ADVERTISEMENT

ആലപ്പുഴ ∙ മഴ മാറാതെ നിന്നതോടെ ജില്ലയിൽ ഇന്നലെ ഒരു ദുരിതാശ്വാസ ക്യാംപ് തുറന്നു. ആര്യാട് വടക്ക് പഞ്ചായത്തിൽ തത്തംപള്ളി എൽപി സ്കൂളിലാണു ക്യാംപ് പ്രവർത്തിക്കുന്നത്. ഇവിടെ മൂന്നു കുടുംബങ്ങളിൽ നിന്നായി 6 സ്ത്രീകൾ ഉൾപ്പെടെ 12 പേരാണു കഴിയുന്നത്. തത്തംപള്ളി പൊൻവേലി തോട് നികത്തിയതിനെ തുടർന്നു വെള്ളം ഒഴുകി മാറാഞ്ഞതു കാരണം വീടുകളിലേക്കു വെള്ളം കയറുകയായിരുന്നു.

‌തോട്ടപ്പിള്ളി സ്പിൽവേ പൊഴിമുറിക്കൽ ആരംഭിച്ചു. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ മണൽ നീക്കിത്തുടങ്ങി.ദേശീയപാതയിൽ ഇന്നലെ കാര്യമായ ഗതാഗതക്കുരുക്ക് നേരിട്ടില്ല. ചന്തിരൂർ, അരൂർ, അരൂർ ക്ഷേത്രം കവല എന്നിവിടങ്ങളിൽ പാതയോരത്ത് വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഉയരപ്പാത കരാറുകാർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചും മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്തു വെള്ളക്കെട്ട് ഒഴിവാക്കുകയാണ്.

ഇന്നലെ ജില്ലയിലെ നാലു വീടുകൾക്കു ഭാഗിക നാശനഷ്ടമുണ്ടായതായി റിപ്പോർട്ട് െചയ്തു. അമ്പലപ്പുഴ താലൂക്കിലെ മൂന്നു വീടുകളും മാവേലിക്കര താലൂക്കിലെ ഒരു വീടിനും കേടുപാടുണ്ടായെന്നാണു ദുരന്ത നിവാരണ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്തത്. 20നു ശേഷം മഴ കാരണം ജില്ലയിൽ 7 വീടുകൾക്കാണു ഭാഗിക നാശനഷ്ടമുണ്ടായത്.

തലവടി പഞ്ചായത്ത് 14–ാം വാർഡ് പീടികത്തറ വീട്ടിൽ ഇട്ടി ചെല്ലപ്പന്റെ വീടിന്റെ അടുക്കള മഴയിൽ തകർന്നു വീണു. എടത്വ പഞ്ചായത്ത് ഏഴാം വാർഡ് മുണ്ടുവേലിൽ എബിൻ വർഗീസിന്റെ വീടിന്റെ മുകളിലേക്ക് സമീപത്തു നിന്നിരുന്ന കൂറ്റൻ മാവ് കടപുഴകി വീണു.

ആലപ്പുഴ തത്തംപള്ളി പൊൻവേലി തോട് കയ്യേറി നികത്തിയതിനെ തുടർന്ന് തത്തംപള്ളി കണ്ടത്തിൽ പുരയിടത്തിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ അവശ്യ സാധനങ്ങളുമായി സെന്റ് മൈക്കിൾസ് എച്ച്എസ്എസിലെ ക്യാംപിലേക്ക് പോകുന്ന നിവാസികൾ. ചിത്രം: മനോരമ.
ആലപ്പുഴ തത്തംപള്ളി പൊൻവേലി തോട് കയ്യേറി നികത്തിയതിനെ തുടർന്ന് തത്തംപള്ളി കണ്ടത്തിൽ പുരയിടത്തിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ അവശ്യ സാധനങ്ങളുമായി സെന്റ് മൈക്കിൾസ് എച്ച്എസ്എസിലെ ക്യാംപിലേക്ക് പോകുന്ന നിവാസികൾ. ചിത്രം: മനോരമ.

