മായം കണ്ടെത്തിയാലും നടപടിയില്ലാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്
Mail This Article
ആലപ്പുഴ∙ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ വിൽക്കുന്നതു കണ്ടെത്തിയാലും നടപടിയിൽ നിന്ന് ഒഴിവാകുന്നതിനു സ്ഥാപനങ്ങളെ ഭക്ഷ്യസുരക്ഷാ വകുപ്പ് സഹായിക്കുന്നെന്നു വിജിലൻസ് പരിശോധനയിൽ കണ്ടെത്തൽ. ഇന്നലെ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ അപ്പെറ്റൈറ്റ് എന്ന പേരിൽ നടത്തിയ പരിശോധനയുടെ ഭാഗമായി ആലപ്പുഴ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസ്, ചേർത്തല, കുട്ടനാട്, ചെങ്ങന്നൂർ, ഹരിപ്പാട് സർക്കിൾ ഓഫിസുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണു ക്രമക്കേടുകൾ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ ലാബുകളിൽ നിന്ന് ‘അൺസേഫ്’ എന്നു പ്രാഥമിക പരിശോധനാഫലം വരുന്ന കേസുകളിൽ 90 ദിവസം കഴിഞ്ഞാൽ പ്രോസിക്യൂഷൻ പാടില്ലെന്നാണു ചട്ടം.
ഈ ആനുകൂല്യത്തിലൂടെ കുറ്റക്കാരെ സഹായിക്കാൻ പരിശോധനാഫലവും നടപടികളും വൈകിപ്പിക്കുന്നതായി കണ്ടെത്തി. പരിശോധനാഫലത്തിനെതിരെ ഉൽപാദകർ അപ്പീൽ നൽകിയാൽ സാംപിളുകളിൽ തിരിമറി നടത്തി സഹായിക്കുന്നെന്നും സൂചനയുണ്ട്. ചില ഉൽപന്നങ്ങൾ വിപണിയിൽ വിറ്റു തീർന്ന ശേഷമാണു ഭക്ഷ്യയോഗ്യമല്ലെന്നു പരിശോധനാഫലം വരുന്നതെന്നു കണ്ടെത്തി.12 ലക്ഷത്തിലധികം രൂപ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾ ലൈസൻസ് എടുത്തു പ്രവർത്തിക്കണമെന്ന ചട്ടം മറികടന്നു റജിസ്ട്രേഷൻ മാത്രം എടുത്തു പ്രവർത്തിക്കുന്നു. ഈ സ്ഥാപനങ്ങൾ വിറ്റുവരവു കുറച്ചു കാണിക്കുന്നതിനും നികുതി വെട്ടിക്കുന്നതിനും ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായി കണ്ടെത്തി.
12 ലക്ഷത്തിലധികം രൂപ വിറ്റുവരവുള്ള സ്ഥാപനങ്ങളെ സർക്കാരിന്റെ സൗജന്യ പരിശീലനത്തിൽ പങ്കെടുപ്പിക്കാൻ പാടില്ലെന്നിരിക്കെ ലൈസൻസുള്ള വൻകിട ഹോട്ടലുകളിലെ ജീവനക്കാർക്കും സൗജന്യ പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം നൽകുന്നതായി മിക്ക ഓഫിസുകളിലും കണ്ടെത്തി. ടോൾ ഫ്രീ നമ്പറിലും നേരിട്ടും ഭക്ഷ്യസുരക്ഷാ വകുപ്പിനു പരാതികൾ ലഭിക്കുന്നതിൽ നടപടിയെടുക്കുന്നില്ലെന്നും കണ്ടെത്തി.വിജിലൻസ് ഡിവൈഎസ്പി ഗിരീഷ് പി.സാരഥി, ഇൻസ്പെക്ടർമാരായ ആർ.രാജേഷ്കുമാർ, എം.സി.ജിംസ്റ്റൽ, എം.കെ.പ്രശാന്ത്കുമാർ, മനു വി.നായർ, എസ്ഐമാരായ ജയലാൽ, ബാസന്ത്, സത്യപ്രഭ, സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാം കുമാർ, രഞ്ജിത്, സമീഷ്, വിമൽ, റോമിയോ, സുദീപ്, ലിജു, സാബു, നീതു എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.