ADVERTISEMENT

ബെംഗളൂരു ∙ മലയാളത്തിന്റെ അക്ഷര ലോകത്തേക്ക് അവർ ഹരിശ്രീ കുറിച്ചു. ആദ്യാക്ഷര മധുരം പകർന്നു നൽകിയ ഗുരുക്കന്മാരുടെ കാൽതൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങി. കുരുന്നുകളുടെ കുറുമ്പിന്റെയും കളിചിരിയുടെയും കൂടി വേദിയായി ബെംഗളൂരു പ്രസ് ക്ലബ്ബിൽ മലയാള മനോരമ ഒരുക്കിയ വിദ്യാരംഭം വേദി. ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരി അനിത നായർ, മുതിർന്ന മാധ്യമപ്രവർത്തകനും ഡെക്കാൻ ഹെറൾഡ് മുൻ അസോഷ്യേറ്റ് എഡിറ്ററുമായ എ.വി.എസ് നമ്പൂതിരി എന്നിവർ ഗുരുക്കന്മാരായി. ശ്വേതാ ശങ്കർ പ്രാർഥനാ ഗീതം ആലപിച്ചു. ചിണുങ്ങലും പിണങ്ങലുമായി ആദ്യാക്ഷരം കുറിച്ചവരുമുണ്ട് ഇക്കൂട്ടത്തിൽ. കുഞ്ഞുടുപ്പുകൾക്കു മുകളിൽ പുത്തൻ കസവു നേര്യതുമുടുത്ത് തനതു മലയാളത്തിന്റെ പ്രൗഡ വേഷത്തിലാണ് ഒട്ടുമിക്ക കുഞ്ഞുങ്ങളും എത്തിയത്. കുഞ്ഞുവിരലുകൾ പിടിച്ച് ഗുരുക്കന്മാർ എഴുതാൻ തുടങ്ങിയപ്പോൾ ചിലർ കലഹിക്കാൻ തുടങ്ങി. സമീപത്തിരുന്ന് ആസ്വദിച്ച് എഴുതുന്ന മറ്റു കുരുന്നുകളെ കാണിച്ചുകൊടുത്ത് അച്ചനമ്മമാർ അനുനയിപ്പിച്ചു. 

സമ്മാനം ലഭിച്ച ബാഗുമായി മടങ്ങുന്ന കുട്ടി.
സമ്മാനം ലഭിച്ച ബാഗുമായി മടങ്ങുന്ന കുട്ടി.

ഗുരുക്കന്മാർ കിന്നാരം പറഞ്ഞും ചോക്കലേറ്റ് നൽകിയും കുഞ്ഞുവിരലുകളെ കൈക്കുള്ളിലാക്കി. പേരു ചോദിച്ച ഗുരുവിനോട് തിരികെ പേരു ചോദിച്ച മിടുക്കർ പോലുമുണ്ട് അവർക്കിടയിൽ. മനോരമയുടെ മുൻകാല വിദ്യാരംഭ വേദിയിൽ എഴുതിത്തുടങ്ങിയ ചേട്ടന്മാർക്കും ചേച്ചിമാർക്കും ഒപ്പം എത്തിയവരുമുണ്ട്. നാട്ടിൽ നിന്നെത്തിയ ബന്ധുക്കൾ ഈ കുറുമ്പുകൾ മൊബൈൽ ക്യാമറയിൽ പകർത്തി. അവർക്കൊപ്പം ചിത്രത്തിനു പോസ് ചെയ്തു. വീട്ടിലേക്കു മടങ്ങും വേളയിൽ അവർക്കു ലഭിച്ച സമ്മാന ബാഗ് തുറന്ന് ഇതിനുള്ളിലെ അക്ഷരമാലയും കളിക്കുടുക്ക ബാലമാസികയുമൊക്കെ പുറത്തെടുത്ത് ഭംഗി ആസ്വദിച്ചു. മാജിക് പോട്ടിന്റെ കളറിങ് ബുക്കും ക്രയോൺസുമൊക്കെ പരിശോധിച്ചു. തുടർന്ന് ബാഗും ചുമലിൽ തൂക്കി വേദിയിൽ ഓടിക്കളിച്ചു. അവരുടെ ചിരിക്കുലുക്കങ്ങളിൽ വിദ്യാരംഭം വേദി പ്രകാശപൂരിതമായി. 

