കായി തേങ്ങ ചിരകുന്നത്.