ഉള്ളു പുകഞ്ഞ് സിപിഎം; കോൺഗ്രസുമായി കൈ കോർത്തതിൽ പാർട്ടിക്കുള്ളിൽ വിമർശനം
Mail This Article
പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പുറത്താക്കാൻ കോൺഗ്രസുമായി സിപിഎം ഔദ്യോഗിക നേതൃത്വം ധാരണയുണ്ടാക്കിയെന്ന ആരോപണം പാർട്ടിക്കുള്ളിലും ചർച്ചയായി. പല കോണുകളിൽ നിന്നും വിമർശനവും ഉയരുന്നു. കഴിഞ്ഞ സമ്മേളനം മുതൽ പാർട്ടിയെ പിന്തുടരുന്ന പ്രശ്നങ്ങൾ പുറമേ മാത്രമേ അവസാനിച്ചുള്ളൂ എന്നും ഈ സംഭവത്തിലൂടെ വ്യക്തമായി.
കുട്ടനാട്, തകഴി ഏരിയ കമ്മിറ്റികളുടെ പരിധിയിൽ തഴച്ചു വളർന്ന വിഭാഗീയത ഇല്ലാതാക്കാൻ സംസ്ഥാന നേതൃത്വം ശക്തമായി ഇടപെട്ടിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രി സജി ചെറിയാനും ജില്ലയിലെ പ്രധാന നേതാക്കളും നേരിട്ടിറങ്ങി രക്ഷാപ്രവർത്തനം നടത്തി. തൽക്കാലം എല്ലാം കെട്ടടങ്ങിയെന്നു തോന്നിപ്പിച്ചു. പക്ഷേ എല്ലാം വിഫലമായി.
ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ഔദ്യോഗിക പക്ഷത്തിന്റെ പരാജയമായിത്തന്നെ വിലയിരുത്തപ്പെടാം. പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ ഒന്നായ കുട്ടനാട്ടിലാണ് ഇതൊക്കെ നടക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.സിപിഎം നേതൃത്വവുമായി ഇടഞ്ഞു നിന്നവരിൽ പ്രമുഖനായിരുന്നു കഴിഞ്ഞ ദിവസം രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു പാർട്ടി പിന്തുണയോടെ പുറത്താക്കപ്പെട്ട ആർ.രാജേന്ദ്ര കുമാർ. അദ്ദേഹത്തെ പുറത്താക്കിയതു പാർട്ടിയുടെ കരുത്തായി ജില്ലാ നേതൃത്വം കാണുന്നു.എന്നാൽ, പ്രാദേശിക നേതാക്കളിൽ ഒരു വിഭാഗത്തിന് ആശങ്കയുണ്ട്.
രാമങ്കരിയിലേതിനു സമാന സാഹചര്യമുള്ള പലയിടത്തും വിമതർ പാർട്ടിക്കെതിരെ പരസ്യ പ്രതിഷേധത്തിന് ഇറങ്ങിയേക്കാമെന്നാണ് ആശങ്ക. അടിസ്ഥാന വിഭാഗത്തിൽ പെട്ടവരാണു കുട്ടനാട്ടിലെ പാർട്ടി അംഗങ്ങളിലും അനുഭാവികളിലും ഭൂരിപക്ഷവും. കർഷകത്തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള മണ്ഡലമാണു കുട്ടനാട്. ജില്ലയിലെ 2 ലക്ഷം കെഎസ്കെടിയു അംഗങ്ങളിൽ അര ലക്ഷത്തോളം പേർ കുട്ടനാട്ടിലാണ്.
പാർട്ടി സമ്മേളനം മുതലുള്ള പ്രശ്നങ്ങൾ ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടും പരിഹാരമില്ലാതെ തുടർന്നപ്പോൾ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. അടിയന്തര നടപടിക്ക് അവിടെ നിന്നു നിർദേശം വന്നപ്പോഴാണു ജില്ലാ നേതൃത്വം ഉണർന്നത്. ഇടഞ്ഞു നിൽക്കുന്നവരുമായി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തിയെങ്കിലും പൊളിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ കുട്ടനാട് ചർച്ചാ വിഷയമായി. തുടർന്നാണു സജി ചെറിയാനെ പാർട്ടി ചർച്ചയ്ക്കു നിയോഗിച്ചത്.
