റെയിൽവേ ക്രോസിന് സമീപത്തെ കടകൾ രാത്രി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം
Mail This Article
കലവൂർ ∙ റെയിൽവേ ക്രോസിന് സമീപത്തെ കടകൾ രാത്രി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം, വഴിയാത്രക്കാർ തീ ഉയരുന്നത് കണ്ട് കെടുത്തിയതിനാൽ വൻ നാശം ഒഴിവായി. കാട്ടൂർ ബിന്ദു സദനത്തിൽ കെ.എസ്.ശശി, സഹോദരൻ കെ.എസ്.മോഹനൻ എന്നിവരുടെ പലചരക്ക്, ഹോട്ടൽ കടകൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ആക്രമണം ഉണ്ടായത്.കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു ഒരാൾ ഹെൽമറ്റ് ധരിച്ച് കയ്യിൽ 2 കുപ്പികളിലായി പെട്രോളുമായി വരുന്നതും കടകളിലേക്ക് പെട്രോൾ ഒഴിച്ച് തീയിടുന്നതും കാണാം.
റെയിൽവേ ക്രോസ് അടച്ചിരുന്നതിനാൽ ഇതേസമയം ക്രിക്കറ്റ് ടൂർണമെന്റ് കഴിഞ്ഞ വരുകയായിരുന്ന പ്രദേശവാസികളായ ഏതാനും യുവാക്കളാണ് കടയിൽ നിന്ന് തീ ഉയരുന്നത് കണ്ടത്.തുടർന്ന് ഓടിയെത്തി വെള്ളം ഒഴിച്ച് തീയണയ്ക്കുകയും കട ഉടമയെയും അഗ്നിശമന സേനയെയും അറിയിക്കുകയുമായിരുന്നു. പലചരക്ക് കടയിലെ ഇലക്ട്രോണിക് ത്രാസ് കത്തി നശിച്ചു. മണ്ണഞ്ചേരി പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സമീപത്തെ പെട്രോൾ പമ്പിൽ കുപ്പിയിൽ പെട്രോൾ വാങ്ങിയവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും സൂചനകൾ ലഭിച്ചില്ല.ഒരു വർഷത്തോളം മുൻപ് ഇതേ കടകളിൽ മോഷണം നടക്കുകയും കാട്ടൂർ സ്വദേശികളായ 4 പേർ പിടിയിലാവുകയും ചെയ്തിരുന്നു. ഇതിന്റെ കേസ് വിചാരണ നടക്കുകയാണ്. മോഷണശ്രമം അല്ലെന്നും വൈരാഗ്യമാണ് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി മണ്ണഞ്ചേരി എസ്എച്ച്ഒ ബേസിൽ തോമസ് പറഞ്ഞു.