ADVERTISEMENT

ബെംഗളൂരു∙ ഗതാഗത നിയമ ലംഘനങ്ങൾ നിയന്ത്രിക്കാൻ 50 ജംക്‌ഷനുകളിൽ കൂടി നിർമിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സംവിധാനം ഏർപ്പെടുത്താൻ ട്രാഫിക് പൊലീസ്.

 വാഹനങ്ങൾ റോഡിൽ തടഞ്ഞുനിർത്തി, ഗതാഗതക്കുരുക്കിനു വഴിയൊരുക്കുന്ന ട്രാഫിക് പൊലീസിന്റെ രീതി അവസാനിപ്പിക്കുന്നതിനു കൂടിയാണ് പുതിയ സംവിധാനം. പദ്ധതിയുടെ ഭാഗമായി 250 ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്‌നിഷൻ (എഎൻപിആർ) ക്യാമറകൾ ജം‌ക്‌ഷനുകളിൽ സ്ഥാപിക്കും. 

നിയമലംഘനങ്ങൾ ക്യാമറ തിരിച്ചറിഞ്ഞ് വാഹനത്തിന്റെ നമ്പർ സഹിതം കൺട്രോൾ റൂമിലേക്കു വിവരം അറിയിക്കും. തുടർന്നു വാഹന ഉടമകൾക്കു കുറ്റവും പിഴയും വ്യക്തമാക്കുന്ന സന്ദേശം എസ്എംഎസായി ലഭിക്കും. പണം ഓൺലൈനായി അടയ്ക്കുകയാണു വേണ്ടത്. 

  സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതു വഴി ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനാകും. ഇതുവഴി ഗതാഗത നിയന്ത്രണത്തിനു കൂടുതൽ ഉദ്യോഗസ്ഥരെ ഏർപ്പെടുത്താൻ സാധിക്കും. 

കബൺപാർക്ക്, മിൻസ്ക്വയർ, ജിപിഒ, ട്രിനിറ്റി സർക്കിൾ, മൈസൂർ റോഡ് സർക്കിൾ ഉൾപ്പെടെ നഗരത്തിലെ പ്രധാന ജം‌ക്‌ഷനുകളിൽ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതു വിജയം കണ്ടതോടെയാണു കൂടുതൽ ജംക്‌ഷനുകളിലേക്കു വ്യാപിപ്പിക്കുന്നത്. പിഴയായി കൂടുതൽ പണം സമാഹരിക്കുകയല്ല, മികച്ച ഗതാഗത സംസ്കാരം വളർത്തിയെടുക്കുകയാണു നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊലീസ് കമ്മിഷണർ സി.എച്ച്.പ്രതാപ് റെഡ്ഡി പറഞ്ഞു.

നിയമലംഘനങ്ങൾ ഇതൊക്കെ

 

∙ ഓരോ റോഡുകളിലും അനുവദനീയമായ 

വേഗത്തിൽ കൂടുതൽ വാഹനം ഓടിച്ചാൽ

∙ ട്രാഫിക് സിഗ്നലുകൾ തെളിഞ്ഞിട്ടും വണ്ടി 

നിർത്താതിരുന്നാൽ

∙ സ്റ്റോപ്പ് ലൈനുകൾ കടന്നു വണ്ടി 

നിർത്തിയാൽ

∙ ഇരുചക്രവാഹനങ്ങളിൽ 2 യാത്രക്കാരും ഹെൽമറ്റ് ധരിക്കാതിരിക്കുന്നത്.

∙ ഇരുചക്രവാഹനങ്ങളിൽ 3 പേർ യാത്ര ചെയ്യുന്നത്

∙ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്.

∙ സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെ കാർ ഓടിക്കുന്നത്.

ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ്

 

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റിന്റെ പ്രധാന ഘടകമാണ് എഎൻപിആർ ക്യാമറ. ട്രാഫിക് സി‌ഗ്‌നൽ ലംഘിച്ച് കടന്നുപോകുന്ന വാഹനങ്ങളെ പിടികൂടാനുള്ള റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്‌ഷൻ (ആർഎൽവിഡി) ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ക്യാമറയിലുണ്ട്. സാധാരണ സിസിടിവി ക്യാമറകൾക്ക് പകരം ട്രാഫിക് സിഗ്‌നലിൽ കാത്തുനിൽക്കുന്ന വാഹനങ്ങളുടെ സമയം ഉൾപ്പെടെ നിർമിത ബുദ്ധി ഉപയോഗിച്ചു കുറയ്ക്കാനും കൂട്ടാനും എഐ ക്യാമറകൾക്ക് കഴിയും. ജംക്‌ഷനുകളിൽ വാഹനങ്ങളുടെ ബാഹുല്യം അനുസരിച്ച് സിഗ്‌നലുകൾ ക്രമീകരിക്കുന്നതോടെ കൂടുതൽ സമയം വാഹനങ്ങൾ കാത്തുകെട്ടി നിൽക്കുന്നത് ഒഴിവാക്കാനാകും.

നിലവിലെ കൊള്ള അവസാനിക്കും

 

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ കുറ്റമറ്റ സംവിധാനം വരുന്നത്, പരിശോധനയുടെ പേരിൽ നിരത്തുകളിൽ നടക്കുന്ന പകൽ കൊള്ളയ്ക്ക് അവസാനമാകും. നിലവിൽ തോന്നിയ രീതിയിലാണു പൊലീസുകാർ പിഴ ഈടാക്കുന്നത്. രസീത് പോലും പലപ്പോഴും നൽകാറില്ല. ഇതരസംസ്ഥാന റജിസ്ട്രേഷനുള്ള വാഹന ഉടമകളിൽ നിന്നു കൂടുതൽ പണം ഈടാക്കുന്നതും പതിവാണ്.

 

∙ അഖിലേഷ് മോഹൻ, അബിഗരെ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com