അരൂർ– തുറവൂർ ഉയരപ്പാത: തൂണുകൾക്കായുള്ള 2100 പില്ലറുകൾ പൂർത്തിയാകുന്നു
Mail This Article
തുറവൂർ ∙ അരൂർ–തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ തൂണുകൾക്കായുള്ള 2100 പില്ലറുകൾ സ്ഥാപിച്ചു. നിർമാണം 40 ശതമാനം പൂർത്തിയായി. തുറവൂർ മുതൽ അരൂർ വരെ 12.75 കിലോമീറ്റർ പാതയിലാണ് ഉയരപ്പാത നിർമാണം നടക്കുന്നത്. ഒരുതൂണിന് 8 പില്ലറുകളാണ് സ്ഥാപിക്കുന്നത്. ഭൂമിതുരന്നു ഇതിനുള്ളിൽ കോൺക്രീറ്റ് ചെയ്തതിനു ശേഷം ഇതിന് മുകളിലാണ് 9 മീറ്റർ ഉയരത്തിൽ തൂണ് സ്ഥാപിക്കുന്നത്. തൂണുകൾക്ക് മുകളിൽ 24 മീറ്റർ വീതിയിലാണ് പാത. തൂണുകൾ തമ്മിൽ 30 മീറ്ററാണ് അകലം.
തുണുകൾക്കു മുകളിൽ പിയർ ക്യാപ് സ്ഥാപിച്ച് ഇതിന് മുകളിലാണ് സ്റ്റീൽ ഗർഡറുകൾ സ്ഥാപിക്കുന്നത്. സ്റ്റീൽ ഗർഡറിന് മുകളിലാണ് ബീമുകളും ഗർഡറും സ്ഥാപിക്കുന്നത്. ഇതിനായുള്ള ലോഞ്ചിങ് ഗാൻട്രി അഞ്ചിടങ്ങളിൽ സ്ഥാപിച്ചു. 5 റീച്ചുകളിലായാണ് ജോലി നടക്കുന്നത്. ഇതിൽ ആദ്യ റീച്ചായ തുറവൂർ മുതൽ കുത്തിയതോട് വരെ 4 കിലോമീറ്റർ ഭാഗത്ത് 75 ശതമാനത്തോളം തൂണുകളുടെ നിർമാണം പൂർത്തിയായി.
കുത്തിയതോട് മുതൽ എരമല്ലൂർ കണ്ണുകുളങ്ങര, എരമല്ലൂർ മുതൽ ചന്തിരൂർ, ചന്തിരൂർ– അരൂർ ക്ഷേത്രം കവല, ക്ഷേത്രം കവല മുതൽ അരൂർ ബൈപാസ് കവല എന്നിങ്ങനെ ഭാഗങ്ങളാക്കിയാണ് നിർമാണം. തൂണുകൾക്ക് മുകളിൽ ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെ നൂറോളം ഗർഡറുകളും സ്ഥാപിച്ചിട്ടുണ്ട്. എരമല്ലൂർ–അരൂർ മുതൽ തുറവൂർ വരെ 1668.5 കോടി രൂപ ചെലവിട്ട് 12.75 കിലോമീറ്റർ നീളത്തിലാണ് ഉയരപ്പാത നിർമിക്കുന്നത്. 3 വർഷമാണു നിർമാണ കാലയളവ്.