ശക്തമായ മഴയും കാറ്റും ഉണ്ടെങ്കിലും നദികളിൽ ജലനിരപ്പ് അമിതമായി ഉയർന്നിട്ടില്ല. അപ്പർ കുട്ടനാടൻ മേഖലയായ വീയപുരം, ചെറുതന ഭാഗങ്ങളിലും ജലനിരപ്പ് ചെറിയ തോതിൽ ഉയർന്നിട്ടുണ്ട്. ഒട്ടേറെ കർഷകരുടെ കരക്കൃഷിയും നശിച്ചിട്ടുണ്ട്. 

 പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഴ തുടരുന്നതിനാൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ വെള്ളം നദികളിലേക്ക് എത്തിയേക്കും.കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് പ്രകാരം മഴ തുടരുന്നതിനാൽ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പട്ടണക്കാട്, തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളുടെ തീരമേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പാടശേഖരത്തിൽ പെയ്ത്തുവെള്ളം നിറഞ്ഞതാണു വെള്ളക്കെട്ടിനു കാരണം. പാടശേഖര സമിതിയുമായി ബന്ധപ്പെട്ട് വെള്ളം ഇറക്കി വിടാൻ പഞ്ചായത്ത് അധികൃതർ നിർദേശിച്ചിരിക്കുകയാണ്.

ശക്തമായ മഴ തുടരുകയാണെങ്കിൽ തീരദേശ വാർഡുകളിലെ ജനങ്ങളെ പാർപ്പിക്കുന്നതിനു ക്യാംപുകൾ തുടങ്ങേണ്ടി വരുമെന്നാണു ജനപ്രതിനിധികൾ പറയുന്നത്.

കണക്കുതീർത്ത് വേനൽമഴ
ആലപ്പുഴ ∙ വേനൽക്കാലത്തിന്റെ അവസാന ദിനങ്ങളിൽ മഴ ശക്തിപ്പെട്ടതോടെ ജില്ലയിൽ ശരാശരിയിലും കൂടുതൽ വേനൽമഴ ലഭിച്ചു. മാർച്ച് ഒന്നു മുതലുള്ള സീസണിൽ ഒരാഴ്ച മുൻപു വരെ 43% മഴ കുറവാണു ലഭിച്ചിരുന്നത്. വേനൽമഴ ശരാശരിയിലും കുറയുമോയെന്ന ആശങ്കയ്ക്കിടെയാണു ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും അറബിക്കടലിലെ ചക്രവാതച്ചുഴിയും കാരണം കനത്ത മഴ ലഭിച്ചത്. 

മാർച്ച് ഒന്നു മുതൽ ഇന്നലെ വരെയുള്ള കാലയളവിൽ 338.1 മില്ലീമീറ്റർ മഴ ശരാശരി ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് 444.5 മില്ലീമീറ്റർ മഴയാണു ലഭിച്ചത്. ശരാശരിയെക്കാൾ 31% മഴ കൂടുതൽ പെയ്തു.മുൻ വർഷം ശരാശരിയെക്കാൾ കുറവു മഴ ലഭിച്ച സ്ഥാനത്താണ് ഇത്തവണ മഴ കനത്തത്. 2023ൽ 441 മില്ലീമീറ്റർ മഴയാണു പ്രതീക്ഷിച്ചതെങ്കിലും 308.7 മില്ലീമീറ്റർ മഴ മാത്രമാണു പെയ്തത്. 

ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം രണ്ടു ദിവസത്തിനകം ചുഴലിക്കാറ്റായി മാറുമെന്നും അതിനു ശേഷം കാറ്റിന്റെ ശക്തി കുറയുമെന്നും കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച് ഡയറക്ടർ ഡോ. അഭിലാഷ് പറയുന്നു. രണ്ടു ദിവസം കൂടി ജില്ലയിൽ സമാന രീതിയിലുള്ള മഴ തുടരും. അതിനു ശേഷം മഴയുടെ തീവ്രത കുറയുമെങ്കിലും കാലവർഷം തുടങ്ങുന്നതു വരെ ഇപ്പോഴത്തെ മഴ തുടരുമെന്നും അഭിലാഷ് പറയുന്നു.

