പണ്ടാരക്കളം മേൽപാലം: നിർമാണ തടസ്സം നീങ്ങി
Mail This Article
കുട്ടനാട്∙ ആലപ്പുഴ– ചങ്ങനാശേരി റോഡിലെ പണ്ടാരക്കളം മേൽപാലത്തിന്റെ നിർമാണം ഇന്നുമുതൽ പുനരാരംഭിച്ചേക്കും. വൈദ്യുതലൈൻ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം മൂലം ഏതാനും മാസങ്ങളായി നിർമാണം തടസ്സപ്പെട്ടിരിക്കുകയായിരുന്നു.വൈദ്യുതലൈൻ ഉയർത്തുന്നതിനായി ടവർ നിർമിക്കേണ്ട സ്ഥലത്തിന്റെ ഉടമ കോടതിയെ സമീപിച്ചതോടെയാണു നിർമാണം തടസ്സപ്പെട്ടത്. കഴിഞ്ഞ ദിവസം കലക്ടർ അലക്‌സ് വർഗീസ് വസ്തു ഉടമയുമായി ചർച്ച നടത്തി പ്രശ്‌നം ഒത്തുതീർപ്പാക്കി. കേസ് പിൻവലിക്കാൻ ഉടമ തയാറായതോടെയാണു മേൽപാലത്തിന്റെ നിർമാണം പുനരാരംഭിക്കാനുള്ള കളമൊരുങ്ങിയത്. ആലപ്പുഴ, കോട്ടയം ജില്ലകളിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന 110 കെവി വൈദ്യുതലൈനാണു മേൽപാലത്തിനു മുകളിലൂടെ കടന്നു പോകുന്നത്. ഇന്നു വൈദ്യുതബന്ധം വിഛേദിച്ചു കിട്ടിയാൽ പുതിയ ടവറിന്റെ പൈലിങ് ജോലി ആരംഭിക്കാനാണു നിർമാണത്തിന്റെ കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ തയാറെടുക്കുന്നത്.
കെഎസ്ഇബിയുടെ പ്രത്യേക യോഗം കൂടി ചട്ടം ഭേദഗതി ചെയ്താണ് ഊരാളുങ്കൽ സൊസൈറ്റിക്കു ടവറിന്റെ പണി ചെയ്യാൻ അനുമതി നൽകിയത്. നിർമാണത്തിനായി രണ്ടര മാസത്തേക്കാണു വൈദ്യുതി വിഛേദിക്കുക. ഈ സമയം കോട്ടയത്തു നിന്നു വൈദ്യുതി വിതരണം നടക്കും. നാട്ടുകാരുടെയും കർഷകരുടെയും പരാതിയെ തുടർന്നാണു മേൽപാലത്തിന്റെ എസ്റ്റിമേറ്റിൽ മാറ്റം വരുത്തേണ്ടി വന്നത്. ആദ്യം തീരുമാനിച്ച എസ്റ്റിമേറ്റ് പ്രകാരം മേൽപാലം നിർമിച്ചാൽ വൈദ്യുത ലൈൻ തടസ്സം സൃഷ്ടിക്കുകയില്ലായിരുന്നു. എസ്റ്റിമേറ്റിൽ മാറ്റം വരുത്തി പാലം ഉയർത്തി നിർമിക്കേണ്ടി വന്നതോടെയാണു വൈദ്യുതലൈൻ പ്രതിസന്ധി സൃഷ്ടിച്ചത്.മേൽപാലത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും വൈദ്യുതലൈനുമായി വേണ്ടത്ര അകലം ഇല്ലാത്തതിനാൽ പാലം ഗതാഗതത്തിനു തുറന്നു കൊടുത്തിരുന്നില്ല. പാലത്തിനു താഴെയുള്ള ഒറ്റവരി പാതയിലൂടെയാണു ഗതാഗതം കടത്തി വിട്ടിരുന്നത്. ഒറ്റവരി പാതയിൽ സ്ഥിരമായി ഗതാഗതക്കുരുക്കു നേരിടുന്നതു യാത്രികരെ ബുദ്ധിമുട്ടിലാക്കിയിരുന്നു.