ADVERTISEMENT

ആലപ്പുഴ∙ ഈ വർഷം പതിവിലും കൂടുതൽ മഴ കിട്ടും എന്നു കാലാവസ്ഥാ വിദഗ്ധർ ഒന്നടങ്കം പറയുന്നു. എന്നിട്ടും ഓടയും ഇടത്തോടുകളും ശുചിയാക്കുന്നതിനപ്പുറം വേമ്പനാട്ടു കായലിന്റെ പുനരുദ്ധാരണവും ഒഴുക്കു മെച്ചപ്പെടുത്തലും ചർച്ചകളിൽ പോലുമില്ല. ഒരു വർഷം മുൻപു കുസാറ്റിലെ സെന്റർ ഫോർ അക്വാറ്റിക് റിസോഴ്സ് മാനേജ്മെന്റ് ആൻഡ് കൺസർവേഷൻ നടത്തിയ പഠനത്തിൽ വേമ്പനാട്ടു കായലിന്റെ ഒഴുക്കു മൂന്നിൽ ഒന്നായി കുറഞ്ഞു എന്നാണു കണ്ടെത്തിയത്. പഠനത്തിന്റെ വിശദ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചിട്ടും ഇതുവരെ നടപടിയില്ല. 

106% മഴ പ്രതീക്ഷിക്കുന്ന മഴക്കാലമാണു വരുന്നത്. പസിഫിക് സമുദ്രത്തിൽ ലാ നിന പ്രതിഭാസം കൂടി രൂപപ്പെടുമ്പോൾ മഴ ഇതിലും കൂടും. വേലിയേറ്റത്തിൽ പോലും വെള്ളക്കെട്ടുണ്ടാകുന്ന കുട്ടനാട്ടിലേക്ക് ഇത്രയും വെള്ളം ഒഴുകിയെത്തുന്നതു പ്രളയ സമാന സാഹചര്യമുണ്ടാക്കും. കായലിന്റെ സംഭരണ ശേഷി കുറഞ്ഞതു കടലിലേക്കുള്ള ഒഴുക്കിനെ ബാധിക്കും. വെള്ളക്കെട്ട് കൂടുതൽ ദിവസം തുടരാൻ ഇത് ഇടയാക്കും. കായലിനോടൊപ്പം പാടശേഖരങ്ങളെക്കൂടി വെള്ളം ഒഴുകാൻ ഉപയോഗിക്കണമെന്ന നിർദേശവും വേണ്ടവിധം ചർച്ചയായിട്ടില്ല.

കായലിന്റെ സംഭരണശേഷി കുത്തനെ താഴേക്ക്; ആഴവും
1900ൽ വേമ്പനാട് കായലിന്റെ ജലസംഭരണ ശേഷി 2617.5 മില്യൻ ക്യുബിക് മീറ്ററായിരുന്നെങ്കിൽ 2020 ആയപ്പോഴേക്കും 387.87 മില്യൻ ക്യുബിക് മീറ്ററായി കുറഞ്ഞു.  തണ്ണീർമുക്കം ബണ്ടിനു തെക്കോട്ടുള്ള കായലിന്റെ ആഴം 8 മീറ്ററിൽ നിന്ന് 1.8 മീറ്ററായി. തണ്ണീർമുക്കം ബണ്ട് മുതൽ കൊച്ചി അഴിമുഖം വരെയുള്ള ഭാഗത്ത് ആഴം 8.5 മീറ്ററിൽ നിന്ന് 2.7 മീറ്ററായി. കായലിന്റെ ആഴം കുറഞ്ഞതിനപ്പുറം കടലിലേക്കുള്ള ഒഴുക്കു കുറഞ്ഞതാണു ജനങ്ങളെ ബാധിക്കുന്നത്.

പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്കു സമീപത്തെ കുമ്പളംചിറ പാലത്തിന്റെ തൂണുകളിൽ മാലിന്യം അടിഞ്ഞുകൂടിയപ്പോൾ.
പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്കു സമീപത്തെ കുമ്പളംചിറ പാലത്തിന്റെ തൂണുകളിൽ മാലിന്യം അടിഞ്ഞുകൂടിയപ്പോൾ.