ജില്ലാ നേതൃത്വത്തിന് എതിരെയും വിമർശനം
ആലപ്പുഴ∙ കുട്ടനാട്ടിലെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിലപാടാണു വിഭാഗീയത ഇത്രയും രൂക്ഷമാക്കിയതെന്നും അതു വഷളാക്കുന്ന വിധമായിരുന്നു ജില്ലാ നേതൃത്വത്തിന്റെ ഇടപെടൽ എന്നുമുള്ള വിമർശനം ഉയരുന്നു. രാമങ്കരി അവിശ്വാസം അതിന്റെ തെളിവായി വിമത നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സിപിഎമ്മിനു വലിയ ഭൂരിപക്ഷമുള്ള ഭരണസമിതിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ നോട്ടിസിൽ ഒപ്പിടരുതെന്നു ജില്ലാ നേതൃത്വം അംഗങ്ങളോടു നിർദേശിച്ചില്ല.
നിശബ്ദമായി ആ നീക്കത്തെ പിന്തുണയ്ക്കുകയും ചെയ്തു. എന്നിട്ടാണു പാർട്ടി ഇതൊന്നും അറിഞ്ഞില്ലെന്നും ഒപ്പിട്ടവരോടു വിശദീകരണം തേടിയെന്നുമെല്ലാം പ്രാദേശിക നേതൃത്വം പറയുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കാര്യങ്ങളിൽ വ്യക്തമായ വിപ്പ് നൽകാറുള്ള പാർട്ടി രാമങ്കരിയിൽ അനങ്ങിയില്ല. ഭരണസമിതിയെ ജനങ്ങൾക്കു മടുത്തെന്നും അംഗങ്ങൾ അതിനൊപ്പം നിന്നെന്നുമായിരുന്നു ജില്ലാ നേതൃത്വത്തിന്റെ ഒഴുക്കൻ പ്രതികരണം. നേതൃത്വത്തിന്റെ ആലോചനയില്ലാത്ത നടപടികൾ ജില്ലയിൽ പലയിടത്തും പാർട്ടിക്ക് ഇത്തരം പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നും വിമത നേതാക്കൾ പറയുന്നു.
ചേർത്തലയിലെ കൊടിമര പ്രശ്നത്തിലെ കടുംപിടിത്തം കാരണം പാർട്ടി അനുഭാവികളായ കുടുംബങ്ങൾ ബിജെപിയിൽ പോയത് അവർ ചൂണ്ടിക്കാട്ടുന്നു. ചേർത്തല ടൗണിലെ ശക്തികേന്ദ്രത്തിലെ പ്രാദേശിക നേതാവിനെതിരെ ഉണ്ടായ നടപടിയിലെ പാളിച്ച അദ്ദേഹത്തെയും ബിജെപിയിൽ എത്തിച്ചതു മറ്റൊരു സംഭവം. സിപിഎം നടപടി എടുത്തപ്പോൾ അദ്ദേഹം സിപിഐയിൽ ചേർന്നു. അതിനു ശേഷം സിപിഎം ജില്ലാ നേതാക്കൾ അദ്ദേഹത്തെ തിരിച്ചെത്തിക്കാൻ ശ്രമം നടത്തി. അതറിഞ്ഞു സിപിഐ അദ്ദേഹത്തെ പുറത്താക്കി. തിരിച്ചെടുക്കുന്നതിനോടു സിപിഎമ്മിൽ തന്നെ എതിർപ്പുണ്ടായപ്പോൾ നേതാവ് ബിജെപിയിൽ ചേരുകയും ചെയ്തു.