ADVERTISEMENT

പുൽപള്ളി ∙ ശുദ്ധജലക്ഷാമം കാരണം വലയുന്ന ബെംഗളൂരൂവിലേക്ക് കബനീജലം എത്തിത്തുടങ്ങി. കേരളാതിർത്തിയിലെ ബീച്ചനഹളളി അണക്കെട്ടിൽ സംഭരിച്ച ജലമാണു കാവേരിയിലേക്ക് ഒഴുക്കി അവിടെ നിന്ന് ടി.നരസിപ്പുര വഴി  തലസ്ഥാനത്തെത്തിക്കുന്നത്. കഴിഞ്ഞ 11ന് 13,000 ക്യുസെക്സ് ജലം ഒഴുക്കി. തുടർദിവസങ്ങളിലും ജലവിതരണം ഇത്തരത്തിൽ നടത്തി. ടി.നരസിപ്പുരയിൽ നിന്നു കൊള്ളഗൽ വഴി ശിവാന സമുദ്രയിലെത്തുന്ന കാവേരിജലം ആനിക്കെട്ട് റിസർവോയറിൽ സംഭരിച്ചാണു ബെംഗളൂരുവിലേക്ക് എത്തിക്കുന്നത്. ഇവിടെ നിന്നു പമ്പുചെയ്യുന്ന വെള്ളം 4 ഘട്ടം പിന്നിട്ട് നഗര പരിസരങ്ങളിലെ 56 ഭൂതല റിസർവോയറിൽ എത്തിച്ചാണു ബെംഗളൂരുവിൽ വിതരണം ചെയ്യുന്നത്. 

കൂറ്റൻ റിസർവോയറിൽ സംഭരിക്കുന്ന ജലം 95 കിലോമീറ്റർ അകലെയുള്ള ബെംഗളൂരുവിൽ എത്തിക്കാനും വിപുല സംവിധാനമുണ്ട്. വലിയ‌ പമ്പ് ഹൗസുകളും പല തലങ്ങളിലായി ഉയരത്തിൽ സ്ഥാപിച്ച റിസർവോയറുകളും ജലശുദ്ധീകരണ കേന്ദ്രങ്ങളും ഈ റൂട്ടിലുണ്ട്. കുടക്, നാഹർഹൊള മേഖലയിൽ നിന്നാരംഭിക്കുന്ന കാവേരിയിലെ ജലം മൈസൂരു കൃഷ്ണരാജസാഗർ അണക്കെട്ടിൽ നിന്നാണു ബെംഗളൂരുവിലേക്കു കൊണ്ടുപോയിരുന്നത്. മഴക്കുറവിനെ തുടർന്ന് അണക്കെട്ടിൽ ജലനിരപ്പു താഴ്ന്നതോടെയാണു കബനീജലമെടുക്കാൻ തീരുമാനമായത്. 

സംസ്ഥാനത്ത് ജലക്ഷാമം കടുക്കുമെന്ന് അറിഞ്ഞപ്പോൾ തന്നെ കബനീജലം അപ്പാടെ സംഭരിക്കാൻ തീരുമാനം എടുത്തിരുന്നു. ജനുവരി 9നുശേഷം കൃഷിക്കുള്ള ജലവിതരണം നിർത്തി. അണക്കെട്ടിൽ നിന്നു ജലസേചനത്തിനു വെള്ളം നൽകില്ലെന്നും കൂടുതൽ ജലം ആവശ്യമുള്ള കൃഷി ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി. ബീച്ചനഹള്ളി അണക്കെട്ടിൽ നിലവിൽ 10.73 ടിഎംസി ജലം കരുതലുണ്ട്. കഴിഞ്ഞ വർഷം ഈ സമയത്തെ സംഭരണം 8.61 ടിഎംസിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com