കായലിന്റെ പല ഭാഗത്തും ഹൗസ്ബോട്ടുകൾ ഉൾപ്പെടെ ജലയാനങ്ങൾ കായലിലെ മൺകൂനകളിൽ ഇടിച്ചു നിന്നു പോയ സംഭവങ്ങൾ പല തവണയുണ്ടായി. നേരേകടവ്– മാക്കേക്കടവ് ഭാഗത്ത് എക്കൽ അടി‍ഞ്ഞു വലിയ തോതിൽ ഒഴുക്കു തടസ്സപ്പെടുന്നുണ്ട്.മേയ് അവസാനം മഴ കനത്തു പെയ്തതോടെ പള്ളാത്തുരുത്തി, പാണാവള്ളി, നെടുമുടി എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലെത്തി. മഴ മാറി മൂന്നാം ദിവസവും പള്ളാത്തുരുത്തി, കാവാലം, നെടുമുടി, മങ്കൊമ്പ്, ചമ്പക്കുളം, കരുമാടി, കിടങ്ങറ, നീരേറ്റുപുറം തുടങ്ങിയയിടങ്ങളിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലായിരുന്നു.

മിന്നൽ പ്രളയങ്ങൾ, ഒഴുക്ക് കൂടുതൽ കായലിലേക്ക്
കാലവർഷം ശക്തി പ്രാപിക്കുന്ന സീസണിൽ തോട്ടപ്പള്ളി സ്പിൽവേ പൊഴിയിലൂടെയും കൊച്ചി അഴിമുഖം വഴിയും കായലിൽ നിന്നു കടലിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവിനെക്കാൾ വളരെക്കൂടുതലാണ് കായലിലേക്ക് ഒഴുകിയെത്തുന്ന വെള്ളം.സ്പിൽവേയുടെ സമീപത്ത് എക്കലടിഞ്ഞു ജലവിതാനം ഉയർന്നതിനാൽ വെള്ളം കടലിലേക്ക് എത്തുന്നതു വൈകുന്നു. ഇതുകാരണം പമ്പ, അച്ചൻകോവിൽ, മണിമല നദികളുടെ ഉയർന്ന തീരത്തു പോലും വെള്ളം കയറുന്ന സ്ഥിതിയുണ്ട്.

നീണ്ടു നിൽക്കുന്ന ശക്തമായ മഴ കാരണം അച്ചൻകോവിൽ, മണിമല നദികളിലൂടെ മലവെള്ളപ്പാച്ചിൽ എത്തി കായലിലെ ജലനിരപ്പ് ഉയരും. ഇതോടെ മീനച്ചിൽ, മൂവാറ്റുപുഴ നദികളിൽ നിന്നുള്ള വെള്ളം കായലിലേക്ക് ഒഴുകാത്ത സ്ഥിതി വരും. അത് മൂവാറ്റുപുഴ, മീനച്ചിൽ നദിയുടെ തീരങ്ങളിൽ മിന്നൽ പ്രളയത്തിനു കാരണമാകുമെന്നു കുസാറ്റിന്റെ പഠനം പറയുന്നുണ്ട്.

എന്താണു പരിഹാരം
1. പൊഴികളുടെ വഴി തുറക്കണം: തോട്ടപ്പള്ളി സ്പിൽവേയും തണ്ണീർമുക്കം ബണ്ടും കഴിഞ്ഞാൽ പിന്നെ അഴീക്കൽ, അന്ധകാരനഴി പൊഴികളിലൂടെയാണു കൂടുതൽ വെള്ളം കടലിലെത്തുന്നത്. അന്ധകാരനഴി പൊഴി മണലടിഞ്ഞു മൂടിയപ്പോൾ സമീപ പഞ്ചായത്തുകൾ വെള്ളത്തിലായി. ഇപ്പോഴും പൂർണമായി തുറന്നിട്ടില്ല, മണൽ നീക്കിയിട്ടുമില്ല. കായലിൽ നിന്നു കടലിലേക്കു വെള്ളമൊഴുകുന്ന 16 ചെറു പൊഴികളും മണലടിഞ്ഞു തടസ്സപ്പെട്ടിരിക്കുന്നു. ഇതുകാരണം കടലിലേക്കു വെള്ളമൊഴുകുന്നില്ല, തീരത്തെ വീടുകൾ പോലും വെള്ളക്കെട്ടിലാകുന്നു. ഈ പൊഴികളെല്ലാം തുറന്നുവിടണം.

2. ആലപ്പുഴ കനാൽ കടലിലേക്കു തുറന്നു കൊടുത്താൽ മാലിന്യങ്ങളും വെള്ളവും കുറെയധികം ഒഴുകിപ്പോകുമെന്നു വിദഗ്ധർ കാലങ്ങളായി പറയുന്നുണ്ടെങ്കിലും അതിനു നടപടിയില്ല.

