ചമ്പക്കുളം പാലത്തിന്റെ അപ്രോച്ച്റോഡ് ഇടിഞ്ഞു, കുഴികളും; തീരാതെ ദുരിതം
Mail This Article
കുട്ടനാട് ∙ ചമ്പക്കുളം പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞതുമൂലമുണ്ടായ യാത്രാ ദുരിതം മാറ്റമില്ലാതെ തുടരുന്നു. പാലത്തിന്റെ പടിഞ്ഞാറേക്കരയിലെ അപ്രോച്ച് റോഡ് മാസങ്ങളായി ഇടിഞ്ഞു കിടക്കുകയാണ്. താണുകിടക്കുന്ന അപ്രോച്ച്റോഡിൽ കുഴികൾ കൂടിയായതോടെ ദുരിതം ഇരട്ടിയായി. പാലത്തിലേക്ക് വാഹനങ്ങൾ കയറ്റുമ്പോൾ ഇടിച്ചു കയറ്റേണ്ടി വരുന്നതിനാൽ അപകടങ്ങൾ പതിവായി.
പാലത്തിൽ വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രി അപകട സാധ്യത കൂടുതലുമാണ്.പാലം ഉദ്ഘാടനത്തിനുശേഷം ഒട്ടേറെത്തവണയാണു അപ്രോച്ച് റോഡ് ഇടിഞ്ഞു താഴ്ന്നത്. താൽക്കാലിക അറ്റകുറ്റപ്പണി നടത്തി പരിഹാരം കാണുമെങ്കിലും ഏതാനും മാസങ്ങൾക്കകം വീണ്ടും ഇടിഞ്ഞു താഴുന്നതാണു പതിവ്.
പാലത്തിന്റെ പടിഞ്ഞാറേക്കരയിൽ ഒരു സ്പാൻ കൂടി ഇറക്കി നിർമിച്ചാൽ മാത്രമേ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാനാവൂ. പടിഞ്ഞാറേക്കരയിൽ സ്പാൻ ഇറക്കി പ്രശ്നത്തിനു പരിഹാരം കാണുമെന്ന് അധികൃതരുടെ പ്രഖ്യാപനമുണ്ടായെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പാലത്തിന്റെ അപ്രോച്ച് റോഡിലെ അപകടാവസ്ഥ രക്ഷിതാക്കളെ ഭീതിയിലാക്കുന്നുണ്ട്. പാലത്തിന്റെ ഇരുകരകളിലുമായി ഒട്ടേറെ വിദ്യാലയങ്ങളാണുള്ളത്. സ്കൂൾ ബസിലും സൈക്കിളിലും കാൽനടയായും കുട്ടികൾ പാലത്തിനു മറുകര കടക്കുന്നുണ്ട്.