ജോസ് ആലുക്കാസിലെ കവർച്ച; ഒരാൾ അറസ്റ്റിൽ
Mail This Article
കോയമ്പത്തൂർ ∙ ജോസ് ആലുക്കാസ് ജ്വല്ലറിയുടെ കോയമ്പത്തൂർ ശാഖയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. കവർച്ച ചെയ്യപ്പെട്ട ആഭരണങ്ങളിൽ 3 കിലോ വീണ്ടെടുത്തു. കവർച്ച നടത്തിയ ധർമപുരി അരൂർ ദേവറെഡ്ഡിയൂരിലെ എം.വിജയ് (25) പൊലീസിന്റെ പിടിയിൽ പെടാതെ കടന്നു. കൂട്ടുപ്രതി ഇയാളുടെ ഭാര്യ വി.നർമദയെ (23) ആണ് കോയമ്പത്തൂർ സിറ്റി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
പിടികൂടാനുള്ള ശ്രമത്തിനിടെ വിജയ് രക്ഷപ്പെടുകയായിരുന്നു എന്നു സിറ്റി പൊലീസ് കമ്മിഷണർ വി.ബാലകൃഷ്ണൻ അറിയിച്ചു. ജ്വല്ലറിയിൽ നിന്ന് 4.6 കിലോ വജ്രം, സ്വർണാഭരണങ്ങൾ എന്നിവ മോഷ്ടിക്കപ്പെട്ടിട്ടു രണ്ടു ദിവസത്തിനു ശേഷമാണു പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുകയാണെന്നു കമ്മിഷണർ പറഞ്ഞു.
ഇയാളെ പിടികൂടിയാലേ ബാക്കി ആഭരണങ്ങൾ കണ്ടെടുക്കാനാകൂ. മോഷണത്തെക്കുറിച്ച് അറിയാവുന്ന നർമദ കൊള്ളമുതലിന്റെ ഒരു ഭാഗം സൂക്ഷിച്ചു വച്ചതിനാലാണു കൂട്ടുപ്രതിയായത്. ജ്വല്ലറിയിൽ നിന്നു ശേഖരിച്ച മോഷ്ടാവിന്റെ വിരലടയാളത്തിലൂടെ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക്ക് ആൻഡ് സിസ്റ്റംസ് (സിസിടിഎൻഎസ്) വഴിയാണു പ്രതിയിലേക്കെത്തിയത്. ഷോറൂമിലെ ക്യാമറകൾ ഉൾപ്പെടെ 350ലേറെ നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.
മറ്റൊരു കേസിൽ ജയിലിൽ കഴിയുന്നതിനിടെ പരിചയപ്പെട്ട സുഹൃത്ത് സുരേഷിന്റെ സഹായത്തോടെ ആനമലയ്ക്കടുത്ത് ഇയാൾ ഭാര്യയോടൊപ്പം താമസിക്കുകയായിരുന്നു. കോയമ്പത്തൂർ സിറ്റി പൊലീസും ധർമപുരി പൊലീസും വീടു കണ്ടുപിടിച്ചു വ്യാഴാഴ്ച രാത്രി പിടിക്കാൻ ശ്രിച്ചെങ്കിലും വിജയ് ഓടുപൊളിച്ചു രക്ഷപ്പെട്ടു. സുഹൃത്ത് സുരേഷിനെ ചോദ്യം ചെയ്തെങ്കിലും കവർച്ചയിൽ ഇയാൾക്കു പങ്കില്ലെന്നു വ്യക്തമായി.