ADVERTISEMENT

പാടത്ത് ട്രാക്ടറും കൊയ്ത്ത് യന്ത്രവും എത്തിക്കുന്നതു മുതൽ നെല്ല് സംഭരിച്ച് മില്ലുകളിൽ എത്തിക്കുന്നതുവരെ എല്ലാം നിയന്ത്രിക്കുന്നത് ഏജന്റുമാരാണ്.ചില വർഷങ്ങളിൽ  മികച്ച വിളവുണ്ടെങ്കിലും ആവശ്യത്തിന് കൊയ്ത്തുയന്ത്രങ്ങൾ കിട്ടാതെ വരും. അപ്പോൾ ഏജന്റുമാർ യന്ത്രവാടക കൂട്ടും. മിക്കവാറും യന്ത്രങ്ങൾ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്നവയാണ്. തമിഴ്നാട്ടിലും പാലക്കാടൻ പാടങ്ങളിലും കൊയ്ത്തുകാലമായാൽ ആലപ്പുഴയിലേക്ക് യന്ത്രങ്ങൾ കിട്ടാൻ ബുദ്ധിമുട്ടും. അപ്പോൾ ഏജന്റുമാർ വിലപേശൽ തുടങ്ങും. മഴക്കോളുണ്ടായാൽ നെല്ല് വീണു നശിക്കുമെന്നതിനാൽ എങ്ങനെയും കൊയ്തെടുക്കാൻ കർഷകർ നിർബന്ധിതരാകും. മണിക്കൂറിന് 1500–1600 രൂപ വാടക ഉണ്ടായിരുന്നപ്പോൾ 2000 രൂപയ്ക്കു മുകളിൽ ചോദിച്ചവരുണ്ട്. ഈ വർഷം 1800 – 1850 രൂപ വാടകയ്ക്ക് ആവശ്യത്തിന് യന്ത്രങ്ങൾ ലഭ്യമായതിനാൽ കൊയ്ത്തിനു വലിയ പ്രയാസം നേരിട്ടില്ല. 

ഉദ്യോഗസ്ഥരെ പോലും വകവയ്ക്കാതെ...
ന്യായവില ഉറപ്പു നൽകാതെ സ്വകാര്യ മില്ലുകാർ കൃഷിക്കാരെ ചൂഷണം ചെയ്യുന്നതു തടയുന്നതിനാണ് സപ്ലൈകോ വഴി വികേന്ദ്രീകൃത നെല്ലു സംഭരണം തുടങ്ങിയത്.അറുപതോളം മില്ലുകളാണ് സംഭരണത്തിന് സർക്കാരുമായി കരാറുണ്ടാക്കിയിരിക്കുന്നത്. ഈ മില്ലുകൾക്ക് സംസ്കരണ ശേഷിയുടെ അടിസ്ഥാനത്തിൽ സംഭരണ അലോട്മെന്റ് ലഭിക്കും. പക്ഷേ, പാടശേഖരങ്ങളിൽനിന്ന് നെല്ല് ശേഖരിച്ച് മില്ലിൽ എത്തിക്കുന്നത് ഏജന്റുമാരാണ്. അവരാണ് നെല്ലിലെ ഈർപ്പത്തിന്റെയും മറ്റും പേരിൽ കർഷകരുമായി വിലപേശുന്നത്. ആദ്യം ശേഖരിക്കുന്ന നെല്ലിന്റെ കാര്യത്തിൽ വലിയ സമ്മർദങ്ങളുണ്ടാകില്ല. ഇത്തവണ ആദ്യം കൊയ്ത്തു നടന്ന കുട്ടനാട്ടിലെ ചില പാടശേഖരങ്ങളിൽ കിഴിവില്ലാതെ തന്നെ നെല്ല് സംഭരിച്ചു. 

