ADVERTISEMENT

ബെംഗളൂരു ∙ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ കലാപക്കൊടി ഉയർത്തിയ കർണാടക ബിജെപി നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഊർജിതമാക്കി. ശിവമൊഗ്ഗയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ഈശ്വരപ്പയോട് പിൻമാറാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല.  

മകന് സുരക്ഷിതമായ രാഷ്ട്രീയ ഭാവിയുണ്ടാകുമെന്ന് ഉറപ്പു നൽകിയ ഷാ, അദ്ദേഹത്തെ ഇന്നു ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. മകൻ കെ.ഇ.കാന്തേഷിന് ഹാവേരി സീറ്റ് നൽകാത്തതിനെ തുടർന്നാണ് യെഡിയൂരപ്പയുടെ മകൻ ബി.വൈ.രാഘവേന്ദ്രയ്ക്കെതിരെ സ്വതന്ത്രനായി മത്സരിക്കുന്നത്. പിതാവിന്റെയും പുത്രന്മാരുടെയും കൈകളിൽ നിന്ന് പാർട്ടിയെ രക്ഷിക്കാനാണു മത്സരിക്കുന്നതെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹംപറഞ്ഞു. 

കോൺഗ്രസിൽ കുടുംബവാഴ്ച, അഴിമതി, അധികാരവടംവലി
ബെംഗളൂരു ∙ കോൺഗ്രസിനും ‘ഇന്ത്യ’ മുന്നണിക്കുമെതിരെ ആരോപണങ്ങളും പരിഹാസവും ഉന്നയിച്ച് കേന്ദ്രമന്ത്രി അമിത് ഷാ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു.  സഖ്യകക്ഷിയായ ജനതാദൾ (എസ്) നേതാക്കൾ കൂടി പങ്കെടുത്ത യോഗത്തിൽ  ഒന്നിച്ചുനിന്ന് 28 സീറ്റിലും വിജയം ഉറപ്പാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.  കുടുംബവാഴ്ചക്കാരും അഴിമതിക്കാരുമാണ് ഇന്ത്യാ സഖ്യത്തിലെന്ന് ആരോപിച്ച കേന്ദ്ര മന്ത്രി, വേനൽക്കാലത്ത് വിദേശത്തേക്കു പോകുന്നയാളാണ് രാഹുൽ ഗാന്ധിയെന്ന് പരിഹസിച്ചു. കർണാടകയിൽ ഒരാൾ കസേര നിലനിർത്താനും മറ്റൊരാൾ അതു തട്ടിപ്പറിക്കാനും കരുനീക്കുകയാണ്.

ബെംഗളൂരുവിൽ സ്ഫോടനങ്ങൾ നടക്കുമ്പോൾ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള എസ്ഡിപിഐയുടെ പിന്തുണ തേടുകയാണ് കോൺഗ്രസ്. യുപിഎ സർക്കാരിന്റെ കാലത്ത് 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്ന് എണ്ണിപ്പറഞ്ഞ അമിത് ഷാ,  മോദി സർക്കാരിനെതിരെ  ഒരു അഴിമതി പോലും ആരോപിക്കാനില്ലെന്നും അവകാശപ്പെട്ടു. ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ മരുമകൻ ഡോ.സി.എൻ.മഞ്ജുനാഥ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന ബെംഗളൂരു റൂറൽ മണ്ഡലത്തിന്റെ ഭാഗമായ ചന്നപട്ടണയിൽ അമിത് ഷായുടെ നേതൃത്വത്തിൽ റോഡ് ഷോയും നടത്തി.

ദൾ സംസ്ഥാന അധ്യക്ഷനും മണ്ഡ്യയിലെ സ്ഥാനാർഥിയുമായ കുമാരസ്വാമി, ദൾ നിർവാഹക സമിതി അധ്യക്ഷൻ ജി.ടി.ദേവെഗൗഡ, ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ.അശോക, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവർ പങ്കെടുത്തു. ബിജെപി പാർലമെന്ററി ബോർഡ് അംഗം യെഡിയൂരപ്പ, ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അഗർവാൾ തുടങ്ങിയവരും വിവിധ യോഗങ്ങളിൽ സന്നിഹിതരായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com