ആദ്യാക്ഷരം എഴുതിയ തമിഴ് ബാലിക ഡി.എ.ദിയ അമ്മ അനു, ഗുരു അനിതാ നായർ എന്നിവർക്കൊപ്പം
ആദ്യാക്ഷരം എഴുതിയ തമിഴ് ബാലിക ഡി.എ.ദിയ അമ്മ അനു, ഗുരു അനിതാ നായർ എന്നിവർക്കൊപ്പം

വിദ്യാരംഭത്തിന് തമിഴ് തിളക്കം 
വിദ്യാരംഭ വേദിയിൽ ഇക്കുറി തമിഴ് ബാലികയും ആദ്യാക്ഷരം കുറിച്ചു. ആർ.ടി നഗറിൽ താമസിക്കുന്ന കൃഷ്ണഗിരി സ്വദേശികളായ ആർ.ദാമോദർ–കെ.അനു ദമ്പതികളുടെ മകൾ മൂന്നര വയസ്സുകാരി ഡി.എ.ദിയയെ അനിതാ നായർ മലയാളത്തിലാണ് ഹരിശ്രീ എഴുതിച്ചത്. മലയാളി സുഹൃത്തുക്കളിൽ നിന്നാണ് വിദ്യാരംഭ ചടങ്ങുകളെക്കുറിച്ച് അറിഞ്ഞതെന്ന് അനു പറഞ്ഞു. കുട്ടികൾക്കായി ഒരുക്കിയ ക്രമീകരണങ്ങൾ കണ്ടപ്പോൾ ഏറെ സന്തോഷമായെന്ന് അനു പറഞ്ഞു. 

രക്ഷിത്ത് മാതാപിതാക്കളായ ആർ. രാകേഷ്, ചിന്നു, സഹോദരി സായ് ലക്ഷ്മി, ഗുരു അനിതാ നായർ എന്നിവർക്കൊപ്പം
രക്ഷിത്ത് മാതാപിതാക്കളായ ആർ. രാകേഷ്, ചിന്നു, സഹോദരി സായ് ലക്ഷ്മി, ഗുരു അനിതാ നായർ എന്നിവർക്കൊപ്പം

പാരമ്പര്യത്തണലിൽ മറുനാട്ടിൽ വിദ്യാരംഭം
ബെംഗളൂരു∙ നാട്ടിലെ വിദ്യാരംഭം ചടങ്ങുകളുടെ അതേ പാരമ്പര്യത്തനിമയോടെ മറുനാട്ടിലും മക്കളെ എഴുത്തിനിരുത്താൻ കഴിഞ്ഞതിന്റെ സന്തോഷം മറച്ചുവച്ചില്ല കൊല്ലം പുനലൂർ സ്വദേശി ആർ.രാകേഷും ഭാര്യ ചിന്നു ദാസും. വിദ്യാരംഭം വേദിയിൽ  5 വർഷത്തിന് ശേഷം ഇവർ വീണ്ടും എത്തിയിരിക്കുകയാണ്. 2018ൽ മൂത്തമകൾ സായ് ലക്ഷ്മി ഹരിശ്രീ കുറിച്ച വേദിയിലാണ് ഇളയ മകൻ രക്ഷിത്തും ആദ്യാക്ഷരം എഴുതിയത്. ഇരുവർക്കും ഇതു പകർന്നു നൽകിയത് എഴുത്തുകാരി അനിതാ നായരും. കുഞ്ഞനിയന്റെ വിരൽ പിടിച്ച് ഗുരു എഴുതിക്കുമ്പോൾ സമീപത്ത് രണ്ടാം ക്ലാസ് വിദ്യാർഥിനി സായ് ലക്ഷ്മിയും കളി ചിരിയുമായി ഇടം പിടിച്ചു. 

ആദ്യാക്ഷരം എഴുതിയ സഹോദരങ്ങളായ നോഹ മൈക്കിളും എസ്റിയേൽ മൈക്കിളും മാതാപിതാക്കളായ ടിന്റു തോമസ്, ജിയ, ഗുരു എ.വി.എസ്.നമ്പൂതിരി എന്നിവർക്കൊപ്പം
ആദ്യാക്ഷരം എഴുതിയ സഹോദരങ്ങളായ നോഹ മൈക്കിളും എസ്റിയേൽ മൈക്കിളും മാതാപിതാക്കളായ ടിന്റു തോമസ്, ജിയ, ഗുരു എ.വി.എസ്.നമ്പൂതിരി എന്നിവർക്കൊപ്പം

ഹരിശ്രീ എഴുതി സഹോദരങ്ങൾ
അറിവിന്റെ മധുരം നുകർന്ന് സഹോദരങ്ങളും. കാടുഗോഡിയിൽ താമസിക്കുന്ന പാലാ സ്വദേശി ടിന്റു തോമസ്–ജിയ മൈക്കിൾ ദമ്പതികളുടെ മക്കളായ 4 വയസ്സുകാരൻ നോഹ മൈക്കിളിനെയും രണ്ട് വയസ്സുകാരി എസ്റിയേൽ മൈക്കിളിനെയുമാണ് എ.വി.എസ്.നമ്പൂതിരി ഹരിശ്രീ എഴുതിച്ചത്. മറുനാട്ടിലാണെങ്കിലും കുട്ടികൾക്ക് മാതൃഭാഷയെ അടുത്തറിയാൻ കൂടി ഇത്തരം വേദികൾ ഉപകരിക്കുമെന്ന് ടിന്റു തോമസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com