ലഘു മേഘവിസ്ഫോടനം
കഴിഞ്ഞ ദിവസം ചേർത്തലയിൽ 215 മില്ലീമീറ്റർ മഴ ലഭിച്ചതു ലഘു മേഘവിസ്ഫോടനമാണെന്നു കാലാവസ്ഥാ ഗവേഷകർ. രണ്ടു മണിക്കൂറിനുള്ളിൽ 5 സെന്റീമീറ്റർ മഴ പെയ്യുന്നതിനെയാണു ലഘു മേഘവിസ്ഫോടനമെന്നു പറയുന്നത്. 2022, 2023 വർഷങ്ങളിലും ജില്ലയിൽ ലഘുമേഘവിസ്ഫോടനം ഉണ്ടായിരുന്നു.

അറബിക്കടലിൽ രൂപം കൊള്ളുന്ന കൂമ്പാര മേഘങ്ങൾ ചെറിയ പ്രദേശം കേന്ദ്രീകരിച്ചു പെയ്തിറങ്ങുന്നതാണു ജില്ലയിൽ ലഘുമേഘവിസ്ഫോടനം ഉണ്ടാകാനുള്ള കാരണം. മേഘങ്ങൾ എവിടെയാകും പെയ്യുക എന്നു നേരത്തെ മണിക്കൂറുകൾക്കു മുൻപു മാത്രമാണു മനസ്സിലാകുക. വരും ദിവസങ്ങളിലും സമാന സ്ഥിതി ഉണ്ടായേക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ പെയ്ത മഴ (മില്ലീമീറ്ററിൽ)
ചേർത്തല          51.0
കായംകുളം      40.3
മാവേലിക്കര     30.2
ആലപ്പുഴ             22.8
മങ്കൊമ്പ്               20.2
ഹരിപ്പാട്               42.0
കരുമാടി               19.5
നൂറനാട്                  49.0
തൈക്കാട്ടുശേരി   42.0

പ്രളയ നഷ്ടപരിഹാരം പരാതിയുള്ളവർക്ക് പെർമനന്റ് ലോക് അദാലത്തിനെ സമീപിക്കാം
ആലപ്പുഴ ∙ 2018ലെ പ്രളയവുമായി ബന്ധപ്പെട്ട് അനുവദിച്ച നഷ്ടപരിഹാരത്തെപ്പറ്റിയുള്ള പരാതിയുള്ളവർ പെർമനന്റ് ലോക് അദാലത്തിനെ സമീപിക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ. അപ്പീലുകൾ സ്വീകരിക്കാനുള്ള സമയപരിധി കഴിഞ്ഞെന്ന കാർത്തികപ്പള്ളി തഹസിൽദാറുടെ വിശദീകരണം സ്വീകരിച്ചുകൊണ്ടാണ് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരിയുടെ ഉത്തരവ്.

തന്റെ വീടിനു സാരമായ കേടു പറ്റിയിട്ടു സർക്കാർ 10,000 രൂപ മാത്രം നഷ്ടപരിഹാരം അനുവദിച്ചതിനെതിരെ പള്ളിപ്പാട് സ്വദേശി ഏബ്രഹാം നൽകിയ പരാതിയിലാണിത്. 2018 ലെ പ്രളയ ധനസഹായം ഇപ്പോൾ അനുവദിക്കാൻ സർക്കാർ ഉത്തരവുകളില്ലെന്നു തഹസിൽദാർ കമ്മിഷനെ അറിയിച്ചു.

ഗ്രാമപഞ്ചായത്ത് വഴി വീട് നന്നാക്കാൻ അപേക്ഷ നൽകണമെന്നും റിപ്പോർട്ടിൽ പറഞ്ഞു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടു സമാനമായ മറ്റൊരു കേസിൽ അപേക്ഷകർക്കു രണ്ടാം അപ്പീൽ അധികാരിയായ പെർമനന്റ് ലോക് അദാലത്തിനെ സമീപിക്കാമെന്നു കമ്മിഷനെ സർക്കാർ അറിയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com