പിന്നീട് 1.5%, 3%, 5% എന്നിങ്ങനെ കിഴിവ് കൂടിക്കൂടി വന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ കട്ടക്കുഴി, പനച്ചീത്ര പാടത്ത് 5.5% കിഴിവ് സമ്മതിച്ച് 3 ലോഡ് നെല്ലു കൊണ്ടുപോയ ഏജന്റ് ബാക്കി നെല്ല് നിറയ്ക്കാനുള്ള ചാക്കും നൽകി പോയിട്ട് പിന്നെ വന്നില്ല.8% കിഴിവ് വേണമെന്നായി പിന്നെ. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പാഡി മാർക്കറ്റിങ് ഓഫിസറും ഇടപെട്ടെങ്കിലും വഴങ്ങിയില്ല. ഒടുവിൽ 8% കിഴിവ് നൽകാൻ കർഷകർ നിർബന്ധിതരായി. ചാക്കിൽ കെട്ടി പാടവരമ്പത്തും റോഡിലും വച്ചിരുന്ന നെല്ല് കഴിഞ്ഞദിവസമാണ് കൊണ്ടുപോയത്.ചെന്നിത്തല, മാന്നാർ കൃഷിഭവനുകളുടെ കീഴിലും കിഴിവിന്റെ പേരിലാണ് ഏജന്റുമാർ കർഷകരെ സമ്മർദത്തിലാക്കിയത്.

ഗുണനിലവാര പരിശോധനയ്ക്കു ശേഷം  7.5% കിഴിവ് നിർദേശിച്ച സ്ഥാനത്ത് 10% വരെ നൽകാൻ തയാറായിട്ടും നെല്ലു കൊണ്ടുപോകാൻ മില്ലുകാർ തയാറായില്ല.പല മില്ലുടമകളുമായി സംസാരിച്ചിട്ടും 15% കിഴിവു കിട്ടാതെ നെല്ലെടുക്കില്ലെന്ന നിലപാടിലായിരുന്നു ഏജന്റുമാർ. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് 10% കിഴിവോടെ എടുക്കാമെന്ന് സമ്മതിച്ചെങ്കിലും ചാക്ക് ഇല്ല, വണ്ടി ഇല്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് വീണ്ടും കർഷകരെ സമ്മർദത്തിലാക്കി. 

ഔട്ട് ടേൺ റേഷ്യോ
കേന്ദ്രം നിശ്ചയിച്ച 68% ഔട്ട് ടേൺ റേഷ്യോയുടെ അടിസ്ഥാനത്തിലാണ് മില്ലുകൾ നെല്ലു സംഭരിക്കുന്നത്. സംഭരിക്കുന്ന നെല്ലിന്റെ 68% അരിയായി തിരികെ നൽകണം. സംഭരിക്കുന്ന ഓരോ ക്വിന്റൽ നെല്ലിനും  68 കിലോ അരി വീതം സപ്ലൈകോയ്ക്ക് തിരികെ നൽകണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ 5 വർഷം സംസ്ഥാന സർക്കാർ മില്ലുടമകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അത് 64% ആയി കുറച്ചിരുന്നു. ഈ വർഷം 68% എന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു. 

ഈ വ്യവസ്ഥ പാലിക്കേണ്ടതുള്ളതിനാലാണ് സംഭരിക്കുന്ന നെല്ലിന്റെ ഗുണനിലവാരം അനുസരിച്ച് മില്ലുകാർ കിഴിവ് ചോദിക്കുന്നത്. ഈർപ്പവും പതിരും കൂടുതലാണെങ്കിൽ 100 കിലോ നെല്ലു സംസ്കരിക്കുമ്പോൾ 68 കിലോ അരി കിട്ടില്ലെന്നതാണ് കാരണം. പക്ഷേ, ഇതിന്റെ പേരിൽ ഏജന്റുമാരുടെ മുതലെടുപ്പ് നടക്കുന്നെന്നാണ് കർഷകർ ആരോപിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com