ADVERTISEMENT

ചെന്നൈ ∙ ഭരതനാട്യം പരിശീലിക്കാൻ ആഗ്രഹിക്കുന്നവർക്കായി അഡയാറിലും തൊരൈപ്പാക്കത്തും 2 പഠനകേന്ദ്രങ്ങൾ നടത്തുകയാണ് ഗുരുവായൂർ സ്വദേശി അമൃത ആർ.മേനോൻ എന്ന കലാക്ഷേത്ര അമൃത മേനോൻ. പ്ലസ്ടു പൂർത്തിയാക്കി, നൃത്ത പഠനത്തിനായി ചെന്നൈയിലെത്തിയ അമൃത, കലാക്ഷേത്രയിലെ പഠനത്തിനു ശേഷം മദ്രാസ് സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് പരിശീലന പരിപാടികളിലേക്കു പൂർണമായി ശ്രദ്ധ തിരിച്ചത്. 

അമ്മയുടെ കുടുംബം നൃത്ത രംഗത്ത് സജീവമായിരുന്നതിനാൽ വീട്ടിൽ നിലനിന്ന കലാന്തരീക്ഷം ഈ രംഗത്ത് തുടരാൻ പ്രോത്സാഹനമായി. അമ്മയുടെ സഹോദരൻ കലാക്ഷേത്രയിലെ അധ്യാപകനായിരുന്നതിനാൽ തുടർ പഠനത്തിന് കലാക്ഷേത്ര തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷേ സ്കൂൾ പഠനകാലത്ത് വോളിബോൾ തുടങ്ങിയ കായിക ഇനങ്ങളിലായിരുന്നു കൂടുതൽ താൽപര്യം തോന്നിയിരുന്നതെന്ന് അമൃത പറഞ്ഞു.    

പഠനത്തോടൊപ്പം തന്നെ വിവിധ തരം നൃത്തങ്ങൾ പരിശീലിപ്പിക്കാനും തുടങ്ങിയിരുന്നെങ്കിലും പഠനം പൂർത്തിയായതോടെ പൂർണമായും ഭരതനാട്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നെന്ന് അമൃത പറഞ്ഞു. ഇടയിൽ ഒരു വർഷത്തോളം യുഎസിൽ മലയാളികളുടെ നേതൃത്വത്തിൽ നടത്തി വന്ന നൃത്തപരിശീലന കേന്ദ്രത്തിൽ അധ്യാപികയായും ജോലി ചെയ്തു. വിവാഹാനന്തരം ചെന്നൈയിൽ സ്ഥിര താമസമാക്കിയതോടെ അഡയാറിൽ ‘ക്ഷേത്ര’ എന്ന പേരിൽ പരിശീലനകേന്ദ്രം ആരംഭിക്കുകയായിരുന്നു. പിന്നീട് തൊരൈപ്പാക്കത്തും പരിശീലന പരിപാടി ആരംഭിച്ചു.  

പ്രാക്ടിക്കൽ ക്ലാസുകളോടൊപ്പം തിയറി ക്ലാസുകളും നടത്തുന്നതാണ് ക്ഷേത്രയുടെ പ്രത്യേകതയെന്ന് അമൃത പറയുന്നു. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകളെടുക്കുന്നുണ്ട്. പ്രായ പരിധികളില്ലാതെ, നൃത്ത പഠനത്തിൽ തൽപരരായ ആർക്കും പ്രവേശനം നൽകും. തുടക്കക്കാർക്കായി പ്രത്യേക ക്ലാസുകളുണ്ട്. കലാക്ഷേത്രയുടെ തനതു ശൈലിയിലായാണ് ക്ഷേത്രയിലെയും ക്ലാസുകൾ. പുതിയ ബാച്ചുകൾ നാളെ മുതൽ ആരംഭിക്കും. അഡയാറിൽ ശനി, ഞായർ ദിവസങ്ങളിലും തൊരൈപ്പാക്കത്ത് ഞായർ തിങ്കൾ ദിവസങ്ങളിലുമാണ് ക്ലാസുകൾ. ബന്ധപ്പെടാൻ: 9962303089.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com