3. മഴക്കാലത്തു പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള വെള്ളം ഒഴുക്കാൻ പാടശേഖരങ്ങളെ കൂടി പ്രയോജനപ്പെടുത്തണമെന്നാണു വിദഗ്ധർ പറയുന്നത്.കൃഷിയില്ലാത്ത പാടശേഖരങ്ങളിൽ വെള്ളം കയറാൻ അനുവദിക്കുന്നതോടെ എക്കൽ ഈ പാടശേഖരങ്ങളിൽ അടിയും. ഇതു കൃഷിക്കും ഗുണമാകും. കിഴക്കൻ വെള്ളത്തിനൊപ്പം മണ്ണും എക്കലും കായലിലേക്ക് എത്തുന്നതും ഇതിലൂടെ തടയാം. പാടശേഖരങ്ങളിലേക്കു വെള്ളം കയറാനും ഇറങ്ങാനും സംവിധാനം ഒന്നാം കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും നടപ്പായില്ല.

4. കുട്ടനാട് പാക്കേജ് പ്രകാരം പാടശേഖരങ്ങൾക്കു കല്ലുകെട്ടി പുറംബണ്ട് ഒരുക്കി, എന്നാൽ ‌‌‌‌‌‌‌ഷട്ടർ സംവിധാനത്തോടു കൂടിയ മടകൾ സ്ഥാപിച്ചില്ല. പാടത്തു വെള്ളം കയറ്റിയാൽ വീണ്ടും മട കുത്തി കൃഷിയിറക്കുന്നതിനു സമയമെടുക്കുമെന്നും ഭാരിച്ച ചെലവു വരുമെന്നുമാണു കർഷകർ പറയുന്നത്. അവരുടെ പ്രശ്നങ്ങൾ കൂടി കണ്ടുകൊണ്ടുള്ള പരിഹാര നടപടി ആവശ്യം.

5. പാടത്തേക്കു വെള്ളം കയറ്റണമെങ്കിൽ വെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിക്കുന്ന റഗുലേറ്റർ സംവിധാനം ഇടത്തോടുകളിൽ സ്ഥാപിക്കണം. ബണ്ടുകൾ വീതികൂട്ടണം. പുറംബണ്ടുകളിലെ വീടുകൾക്കും ഇതു ഗുണകരമാകും. എന്നാൽ കുട്ടനാട് പാക്കേജ് പോലെതന്നെ ഇവയും നടപ്പായില്ല.

വെള്ളം എത്രയും വേഗം കടലിലേക്ക് ഒഴുകിമാറാനുള്ള സൗകര്യം ഒരുക്കണം. പൊഴികൾ മഴക്കാലത്തിനു സജ്ജമാക്കണം. കടൽത്തിരകളെ ഭേദിച്ചു ഒഴുകി മാറാനുള്ള വെള്ളം തോട്ടപ്പള്ളി സ്പിൽവേയിലേക്ക് എത്തുന്നില്ല. വേലിയേറ്റ സമയത്ത് ഒഴുക്ക് തീരെ കുറയുന്നു. വേലിയേറ്റ സമയത്തു കടൽവെള്ളം കായലിലേക്കു കയറുന്ന സ്ഥിതിയുമുണ്ട്.

ജലം ഒഴുകി മാറേണ്ട ആറുകളും തോടുകളും കായലുകളും മാലിന്യം നീക്കി ആഴം കൂട്ടി കടലിലേക്കു നീരൊഴുക്കു സുഗമമാക്കണം. പാടശേഖരങ്ങളിൽ മൂന്നോ നാലോ ദിവസം കൊണ്ടു നിറയുന്ന വെള്ളം മാസങ്ങളോളം അങ്ങനെ തന്നെ കിടന്നു പ്രദേശമാകെ നശിപ്പിക്കും. അതിനൊപ്പം കിഴക്കൻ മേഖലയിൽ നിന്ന് എത്തുന്ന പ്രളയജലം വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വർധിപ്പിക്കും. 4 മാസത്തോളം വെള്ളത്തിൽ മുങ്ങി കിടക്കുന്നു പുറംബണ്ടുകൾ തകർന്നാൽ കൃഷി തന്നെ നിന്നുപോകുന്ന അവസ്ഥയുണ്ടാകും.

English Summary:

Vembanad Lake Issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com